ബത്തേരി പിപിഎഫ്

ബത്തേരി പിപിഎഫ്
തിരഞ്ഞെടുക്കപ്പെട്ട പി.പി.എഫ്  ഭാരവാഹികൾക്കുവേണ്ടി പാസ്റ്റർ കെ.കെ മാത്യു പ്രാർത്ഥിക്കുന്നു

വയനാട്: സുൽത്താൻ ബത്തേരിയുടെ സമീപ പ്രദേശങ്ങളിൽ കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർമാരുടെ സംയുക്ത വേദിയായ പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ  ഭരണസമിതിയിലേക്ക് മുൻ ഭാരവാഹികൾ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർമാരായ സാം തോമസ് (പ്രസിഡൻ്റ്), ജോസ് ശാമുവേൽ (വൈസ് പ്രസിഡൻ്റ്), കെ.എം സുരേഷ് (സെക്രട്ടറി), ജോഖീം കോര (ജോയിൻ്റ് സെക്രട്ടറി), വിൻസൻ്റ് ആൽബർട്ട് (ട്രഷറർ), സി.വൈ. കുര്യാച്ചൻ (പ്രയർ കോർഡിനേറ്റർ) എന്നിവർ രഹസ്യ ബാലറ്റിലൂടെയും പാസ്റ്റർമാരായ ജോസ് പി.എം, പി.എ തോമസ്, കെ.ജെ ഫ്രാൻസിസ് എന്നീ മുൻ കമ്മിറ്റിയംഗങ്ങൾ ഐക്യകണ്ഠേനയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. രക്ഷാധികാരികളായി പാസ്റ്റർമാരായ ഇ.വി. ജോൺ, ഏബ്രഹാം ദാനിയേൽ, മീഡിയാ കോ-ഓർഡിനേറ്ററായി പാസ്റ്റർ വർഗീസ് പി.ജോസഫ് എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പാസ്റ്റർ സാം തോമസിൻ്റെ അധ്യക്ഷതയിൽ കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ചിൽ ഇന്നു നടന്ന പി.പി.എഫ് ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പാസ്റ്റർ കെ.കെ മാത്യു വചനം പ്രസംഗിച്ചു. ദൈവ വേലയിലായിരിക്കുന്നവർ നല്ല സാക്ഷ്യവും മന:സാക്ഷിയുമുള്ള നല്ല ശുശ്രൂഷകനായിരിക്കണം. അലസതയും ഉദാസീനതയും ഇല്ലാതെ യുദ്ധ സേവ ചെയ്യുന്ന ക്രിസ്തുവിൻ്റെ നല്ല ഭടനായിരിക്കണം ഓരോ ശുശ്രൂഷകനുമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

പാസ്റ്റർ കെ.എം സുരേഷ് റിപ്പോർട്ടും പാസ്റ്റർ വിൻസൻ്റ് ആൽബർട്ട് കണക്കും അവതരിപ്പിച്ചു. പാസ്റ്റർ കെ.കെ മാത്യു തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നൽകി.

സുൽത്താൻ ബത്തേരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 50-ലധികം പെന്തക്കോസ്ത് സഭാ ശുശ്രൂഷകന്മാരുടെയും സുവിശേഷകന്മാരുടെയും സംയുക്ത വേദിയാണ് ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്. 2008-ൽ ഒഡീഷയിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രാർത്ഥിക്കുവാൻ ഒത്തുചേർന്ന ദൈവദാസന്മാരുടെ കൂട്ടായ്മയാണ് പി.പി.എഫിന് തുടക്കം കുറിച്ചത്.