എഫ്.സി.ആർ.എ ഭേദഗതി: സന്നദ്ധസംഘടനകളുടെ ലൈസൻസ് റദ്ദാക്കാൻ സാധ്യതയേറുന്നു
ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തിൽ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്-FCRA) കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതിയിലെ വ്യവസ്ഥകൾ ദുരുപയോഗിച്ച് സന്നദ്ധസംഘടനകളുടെ ലൈസൻസ് റദ്ദാക്കാൻ സാധ്യതകളേറെ. വിദേശഫണ്ട് വാങ്ങുന്ന സംഘടനകൾക്ക് അനുവദനീയമായ 105 പ്രവൃത്തികളുടെ പട്ടികയിലാണ്, സർക്കാരിന് താത്പര്യമില്ലാത്ത സംഘടനകൾക്കെതിരേ ദുരുപയോഗംചെയ്തേക്കാവുന്ന വ്യവസ്ഥകളുള്ളത്.
ആദിവാസിമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാനും പുതിയ ചട്ടം സർക്കാരിനെ തുണയ്ക്കും. വിദേശഫണ്ട് വാങ്ങുന്നവർക്ക് മതവിദ്യാഭ്യാസം, ഭക്തിപ്രഭാഷണങ്ങൾ, ധ്യാനം തുടങ്ങിയവ അനുവദിക്കുമ്പോൾത്തന്നെ അവ മതപരിവർത്തനത്തിനുള്ള ശ്രമമാകരുതെന്ന് പുതിയ ചട്ടഭേദഗതിയിൽ പറയുന്നു.
‘റിലിജിയസ് കൺവേർഷൻ’ (മതപരിവർത്തനം) എന്നതിനുപകരം Proselytisation (പ്രോസ്‌ലിറ്റൈസേഷൻ-മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം) എന്ന വാക്കാണ് ചട്ടത്തിൽ ബോധപൂർവം ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഏതൊരു മത-സാംസ്കാരിക-സാമൂഹിക പരിപാടിയെയും മതപരിവർത്തനത്തിനുള്ള ശ്രമമാക്കി ആരോപിച്ച് വിദേശഫണ്ട് തടയാനും സംഘടനകളുടെ പ്രവർത്തനംതന്നെ പൂട്ടിക്കാനുമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശീയ, ഗോത്രവർഗങ്ങളുടെ വിശ്വാസാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാരീതികൾ എന്നിവ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യാമെങ്കിലും അത് മതപരിവർത്തനത്തിനുള്ള ശ്രമമാകരുതെന്നാണ് വ്യവസ്ഥ. ഇതുപയോഗിച്ച് ആദിവാസി-പിന്നാക്ക മേഖലകളിൽ സാമൂഹികപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ എഫ്.സി.ആർ.എ. ലൈസൻസ് റദ്ദാക്കുമോയെന്നും ആശങ്കയുയരുന്നുണ്ട്.
മതപരിവർത്തനശ്രമത്തെക്കുറിച്ച് പറയുന്നതിൽ അവ്യക്തതയുണ്ടെന്ന് സി.ബി.സി.ഐ.യും (കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ) ചൂണ്ടിക്കാട്ടി. പാവങ്ങളുടെ ഇടയിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരെ ലക്ഷ്യമിടാൻ ചട്ടം ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയും സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ബുധനാഴ്ച ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കുവെച്ചു.
പുതിയ ഭേദഗതിയനുസരിച്ച്, ഒരു സംഘടനയ്ക്കെതിരേ നടപടിയെടുക്കാൻ മതപരിവർത്തനം എന്ന പ്രവൃത്തി നടക്കണമെന്നില്ല, ശ്രമമുണ്ടെന്ന് പറഞ്ഞാൽത്തന്നെ മതിയാകും. തീരുമാനമെടുക്കുന്നവർക്ക് പരിമിതിയില്ലാത്ത അധികാരമാണ് മതപരിവർത്തനശ്രമം എന്ന വാക്കിലൂടെ ലഭിക്കുന്നത് – അഡോൾഫ് മാത്യു, സുപ്രീംകോടതി അഭിഭാഷകൻ.
