ചൈനയിൽ വീണ്ടും വൈറസ് വ്യാപനം

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം! കോവിഡ് -19 ലോകമാകെ പടർന്നിട്ട് അഞ്ച് വര്‍ഷമാകുമ്പോഴാണ് ആശങ്കകളുയർത്തി ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് (Human Metapneumo virus HMPV) എന്ന പുതിയ വൈറസ് വ്യാപനത്തിൻ്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള വാർത്തകൾ. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകൾ. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞുവെന്നും, കോവിഡിനോട് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ചൈനയിലുള്ളതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും റിപ്പോർട്ടുകളുണ്ട്. മേൽപ്പറഞ്ഞ മൂന്നുതരം വൈറസുകളിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. പുതിയ വൈറസ് 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പടരാനാണ് കൂടുതൽ സാധ്യത. ചൈനയിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ HMPV കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചൈനയിൽ വൈറസ് പടരുന്ന സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു കേന്ദ്ര സർക്കാർ. നിലവിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും നാഷണൽ സെന്റർ ഫൊർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിച്ച് ആവശ്യമായ നടപടികളെടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് ഹെൽത്ത് സർവീസസ് ഡയറക്റ്റർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.
ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ കേരളത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.