നഴ്സിനെ തടഞ്ഞു വച്ചു
വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ നഴ്സ് ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരിക്കുന്നു എന്നറിഞ്ഞ് കുടുംബാംഗങ്ങൾ ആശങ്കയിൽ. ജിദ്ദയിലെത്തിയ ശേഷം കാണാതായ ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചതായാണ് പുതിയ വിവരം.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി–ശെൽവി ദമ്പതിമാരുടെ മകളാണ് 32കാരിയായ ഫിലോമിന. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. അയ്യൻകൊല്ലി അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ വിശ്വാസികളാണ്.
40 ദിവസത്തെ വാർഷികാവധി കഴിഞ്ഞ് ഒക്ടോബർ 10 ശനിയാഴ്ചയാണ് ഫിലോമിന ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദ സന്ദേശമയച്ചിരുന്നു.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതെ തുടർന്ന് ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി.
റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്.
ഫിലോമിനയുടെ വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടിട്ടുണ്ട്. സാമൂഹികപ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്. സൗദിയിൽ നിരോധിച്ചിട്ടുള്ള ഏതെങ്കിലും മരുന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്നതാകാം പിടിയിലാകാൻ കാരണമായതെന്നാണ് മനസ്സിലാക്കുന്നത്. നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകൾക്കും സൗദിയിൽ നിരോധനമുണ്ട് എന്നറിയാതെ ആളുകൾ അവ കൈവശം വെക്കുന്നത് ഇത്തരം നടപടികൾക്ക് കാരണമാകാറുണ്ട്. നിലവിൽ ഫിലോമിനക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, അന്വേഷണം പൂർത്തിയായി ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞാൽ വിട്ടയയ്ക്കുമെന്നു അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

