വചന ചിന്ത

വചന ചിന്ത

മ്മുടെ ദൈവം ഊഹാപോഹങ്ങളുടെയും
അവ്യക്തതകളുടെയും ദൈവമല്ല.
അക്കാരണത്താല്‍ തന്നെ ദൈവം
കേള്‍പ്പിക്കുന്ന അരുളപ്പാടുകളും
കൃത്യതയാര്‍ന്നതായിരിക്കും! പൊതുവിടങ്ങളില്‍ അറിയപ്പെടാതിരുന്ന ദമസ്ക്കൊസിലെ ശിഷ്യനായ
അനന്യാസിനോടായി ദൈവം; നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ യൂദായുടെ വീട്ടില്‍ പാര്‍ക്കുന്ന ശൌലിനെ തേടി പുറപ്പെടുക…(അപ്പോ.9 :10). അനന്യാസ് എഴുന്നേറ്റു, ആരോടും വഴി ചോദിക്കാതെ എങ്ങും അലയാതെ സന്ദേഹരഹിതമായ
സഞ്ചാരം! ഒടുവില്‍ നേര്‍വീഥി എന്ന
തെരുവില്‍ യൂദായുടെ വീട് കണ്ടെത്തി
ശൌലിനെ കണ്ടു!! നേര്‍വീഥി എന്ന തെരുവ്, യൂദായുടെ വീട്, തര്‍സൊസുകാരന്‍ ശൌല്‍…എത്ര
കൃത്യമാണ്!! കേട്ട ദൈവശബ്ദത്തിന്റെ
വ്യക്തതയ്ക്ക് വേണ്ടി തിരിച്ചൊരു ചോദ്യം അനന്യാസിനു ചോദിക്കേണ്ട കാര്യമില്ലാതെ കൃത്യത സമ്പന്ധിച്ചു പഴുതടച്ച ശബ്ദം!! കേള്‍ക്കുന്ന ദൈവശബ്ദം കൃത്യമായതാണെങ്കില്‍ വഴിതെറ്റാതെ
ശൌലിന്റെ അടുക്കല്‍ എത്താം. നേര്‍വീഥി എന്ന തെരുവില്‍ എത്തി ശൌല്‍ പാര്‍ക്കുന്ന വീടുതേടി അലയേണ്ടിവരുന്നത് ദൈവീക
അരുളപ്പാടുകളിലെ അവ്യക്തതകള്‍
കാരണമാണ്!! ദൈവീക അരുളപ്പാടുകള്‍ ആരെയും ആശയക്കുഴപ്പത്തില്‍ ആക്കുന്നില്ല…അതിനപവാദമായി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ കേട്ട
ശബ്ദങ്ങളുടെ ഉറവിടങ്ങള്‍ വിധി വിധേയമാക്കേണ്ടതുണ്ട്!! വഴിതെറ്റിപ്പോയി എന്നുപറഞ്ഞു, സഞ്ചരിച്ച വഴിയിലൂടെ ഒരു തിരിച്ചൊരു യാത്രയ്ക്ക് ഇടംകൊടുക്കാതെ നമ്മെ കൃത്യമായി മുന്നിലേക്ക് നയിക്കുന്നതായിരിക്കും
ദൈവീക ദര്‍ശനങ്ങളും ദൈവശബ്ദങ്ങളും! തര്‍സൊസുകാരനെ തേടിയിറങ്ങിയ പല
അനന്യാസുമാരും ഇന്നും അവനെ
കണ്ടെത്തുവാന്‍ കഴിയാതെ ഏതൊക്കെയോ തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിന്റെ കാരണം ദൈവം സംസാരിച്ചു എന്ന് പറഞ്ഞു നിന്നെ കേള്‍പ്പിച്ച
വാക്കുകളില്‍ കുടുങ്ങിപോയതു നിമിത്തമാണ്!! അനന്യാസ് എന്ന ക്രിസ്തുശിഷ്യന്‍ രൂപപ്പെടുത്തിയെടുത്ത കെട്ടുറപ്പുള്ള ദൈവബന്ധം ആ ദൈവമനുഷ്യന്റെ കാതുകളെ തെറ്റിപ്പോകാത്ത
ദൈവശബ്ദങ്ങളുടെ കേള്‍വിക്കായി
പാകപ്പെടുത്തി. ഇടനിലക്കാരന്റെ
ഇടപെടലുകള്‍ ഇല്ലാതെ ‘അനന്യാസേ’ എന്നു നേരിട്ടുവിളിച്ചു ദൈവശബ്ദം കൈമാറുന്ന ഇരുത്തം വന്ന ശിഷ്യത്വം ആ ദമസ്ക്കൊസുകാരന്‍ സൃഷ്ടിച്ചെടുത്തു!! കേള്‍ക്കുന്നത് ദൈവശബ്ദമാണ് എന്ന് ഉറപ്പുവരുത്തുക…കാണുന്നത് ദൈവീക
ദര്‍ശനമാണ് എന്ന് ഉറപ്പുവരുത്തുക…
എങ്കില്‍ നേര്‍വീഥി എന്ന തെരുവില്‍
പാര്‍ക്കുന്ന യൂദായുടെ വീട്ടില്‍ തര്‍സൊസുകാരന്‍ ശൌലിനെ നീ കാണും, അവന്റെമേല്‍ കൈവയ്ക്കും, അവനായി പ്രാര്‍ഥിക്കും, അവന്‍ കാഴ്ച്ചപ്രാപിച്ചു പുറത്തിറങ്ങും!! പത്രോസിനോടും പൌലോസിനോടും
യോഹന്നാനോടും മാത്രമല്ല അനന്യാസേ,
നിന്നെയും വിളിച്ചു അവിടുന്ന് സംസാരിക്കും…ദമസ്ക്കൊസില്‍ തുടരുക…പ്രാര്‍ത്ഥനയില്‍
കാത്തിരിക്കുക…ദൈവബന്ധം
വര്‍ദ്ധിപ്പിക്കുക…ചെവികളെ
തുറന്നുപിടിക്കുക…നീയും വിളികേള്‍ക്കും, അനന്യാസേ..!!