ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഐക്യ കൺവൻഷനു വേണ്ടി 75-ാമത് കരിയംപ്ലാവ് കൺവൻഷൻ തീയതി പുന:ക്രമീകരിച്ചു

തിരുവല്ല: 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഐക്യ പെന്തക്കോസ്ത് കൺവൻഷൻ (ഉണർവ്-2024) നടക്കും. കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗം കുറ്റപ്പുഴ എ. ജി ചർച്ചിൽ പാസ്റ്റർ ഒ. എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഐക്യ പെന്തക്കോസ്ത് കൺവൻഷനും പ്രസിദ്ധമായ കരിയംപ്ലാവ് കൺവൻഷനും (ഡബ്ല്യു.എം.ഇ ദേശീയ കൺവൻഷൻ) ഒരേ തീയതിയിൽ വന്നതിനാൽ ദൈവജനത്തിന്റെ ഐക്യതക്കു മുൻ‌തൂക്കം കൊടുത്തുകൊണ്ട്, ഐക്യ കൺവൻഷനു പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ജനുവരി 15 മുതൽ 21 വരെ പ്ലാറ്റിനം ജൂബിലി നിറവിൽ കരിയംപ്ലാവ് കൺവൻഷൻ നടത്താൻ തീരുമാനിച്ചതായി ഡബ്ല്യു.എം.ഇ ജനറൽ പ്രസിഡന്റ് റവ. ഒ.എം.രാജുക്കുട്ടി അറിയിച്ചു. ഐക്യത മനുഷ്യന് സൃഷ്ടിപ്പാൻ കഴിയില്ല; അതു ദൈവത്തിന്റെ സമയത്തു സംഭവിക്കുന്നതാണ്. ഇത് ദൈവത്തിന്റെ സമയമാണ്. പാസ്റ്റർ ജേക്കബ് ജോണിന് ദൈവം നൽകിയ ആത്മഭാരം ഐക്യത സംഭവിക്കുന്നതിനു ദൈവം നിർണയിച്ച സമയമാണെന്ന് തിരിച്ചറിഞ്ഞു നാം ഒറ്റക്കെട്ടായി അത് ഏറ്റെടുക്കണമെന്ന് പാസ്റ്റർ ഒ. എം. രാജുക്കുട്ടി ആഹ്വാനം ചെയ്തു. 101 അംഗ കൺവൻഷൻ കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു. പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർമാരായ ഷിബു നെടുവേലിൽ, എൻ.സി ജോസഫ്, കെ.സി. സണ്ണിക്കുട്ടി, സുനിൽ വേട്ടമല, കെ. എ ഉമ്മൻ, ടി. വി പോത്തൻ, ലിജോ ജോസഫ്, പാസ്റ്റർ കെ. ബെന്നി, പാസ്റ്റർ കെ. ജെ ജെയിംസ്, റോയി പൂവക്കാല, മാത്യു ബെന്നി, സി. കെ രാജു, ബ്രദർ ജി.കുഞ്ഞച്ചൻ, ബ്രദർ ജോയി താനവേലിൽ, ബ്രദർ പി.വി. മാത്യു, അഡ്വ. ശ്യാം കുരുവിള, ബാബു പറയത്തുകാട്ടിൽ, സി. പി മോനായി തുടങ്ങിയവർ ആശംസാ സന്ദേശങ്ങൾ നൽകി. കൺവെൻഷനു വേണ്ടിയുള്ള പ്രമോഷണൽ മീറ്റിങ്ങുകളും, പ്രാർത്ഥനകളും കേരളത്തിലെ 14 ജില്ലകളിലും നടത്തുവാനും തീരുമാനിച്ചു. ഗ്ലാഡ്സൺ ജേക്കബ് സ്വാഗതവും എ.ജി തിരുവല്ല പ്രസ്ബിറ്റർ പാസ്റ്റർ കെ. എസ് സാമുവൽ കൃതജ്ഞതയും പറഞ്ഞു.