ഭേദഗതിയിലൂടെ സെൻസറിങ് ?
വിദേശസംഭാവനച്ചട്ടം കേന്ദ്രസർക്കാർ കടുപ്പിച്ചതോടെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന്റെ നേരിട്ടുള്ള സെൻസറിങ്ങിനും അരങ്ങൊരുങ്ങുന്നു. സന്നദ്ധസ്ഥാപനമോ ഭാരവാഹികളോ ഒരുവർഷത്തിനുള്ളിൽ എന്തെങ്കിലും പ്രസിദ്ധീകരണം നടത്തിയെങ്കിൽ അറിയിക്കണമെന്നാണ് പുതിയ ചട്ടം.
പത്രമാസികകളിൽ ലേഖനമെഴുതിയിട്ടുണ്ടെങ്കിൽ അതും വാർഷിക റിട്ടേണിൽ വ്യക്തമാക്കണം. അതിന്റെ സാരാംശവും അറിയിക്കണം. സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഏതൊക്കെയെന്നും ഇനി കേന്ദ്രമന്ത്രാലയത്തെ അറിയിക്കണം. വാർത്തകളോ സമകാലീന സംഭവങ്ങളോ സംബന്ധിച്ച് ഉള്ളടക്കം നിർമിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ല. ഇതെല്ലാം സർക്കാരിന്റെ സെൻസറിങ് നടപടിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
നിലവിൽ എഫ്.സി.ആർ.എ. (വിദേശസംഭാവന നിയന്ത്രണ നിയമം) ലൈസൻസ് റദ്ദായവയ്ക്ക് ഇനി പുതുക്കിക്കിട്ടുമോയെന്നും ക്രൈസ്തവസഭകൾക്ക് ആശങ്കയുണ്ട്. എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കാൻ കഴിഞ്ഞ രണ്ടുസാമ്പത്തികവർഷത്തിൽ പത്തുലക്ഷം രൂപ വിദേശസഹായം ചെലവഴിച്ചിരിക്കണമെന്നാണ് പുതിയ ചട്ടം.
കേരള കത്തോലിക്ക സഭ മെത്രാൻസമിതിയുടെ ആസ്ഥാനമായ കൊച്ചി പാലാരിവട്ടത്തെ പി.ഒ.സി.യുടെ എഫ്.സി.ആർ.എ. രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ട് വർഷങ്ങളായി. തെക്കൻ ജില്ലകളിലെ രണ്ട് രൂപതകളുടെ ലൈസൻസും റദ്ദാക്കിയിരിക്കുകയാണ്. ഒരു രൂപതയുടെ ലൈസൻസ് പോയത് ഒരു സമരത്തിന് നേതൃത്വം നൽകിയതിനാണ്. ഒരെണ്ണം സാങ്കേതികതയുടെ പേരിലും.
ഒട്ടേറെ സന്ന്യാസ സഭകളുടെ ലൈസൻസും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ലൈസൻസ് പുതുക്കിക്കിട്ടാത്തതിൽ വിവിധ കേസുകൾ ഹൈക്കോടതിയിലുണ്ട്. അനുകൂല ഉത്തരവു ലഭിച്ച സന്നദ്ധ സംഘടനകൾക്കുപോലും മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പുതുക്കി നൽകാത്തതുമുണ്ട്.
വിദേശ സംഘടനകളിൽനിന്നോ വ്യക്തികളിൽനിന്നോ എന്താവശ്യത്തിനാണോ പണം സ്വീകരിക്കുന്നത് അതിനുമാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന ചട്ടം ഇപ്പോൾത്തന്നെയുണ്ട്. അത്തരം നിയന്ത്രണം കൊണ്ടുവരുന്നതിനോ കൂടുതൽ കടുപ്പിക്കുന്നതിനോ ക്രൈസ്തവസഭാകേന്ദ്രങ്ങൾ എതിരല്ല.
