സെമിത്തേരിയും മിഷനറി പ്രവർത്തനവും വിലക്കി
മിഷനറി പ്രവർത്തനങ്ങൾക്കായി പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന ബോർഡും സ്ഥാപിച്ചു
സുഖ്മ/ഛത്തീസ്ഗഡ്:’ക്രിസ്ത്യാനികൾക്കും മതം മാറിയവർക്കും ഒരിഞ്ച് ഭൂമി പോലും നൽകില്ല’ എന്ന നിരോധനവുമായി ഛത്തീസ്ഗഡിലെ പഞ്ചായത്ത്.
സുഖ്മ ജില്ലയിലെ പുൻപള്ളി ഗ്രാമത്തിലാണ് പുതിയ നീക്കം. ‘ക്രിസ്ത്യാനികൾക്കും മതം മാറിയവർക്കും ഒരിഞ്ച് ഭൂമി പോലും നൽകില്ല’ എന്ന് ഒക്ടോബർ 2 ന് ഗ്രാമസഭ പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു. ക്രിസ്ത്യാനികൾക്കും മതം മാറിയവർക്കും അവരുടെ ശവസംസ്കാരത്തിനായി സമുദായ ഭൂമിയോ ഗ്രാമസഭയുടെ ഭൂമിയോ അനുവദിക്കുന്നത് നിരോധിച്ചുകൊണ്ടാണ് പ്രമേയം പാസ്സാക്കിയിരിക്കുന്നത്. മാത്രമല്ല മിഷനറി പ്രവർത്തനങ്ങൾക്കായി പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന ബോർഡും സ്ഥാപിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 244(1), അഞ്ചാം ഷെഡ്യൂൾ, 1996 ലെ പെസ (PESA-Provisions of the Panchayats Extension to the Scheduled Areas Act), 2022 ലെ ഭേദഗതി ചെയ്ത ഛത്തീസ്ഗഡ് പെസ നിയമം (ഗോത്ര പാരമ്പര്യങ്ങളുടെയും സാമൂഹിക പൈതൃകങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമം) എന്നിവ ഉദ്ധരിച്ചാണ് അധികൃതരുടെ വിശദീകരണം.
സുക്മ ജില്ലയിലെ കോണ്ട ജൻപഡ് പഞ്ചായത്തിലെ പുൻപള്ളി ഗ്രാമത്തിൽ മൊത്തം രണ്ടായിരത്തോളം വരുന്ന ജനസംഖ്യയിൽ 21 കുടുംബങ്ങളിലായി ഏകദേശം 75 ക്രൈസ്തവർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ ബന്ധുക്കൾ മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ 40 കിലോമീറ്റർ അകലെയുള്ള ജില്ലാ ആസ്ഥാനത്തേക്കോ 13 കി.മീ അകലെയുള്ള ദോർണപാൽ ഗ്രാമത്തിലേക്കോ കൊണ്ടുപോകണമെന്നാണു പഞ്ചായത്തിൻ്റെ തീരുമാനം. പഞ്ചായത്ത് തീരുമാനപ്രകാരം (പെസ) പാസാക്കിയ പ്രമേയങ്ങൾക്ക് നിയമസാധുത ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
പഞ്ചായത്തിൻ്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നു റൂറൽ ക്രിസ്ത്യൻ സർവീസ് പ്രസിഡൻ്റ് നുകേഷ് ബഗേൽ പറഞ്ഞു. പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ കടുത്ത ദുരിതവും ശവസംസ്കാരത്തിനായി ദീർഘദൂര യാത്രാ സാധ്യതയും നേരിടുന്നു. അതേസമയം ഈ നീക്കം മതസ്വാതന്ത്ര്യം ലംഘിക്കുന്നതാണെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. സമീപത്തുള്ള മറ്റ് ഗ്രാമങ്ങളിലും സമാനമായ പ്രാദേശിക നിയന്ത്രണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ വിലക്കുകൾക്കെതിരെ പരാതി കിട്ടിയാൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് സുഖ്മ ജില്ലാ പഞ്ചായത്ത് സി.ഇ.ഒ മുകുന്ദ് ഠാക്കൂർ പ്രതികരിച്ചു.

