ഉപദേശ സംരക്ഷണം
സോഷ്യൽ മീഡിയയുടെ സ്വാധീനം വളരെ വർധിച്ച ഈ കാലയളവിൽ ദുരുപദേശങ്ങളുടെ കടന്നാക്രമണവും ശക്തമായിട്ടുണ്ട്. അത് വചനാടിസ്ഥാനത്തിലുള്ള ദൈവ സഭയുടെ വളർച്ചയെയും നിലനിൽപ്പിനെയും സാരമായി ബാധിച്ചിട്ടുള്ളത് തികച്ചും ഗൗരവമായി കാണേണ്ടതാണ്. ദുരുപദേശ കടന്നുകയറ്റം ബാബേലിൽ (കുഴച്ചിൽ) സാത്താൻ ചെയ്ത പ്രവർത്തിയുടെ തുടർച്ചയാണ്. അനേക വിശ്വാസികൾ ഇന്ന് ബാബേലിൻ്റെ-കുഴച്ചിലിൻ്റെ അനുഭവത്തിലാണ്. പ്രത്യേകിച്ച് നമ്മുടെ യുവതലമുറയിൽ ചിലരെങ്കിലും.
25-ൽ പരം വർഷങ്ങൾക്കു മുമ്പ് പെന്തക്കോസ്ത് കൈരളിക്ക് വളരെ സുപരിചിതരും വചന പണ്ഡിതരുമായ ഡോ. എം. സ്റ്റീഫൻ, റവ. ഡോ. പി.യു പോൾസൺ, റവ. റ്റി.റ്റി. സൈമൺ, റവ.ഡോ. റ്റി.പി. വർഗീസ്, റവ. കെ.പി മാത്യു, റവ. ഇമ്മാനുവേൽ പി.ജി, റവ. വി. ജെ സാംകുട്ടി, റവ. കെ.ജെ മാത്യു, റവ. ഡോ. കെ.സി ജോൺ എന്നീ ദൈവദാസന്മാർ ചേർന്ന് ‘പെന്തക്കോസ്ത് ദൈവശാസ്ത്രം’ എന്ന ഒരു പുസ്തകം പ്രകാശനം ചെയ്തു. അത് ദൈവ വചനാടിസ്ഥാനത്തിലുള്ള സഭയുടെ വ്യക്തവും വിശദവുമായ ഉപദേശങ്ങളാണ്.
പുസ്തക വായന വളരെ വിരളമായ ഇക്കാലത്ത് ആ അമൂല്യ ഗ്രന്ഥത്തിൻ്റെ പ്രാധാന്യം അനേകരുടെ ഹൃദയങ്ങളിൽ എത്താതെ പോകുന്നത് ഖേദകരമാണ്. പെന്തക്കോസ്ത് സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ദൈവവചന പഥ്യോപദേശങ്ങൾ സംരക്ഷിക്കുന്ന കാവൽ ഭടന്മാരാകണം നാം ഓരോരുത്തരും.
തിരുവചന സത്യങ്ങളുടെ നിജസ്ഥിതി ജനങ്ങളിൽ എത്തിക്കുവാനും ദുരുപദേശങ്ങളെ ചെറുക്കുവാനുമായി കർത്തൃദാസന്മാരടങ്ങുന്ന ഒരു വിശാലമായ ‘തിരുവചന ഉപദേശ സമിതി’ രൂപപ്പെടുത്തേണ്ടതുണ്ട്. ദുരുപദേശങ്ങൾ കേട്ട് സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുന്നവരെ ഉപദേശത്തിൽ ഉറപ്പിക്കുവാനും സംശയ നിവാരണം നടത്തുവാനും ആ സമിതിക്ക് കഴിയും. അത് ഈ കാലഘട്ടത്തിന് അത്യന്ത്യാപേക്ഷിതമാണ്. അപ്പോ. പ്രവർത്തി 20:28-30.

