കൂട്ട സ്നാനം

കൂട്ട സ്നാനം

പൈറേറ്റ്സ് കോവ് ബീച്ചിൽ നടന്ന കൂട്ട സ്നാനത്തിൽ പങ്കെടുത്തയാളെ സ്നാനപ്പെടുത്താൻ ഗ്രെഗ് ലോറി സഹായിക്കുന്നു

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ

കാലിഫോർണിയ ബീച്ചിൽ 4,500 പേർ സ്നാനമേറ്റു. പാസ്റ്റർ ഗ്രെഗ് ലോറി (Greg Laurie) യുടെയും ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും മേൽനോട്ടത്തിൽ നടന്ന ഒരു ഔട്ട്‌റീച്ച് പരിപാടിയോടനുബന്ധിച്ച് ദക്ഷിണ കാലിഫോർണിയ ബീച്ചിലാണു 4,500-ലധികം ആളുകൾ സ്നാനമേറ്റത്. ‘ജീസസ് റെവല്യൂഷൻ പൈറേറ്റ്സ് കോവ് ബീച്ച് ബാപ്റ്റിസം’ എന്നറിയപ്പെടുന്ന ഈ കൂട്ട സ്നാനം ജൂലൈ 8 ശനിയാഴ്ചയാണു നടന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനമായിരിക്കാം എന്ന് പാസ്റ്റർ ഗ്രെഗ് ലോറി പറഞ്ഞു. സ്നാനമേറ്റ ആയിരങ്ങളിൽ ഒരാൾ ലോറിയുടെ ചെറുമകൾ സ്റ്റെല്ലയും ഉൾപ്പെടുന്നു. ഏകദേശം 20,000 പേർ പങ്കെടുത്തു. 1970-കളിൽ പൈറേറ്റ്സ് കോവിൽ നടന്ന വലിയ മാമോദീസ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനം എന്നാണ് ലോറി ഈ കൂട്ട സ്നാനത്തെ വിശേഷിപ്പിച്ചത്. ഈയിടെ പുറത്തിറങ്ങിയ ‘ജീസസ് റെവല്യൂഷൻ’ എന്ന സിനിമ ആളുകളെ ശരിക്കും സ്വാധീനിച്ചുവെന്നും അതിനു ശേഷം നിരവധി പേർ ക്രിസ്തുവിലേക്ക് വന്നിട്ടുണ്ടെന്നും സിനിമയിലെ മാമോദീസ രംഗങ്ങൾ കണ്ട് ആവേശഭരിതരായ അവർ ജീവിതത്തിലും അതേ ചുവടുവെപ്പ് നടത്താൻ തീരുമാനിച്ചു എന്നും തന്റെയും അതുപോലെ മറ്റ് പലരുടെയും യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ എന്നുമാണ് ലോറി വിശദീകരിക്കുന്നത്.85 വയസ്സുള്ള ഒരു മനുഷ്യൻ സിനിമ കണ്ടു, ക്രിസ്തുവിനെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചു, സിനിമ ചിത്രീകരിച്ച അതേ സ്ഥലത്തു തന്നെ സ്നാനമേൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു-ലോറി പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഹോണ്ട സെന്ററിൽ നടന്ന സോകാൽ ഹാർവെസ്റ്റിൽ 3,000-ത്തിലധികം ആളുകൾ ക്രിസ്തുവിനെ വിശ്വാസത്തിൽ അനുഗമിക്കുന്നതിനായി തീരുമാനമെടുത്തു എന്നും ഞങ്ങൾ അവരെയെല്ലാം ഈ സ്നാനത്തിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്നാനമേൽക്കാനുള്ള ആളുകളുടെ നിര അര മൈൽ നീളമുള്ളതായിരുന്നു, ആളുകൾ 2 മണിക്കൂറിലേറെ സമയം ക്ഷമയോടെ കാത്തു നിന്നു; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനമായിരിക്കാം-ലോറി തുടർന്നു. മാമ്മോദീസയ്‌ക്കായി ഇത്തരത്തിൽ ഒരു ജനക്കൂട്ടത്തെ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല, പെന്തക്കോസ്ത് സമ്മേളനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഒരാളായ പാസ്റ്റർ മാർക്ക് ഫ്രാൻസി ‘ക്രിസ്റ്റ്യൻ പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൈറേറ്റ്സ് കോവിൽ നടക്കുന്ന ആദ്യത്തെ കൂട്ട സ്നാനമല്ലിത്. കഴിഞ്ഞ മെയ് മാസത്തിലും സഭാചരിത്ര പ്രാധാന്യമുള്ള പെന്തക്കോസ്ത് ഞായറാഴ്ച (മെയ് 28) 4,100 പേരെ സ്നാനപ്പെടുത്താൻ നൂറുകണക്കിന് സഭകളാണു അന്ന് ഒത്തുചേർന്നത്. ജീസസ് മൂവ്മെന്റ് സഭയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ചർച്ച് ബാപ്റ്റെസ് സോകാലാണ് സ്നാനശുശ്രൂഷ സംഘടിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ സ്നാനം എന്നാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത്. 280 സഭകളും എണ്ണായിരത്തോളം വിശ്വാസികളും ഈ ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ചു. നാലായിരത്തിൽ പരം ആളുകൾ ക്രിസ്തുവിനെ പിന്തുടരുവാൻ ജീവിതം സമർപ്പിച്ചത് അനുഗ്രഹീത അനുഭവമായിരുന്നു എന്ന് വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിന്റെ പാസ്റ്റർ റേ ജീൻ വിൽസൺ പറഞ്ഞു.