വേറിട്ടൊരു കൺവെൻഷൻ സീസണും കൂടെ ആഗതമായി.

വേറിട്ടൊരു കൺവെൻഷൻ സീസണും കൂടെ ആഗതമായി.

കേരളക്കരയിൽ ഡിസംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ജനറൽ കൺവെൻഷനുകൾ ഓരോ സഭാ വിഭാഗങ്ങളുടേയും ആവേശവും ഒത്തുചേരലുമാണ്. എന്നാൽ കോവിഡ് മനുഷ്യന്റെ ഇഷ്ടാനുഷ്ടാനങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും കൺവെൻഷനുകൾ നടത്താൻ ഒരുങ്ങുകയാണ് വിവിധ സഭാ നേതൃത്വങ്ങൾ. ഇപ്രാവശ്യം പെന്തെകോസ്തു സമൂഹം ഇത്തരത്തിലുള്ള ബദൽ സംവിധാനങ്ങളിലൂടെ സമ്മേളനങ്ങൾ വീക്ഷിച്ച് സമാധാനപ്പെടേണ്ടിവരും.

എല്ലാ വർഷവും ലക്ഷങ്ങൾ സംഗമിക്കുന്ന കുമ്പനാട് കൺവൻഷൻ ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കും. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ചു നടക്കുന്ന ഐ.പി.സി അന്തർദേശീയ സമ്മേളനം തത്സമയം സംപ്രേഷണം നടത്താനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഈ പ്രാവശ്യം വിശ്വാസി സമൂഹം ദൃശ്യ മാധ്യങ്ങൾ വീക്ഷിച്ചു സംതൃപ്തി അണയേണ്ടി വരും. .

ശാരോൻ ഫെല്ലോഷിപ്പ് സഭാ ജനറൽ കൺവെൻഷനും ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ നടത്താനാണ് നേതൃത്വം ആലോചിച്ചുവരുന്നത്. ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റും ഇപ്രകാരം തങ്ങളുടെ സമ്മേളനം നടത്താൻ ശ്രമിക്കുന്നതായി അറിയുന്നു. കൂടാതെ അസംബ്ലീസ് ഓഫ് ഗോഡ് നേതൃത്വവും മറ്റിതര വലുതും ചെറുതുമായ പെന്തക്കോസ്തു സംഘടനകളും വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തങ്ങളുടെ വാർഷിക സമ്മേളനങ്ങൾ മുടക്കം കൂടാതെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതായി അറിയുന്നു. കേരളത്തിലെ പ്രമുഖ കൺവെൻഷനുകളൊന്നായ ഭാരതപ്പുഴ കൺവെൻഷനും ഈ പാത പിന്തുടരാൻ തീരുമാനിച്ചു. നിലവിൽ വിവിധ റീജിയൻ/സ്റ്റേറ്റുകളും, സെന്ററുകളും, സഭകളും, വിവിധ പുത്രിക സംഘടനകളും, ഫെല്ലോഷിപ്പുകളും തങ്ങളുടെ സമ്മേളനങ്ങൾ കോൺഫറൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ലൈവ് ടെലികാസ്റ്റിംഗ് നടത്തിയും ആർക്കും എവിടെ നിന്നും വീക്ഷിക്കാൻ അവസരമൊരുക്കുന്നുണ്ട്.

വാർഷിക ഒത്തുചേരലുകൾ, ആത്മീയ അനുഗ്രഹം പ്രദാനം ചെയ്യുന്നതൊനോടൊപ്പം പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും, ശുശ്രൂഷ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കുന്നതുൾപ്പെടെ നിരവധി സാദ്ധ്യതകൾ നല്കുന്ന കൂടിച്ചേരലുകളാണ്. ഈ വർഷം അത്തരത്തിൽ ഒരു അവസരം ലഭിക്കില്ല എന്ന നിരാശയും ശുശ്രൂഷകന്മാർക്കും ജനങ്ങൾക്കുമുണ്ട്.