പ്രാർത്ഥനാ യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ഉപവാസ പ്രാർത്ഥന ബത്തേരി സ്മിയാസ് കോളജ് ഹാളിൽ നടന്നു. പിപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജോസ് ശമുവേൽ രാജ് സ്വാഗതം പറഞ്ഞു. പാസ്റ്റർ സാം തോമസ് വചന സന്ദേശം നൽകി. നാം ഏതിൽ നിന്നും വീണിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് കുറവുകളും തെറ്റുകളും തിരുത്തി മാനസാന്തരപ്പെടുന്ന (വെളിപ്പാട് 2:5) അനുഭവം നമുക്കുണ്ടാകണമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ പറഞ്ഞു. പ്രയർ കോ-ഓർഡിനേറ്റർ പാസ്റ്റർ സി.വൈ. കുര്യാച്ചൻ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.
ഫെലോഷിപ്പിൽ അംഗത്വമുള്ള ദൈവദാസന്മാർ പ്രതിനിധീകരിക്കുന്ന സഭകളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 6 കുട്ടികൾക്ക് സ്നേഹോപഹാരമായി ക്യാഷ് അവാർഡും മെമൻ്റോയും നൽകി പിപിഎഫ് അനുമോദിക്കയും അവർക്കായി പാസ്റ്റർ രാജു ജോർജ് പ്രാർത്ഥിക്കുകയും ചെയ്തു. പാസ്റ്റർമാരും സുവിശേഷകരും അവരുടെ കുടുംബങ്ങളുമടക്കം 60-ലധികം പേർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോഖീം കോര നന്ദി പറഞ്ഞു. പാസ്റ്റർ ഏബ്രഹാം ദാനിയേൽ സമാപന പ്രാർത്ഥന നടത്തി.