കേരളത്തിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ 60 ശതമാനത്തോളം ക്രൈസ്തവ സഭകളാണ്. എന്നാൽ, മതപരിവർത്തനംപോലെയുള്ള ആരോപണം ഉന്നയിച്ച് ആരുടെ ലൈസൻസ് തടയാനും ശിക്ഷാനടപടി സ്വീകരിക്കാനും കഴിയുംവിധത്തിലാണ് ചട്ടഭേദഗതിയെന്ന് അവർ കരുതുന്നു. ഇപ്പോൾത്തന്നെ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധനനിയമമുണ്ട്.
എഫ്.സി.ആർ.ഐ. നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരേ 28-ന് ദേശീയ പ്രാർഥനാദിനം ആചരിക്കാൻ സി.ബി.സി.ഐ. ആഹ്വാനം ചെയ്തിരിക്കേയാണ് ചട്ടം ഭേദഗതിചെയ്ത് സർക്കാർ വിജ്ഞാപനമിറക്കിയത്. ജനാധിപത്യവിരുദ്ധമായ ഒട്ടേറെ നിർദേശങ്ങളാണ് പുതുക്കിയ ചട്ടങ്ങളിലുള്ളതെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
എഫ്.സി.ആർ.എ. എന്നാൽ സാമൂഹികസേവനങ്ങൾക്കായി വിദേശഫണ്ട് സ്വീകരിക്കുന്നതിനു നിയന്ത്രണം വരുത്താൻ 1976-ൽ കൊണ്ടുവന്ന നിയമമാണിത് (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്-എഫ്.സി.ആർ.എ.). പിന്നീട് പലതവണ ഭേദഗതി വന്നു. എല്ലാവർഷവും ഓഡിറ്റ് ചെയ്ത കണക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നൽകണം.
അക്കൗണ്ടിലെ പണം സേവനപ്രവർത്തനങ്ങൾക്ക് മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറാൻ പാടില്ല. ഇത് കേരളത്തിലും പ്രവർത്തിക്കുന്ന, രാജ്യത്തെ പ്രമുഖ എൻ.ജി.ഒ.യെ ബാധിച്ചിട്ടുണ്ട്. ക്രമക്കേടുകളിൽ കേസെടുക്കാനുള്ള അധികാരം സി.ബി.ഐ.യ്ക്കാണ്.
മതപരമായ പ്രവർത്തനങ്ങൾ (16 പ്രവർത്തനങ്ങൾ)
മതപരിവർത്തനം ഒഴികെയുള്ള താഴെ പറയുന്ന പ്രവർത്തനങ്ങൾ അനുവദനീയമാണ്.
ക്ഷേത്രങ്ങൾ, മോസ്കുകൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളുടെ നിർമ്മാണം.
വിശുദ്ധ ലിഖിതങ്ങളുടെ സംരക്ഷണം, അച്ചടി, പരിഭാഷ, ഡിജിറ്റൈസേഷൻ.
മതപരമായ തത്വശാസ്ത്രം, ആശയങ്ങൾ, മതചരിത്രം എന്നിവയുടെ പഠനവും സംരക്ഷണവും.
തീർത്ഥാടന കേന്ദ്രങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.
ധർമ്മശാലകൾ, ലങ്കറുകൾ, അന്നദാനം, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയുടെ സ്ഥാപനം.
മതവിദ്യാഭ്യാസ പരിപാടികൾ, ധാർമ്മിക ഉപദേശങ്ങൾ, സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, ധ്യാനം എന്നിവ സംഘടിപ്പിക്കൽ.
ഭക്തിസംഗീതം, മന്ത്രോച്ചാരണം എന്നിവയുടെ പ്രോത്സാഹനം.
തദ്ദേശീയ-ആദിവാസി വിഭാഗങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ സംരക്ഷണം.
മതപരമായ പൈതൃക കേന്ദ്രങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം.
