ജയിൽ മോചിതനായി
ബീജിങ്: സിയോൺ ചർച്ചിന്റെ സ്ഥാപകനും പാസ്റ്ററുമായ എസ്രാ ജിൻ മിംഗ്രി ചൈനയിലെ ജയിലിൽ നിന്ന് മോചിതനായി. പ്രസിഡൻ്റ് ഷി ജിൻ പിങ്ങുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് ‘സീയോൻ ചർച്ച് ‘ പാസ്റ്റർ എസ്ര ജിൻ മിംഗ്രിയുടെ മോചനത്തിന് സാഹചര്യമൊരുങ്ങിയത്. ഉന്നതതല നയതന്ത്രത്തിന്റെ വിജയമായി ഈ സംഭവത്തെ വിശേഷിപ്പിക്കുന്നു. 2026 മെയ് മാസത്തിൽ ഡൊണാൾഡ് ട്രംപ് ബീജിംഗ് സന്ദർശന വേളയിൽ പാസ്റ്റർ ജിന്നിന്റെ തടവ് ശിക്ഷയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനോട് നേരിട്ട് ഉന്നയിച്ചതോടെ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടി. പാസ്റ്ററെ മോചിപ്പിക്കുന്ന കാര്യം ഉടൻ പരിഗണിക്കുമെന്ന് ഷി പറഞ്ഞതായി ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2007 ൽ സ്ഥാപിച്ച, ചൈനയിൽ ആയിരത്തിലധികം വിശ്വാസികളുള്ള വളർന്നുകൊണ്ടിരിക്കുന്ന സഭയാണ് സീയോൻ ചർച്ച്. രജിസ്റ്റർ ചെയ്യാത്ത ചൈനയിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് ഹൗസ് ചർച്ചുകളിൽ ഒന്നാണിത്. ബൈബിൾ പഠിപ്പിക്കലിനും ഭരണകൂടത്തിൻ്റെ കഠിനമായ നിയന്ത്രണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് പാസ്റ്റർ എസ്രാ ജിൻ സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
മത വിശ്വാസത്തെ ചെറുത്ത് കമ്മ്യൂണിസത്തോടു വിശ്വാസീയത ഉളവാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയ ഷി ജിൻ പിങ്ങിന്റെ ഭരണകൂടത്തിന് കീഴിൽ, ഇത്തരം സ്വതന്ത്ര സഭകൾ കടുത്ത അടിച്ചമർത്തലുകളാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് ചൈനീസ് അധികാരികൾ ക്രൈസ്തവ വിശ്വാസത്തിനെതിരായും രജിസ്റ്റർ ചെയ്യാത്ത ക്രൈസ്തവ സഭകൾക്കെതിരെയും വ്യാപകമായ കടുത്ത നടപടികൾക്കു നീക്കം നടത്തി 2025 ഒക്ടോബറിൽ പാസ്റ്റർ എസ്രാ ജിന്നിനെയും മറ്റ് 17 സഭാ നേതാക്കളെയും ഒന്നിലധികം നഗരങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത്. പതിറ്റാണ്ടുകളായി ഒരു സഭയ്‌ക്കെതിരെ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ നടപടികളിൽ ഒന്നായി ഇതിനെ വിലയിരുത്തുന്നു. ചൈനീസ് സർക്കാർ മതത്തെ കർശനമായി നിയന്ത്രിക്കുകയും നിരീശ്വരവാദത്തെ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഒൻപത് മാസത്തെ ജയിൽ വാസത്തിനു ശേഷം, ജൂലൈ 4 ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെത്തിയ പാസ്റ്റർ ജിൻ കുടുംബത്തോടൊപ്പം സുരക്ഷിതനാണ്. തന്റെ കൊച്ചുമകനെ ആദ്യമായി കണ്ടുമുട്ടിയ കാര്യം പറഞ്ഞുകൊണ്ട്, അദ്ദേഹത്തിന്റെ മകൾ ഗ്രേസ് ജിൻ ഡ്രെക്സൽ വൈകാരികമായി യുഎസ് കോൺഗ്രസിൽ പുനഃസമാഗമം പങ്കുവെച്ചു. അമേരിക്കയിൽ താമസിക്കുന്ന മകൾ വർഷങ്ങളായി അദ്ദേഹത്തെ കണ്ടിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനായി പരസ്യമായി വാദിക്കുകയും ചെയ്തിരുന്നു.

ചൈനീസ് ഭരണകൂടത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ മുമ്പും 2018 ൽ, ജിൻ തന്റെ കുടുംബത്തെ യുഎസിലേക്ക് മാറ്റിയിരുന്നുവെങ്കിലും പ്രതിസന്ധികൾ മനസ്സിലാക്കിക്കൊണ്ടുതന്നെ ചൈനയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. പാസ്റ്റർ ജിൻ ഇപ്പോൾ സ്വതന്ത്രനായെങ്കിലും നിരവധി സിയോൺ ചർച്ച് നേതാക്കൾ തടങ്കലിൽ തുടരുന്നതായി റിപ്പോർട്ടുണ്ട്.
https://share.google/z8iD6w9hhUPdRbPoz

