ചാർലി കിർക്കിന് അമേരിക്കയുടെ ആദരം

ചാർലി കിർക്കിന് അമേരിക്കയുടെ ആദരം

വാഷിങ്ടൺ: വെടിയേറ്റു മരിച്ച ആക്ടിവിസ്റ്റും, വിപ്ലവകാരിയുമായ ചാർലി കിർക്കിന്, അമേരിക്കയുടെ ആദരം. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം-അവാർഡ് ചൊവ്വാഴ്ച കിർക്കിന് സമ്മാനിച്ചു.

അടുത്ത തലമുറയെ, ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സ്വാധീനിച്ച, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ നിർഭയനായ ഒരു പോരാളിയും നേതാവും ആയിരുന്നു ചാർലി കിർക്ക് എന്ന് റോസ് ഗാർഡനിൽ നടന്ന പരിപാടിയിൽ ട്രംപ് അനുസ്മരിച്ചു.

അവാർഡ് ഏറ്റുവാങ്ങാൻ നിറ കണ്ണുകളോടെ വേദിയിലെത്തിയ കിർക്കിൻ്റെ വിധവ എറിക്കാ കിർക്കിന് അവാർഡ് കൈമാറിയ ട്രംപ്, 31 വയസ്സുള്ള ചാർലി കിർക്  എന്ന യാഥാസ്ഥിതികനെ സോക്രട്ടീസ്, സെന്റ് പീറ്റർ, എബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ് എന്നിവരുമായി താരതമ്യം ചെയ്താണ് ട്രംപ് സംസാരിച്ചത്.

ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനായ കിർക്ക് കഴിഞ്ഞ സെപ്റ്റംബർ 10 നാണ് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റു മരിച്ചത്. കിർക്കിന്റെ 32-ാം ജന്മദിനമായ 2025 ഒക്ടോബർ 14 ‘ചാർലി കിർക്-ദേശീയ അനുസ്മരണ ദിനം’ ആയി ആചരിക്കുമെന്ന ഒരു പ്രഖ്യാപനത്തിലും മിസ്റ്റർ ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ചു.   സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷി ആയി കിർക്കിനെ യുഎസ് ആദരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.