വിശ്വാസ സമൂഹങ്ങളുടെ പാരമ്പര്യ രീതികൾ, ഉത്സവങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണവും ഡിജിറ്റൈസേഷനും.
മതസൗഹാർദ സംഭാഷണങ്ങളും സമാധാനം ഉറപ്പാക്കാനുള്ള പരിപാടികളും.
മതപരമായ പ്രസിദ്ധീകരണങ്ങൾ, പത്രമാസികകൾ, ഗവേഷണം എന്നിവ.
മതപരമായ പുസ്തകശേഖരം, മ്യൂസിയം, ആർക്കൈവുകൾ എന്നിവ ഒരുക്കൽ.
വിശ്വാസത്തിലധിഷ്ഠിതമായ കൗൺസലിങ്, ലഹരിവിമുക്ത കേന്ദ്രങ്ങൾ.
പരമ്പരാഗതവും വിശുദ്ധവുമായ കരകൗശല കലകളിലെ പരിശീലനം (ഉദാ: പ്രതിമാ നിർമാണം).
മൃതദേഹ സംസ്കാരത്തിനുള്ള സ്ഥലങ്ങൾ വികസിപ്പിക്കൽ.
സാംസ്കാരിക പ്രവർത്തനങ്ങൾ (18 പ്രവർത്തനങ്ങൾ
പുരാവസ്തു പര്യവേഷണം, സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പുനരുദ്ധാരണം.
മ്യൂസിയങ്ങൾ, ആർക്കൈവുകൾ, ലൈബ്രറികൾ എന്നിവയുടെ സ്ഥാപനവും പരിപാലനവും.
നാടൻ കലകൾ, നാടോടി നൃത്തങ്ങൾ, പാവക്കൂത്ത് തുടങ്ങിയവയുടെ സംരക്ഷണം.
ശാസ്ത്രീയ കലാരൂപങ്ങൾക്ക് (ഭരതനാട്യം, കഥക്, സംഗീതം തുടങ്ങിയവ) പിന്തുണ നൽകൽ.
രാഷ്ട്രീയേതരമായ സമകാലിക കലകൾ, സിനിമ, ഡിസൈൻ എന്നിവയുടെ പ്രോത്സാഹനം.
കരകൗശല തൊഴിലാളികൾക്കുള്ള പരിശീലനവും ശേഷി വികസനവും.
മതപരമല്ലാത്ത താളിയോല ഗ്രന്ഥങ്ങളുടെയും അപൂർവ സാംസ്കാരിക വസ്തുക്കളുടെയും സംരക്ഷണം.
പ്രാദേശിക ഭാഷകൾ, ലിപികൾ എന്നിവയുടെ സംരക്ഷണവും വിവർത്തന പദ്ധതികളും.
സാഹിത്യ അക്കാദമികൾ സ്ഥാപിക്കൽ, എഴുത്തുകാർക്കുള്ള പിന്തുണ, പുസ്തകമേളകൾ.
ഗോത്രവർഗ്ഗ പൈതൃക സംരക്ഷണം (മതപരമായ ചടങ്ങുകൾ ഒഴിവാക്കി).
ദേശീയ-അന്തർദേശീയ സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കൽ.
കരകൗശല ഗ്രാമങ്ങൾ, പൈതൃക പര്യടന പാതകൾ എന്നിവ വികസിപ്പിക്കൽ.
പരമ്പരാഗത പാചകരീതികൾ, തനത് കായിക വിനോദങ്ങൾ എന്നിവയുടെ സംരക്ഷണം.
സാംസ്കാരിക നരവംശശാസ്ത്രം, നാടോടി പഠനങ്ങൾ എന്നിവയിലെ ഗവേഷണം.
സിനിമ, റേഡിയോ, നാടകം എന്നിവയുടെ ഡിജിറ്റൈസേഷൻ.
പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളുടെ (ഉദാ: ആയുർവേദം) രേഖപ്പെടുത്തൽ.