യേശുക്രിസ്തുവിന്റെ മടങ്ങി വരവ് ആസന്നം : ഫ്രാങ്ക്‌ലിൻ ഗ്രഹാം

യേശുക്രിസ്തുവിന്റെ മടങ്ങി വരവ് ആസന്നം : ഫ്രാങ്ക്‌ലിൻ ഗ്രഹാം

ലോകം ക്രിസ്തുവിന്റെ തിരിച്ചുവരവിലേക്ക് അടുക്കുകയാണെന്നും യേശുക്രിസ്തുവിന്റെ മടങ്ങി വരവ് ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്നും പ്രശസ്ത അമേരിക്കൻ സുവിശേഷകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡൻ്റുമായ ഫ്രാങ്ക്ലിൻ ഗ്രഹാം.

ലോകമെമ്പാടുമുള്ള വിശ്വാസികൾ യേശുക്രിസ്തുവിന്റെ തിരിച്ചുവരവിനായി തങ്ങളെ തന്നെ ഒരുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കൻ ടെലിവിഷൻ അവതാരകനും രാഷ്ട്രീയ നിരൂപകനുമായ ഷോൺ പാട്രിക് ഹാനിറ്റി (Sean Hannity) നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് (Hang Out with Sean Hannity-പോഡ് കാസ്റ്റ്) ലോകപ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാമിൻ്റെ മകനുമായ ഫ്രാങ്ക്ലിൻ ഗ്രഹാം തൻ്റെ വിശ്വാസവും പ്രത്യാശയും പങ്കുവച്ചത്.

യേശുക്രിസ്തു മടങ്ങി വരുന്ന സമയം ആർക്കും കൃത്യമായി അറിയില്ലെങ്കിലും ദൈവജനം ആത്മീയമായി ഏത് സമയത്തും ഒരുങ്ങിയിരിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗ്രഹാം ഊന്നിപ്പറഞ്ഞു.

ലോകം ക്രിസ്തുവിന്റെ തിരിച്ചുവരവിലേക്ക് അടുക്കുകയാണെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം ഷോൺ ഹാനിറ്റിയോട് പറഞ്ഞു. കൃത്രിമബുദ്ധി (നിർമ്മിത ബുദ്ധി-AI), മറ്റ് ഡിജിറ്റൽ സാങ്കേതിക വിദ്യ, ആഗോളവൽക്കരണം തുടങ്ങിയ ശാസ്ത്ര-സാങ്കേതിക ആധുനിക സംഭവ വികാസങ്ങൾ ക്രിസ്തുവിൻ്റെ മടങ്ങിവരവിൻ്റെ ലക്ഷണങ്ങളാകാമെന്ന് ഹാനിറ്റിയുമായുള്ള സുദീർഘമായ സംഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല പ്രവൃത്തികൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ ആളുകളെ രക്ഷിക്കാൻ കഴിയില്ല; ദൈവത്തിനു മാത്രമേ മനുഷ്യഹൃദയത്തെ തിരിച്ചുവിടാൻ കഴിയൂ. ഞാൻ ഒരു പാപിയാണ്, പക്ഷേ ക്രിസ്തു എൻ്റെ പാപത്തെ ക്ഷമിച്ചു-അദ്ദേഹം പറഞ്ഞു.

കൃത്രിമ ബുദ്ധിയെ (AI) ആത്മീയ വീക്ഷണകോണിലൂടെ വിലയിരുത്തുന്ന ഗ്രഹാം അതിനെ വെറുമൊരു സാങ്കേതിക മുന്നേറ്റമായി മാത്രമല്ല, മറിച്ച് ബൈബിളിലെ അന്ത്യകാല പ്രവചനങ്ങളുമായി ബന്ധപ്പെട്ട ഒരു ലക്ഷണമായി അദ്ദേഹം തൻ്റെ ചിന്ത പങ്കുവയ്ക്കുന്നു.

അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന നിരീക്ഷണങ്ങൾ 

ഭാവിയിൽ വരാനിരിക്കുന്ന  ‘ഏകലോക വ്യവസ്ഥയുടെ’ (One-world system) ആഗോള നിയന്ത്രണം AI-ലൂടെ ആയിരിക്കും. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ‘മൃഗത്തിന്റെ അടയാളം’ (Mark of the beast) പോലെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ആധുനിക സാങ്കേതിക വിദ്യയും കമ്പ്യൂട്ടർ സംവിധാനങ്ങളും ഇന്ന് സഹായകരമാണ്.

ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും നിയന്ത്രിക്കാൻ AI-ക്ക് സാധിക്കുമെന്നതിലൂടെ, ഈ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള അത്യന്തം അപകടകരമായ സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഏകലോക വ്യവസ്ഥിതി ഉണ്ടാകാൻ പോകുന്നു. എതിർക്രിസ്തു ഉണ്ടാകും. ആഗോള സാമ്പത്തിക നിയന്ത്രണങ്ങൾ നടപ്പിലാകാൻ ആധുനിക സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് ബൈബിളിൽ പരാമർശിക്കുന്ന മൃഗത്തിന്റെ അടയാളവുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. ഇത് ഒരു ഏകലോക വ്യവസ്ഥിതി ഉണ്ടാകാൻ പോകുന്നതിൻ്റെ സൂചനയാണ്.

സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും യാഥാർത്ഥ്യം, ആഗോളവൽക്കരണം, AI മുന്നറിയിപ്പുകൾ, എന്തുകൊണ്ട് ക്രിസ്തുവിലൂടെ മാത്രമേ യഥാർത്ഥ സമാധാനം കണ്ടെത്താൻ കഴിയൂ തുടങ്ങിയ സാംസ്കാരികവും ആത്മീയവുമായ വിഷയങ്ങൾ ഇന്ന് ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

യേശു ക്രിസ്തു വരുവാൻ സമയം അടുത്തിരിക്കുന്നു എന്നാവർത്തിച്ച അദ്ദേഹം സകല മനുഷ്യരും തങ്ങളുടെ ഹൃദയങ്ങളെയും ജീവിതത്തെയും പരിശോധിച്ച് മാനസാന്തരപ്പെട്ട് ക്രിസ്തുവിങ്കലേക്കു തിരിയുവാൻ ആഹ്വാനം ചെയ്തു.

സാങ്കേതിക വിദ്യ എത്ര തന്നെ വികാസം പ്രാപിച്ചാലും, മനുഷ്യന്റെ അന്തിമമായ ആശ്രയം യേശുക്രിസ്തുവിൽ മാത്രമായിരിക്കണം. ഭയപ്പെടേണ്ട സാഹചര്യങ്ങൾ ലോകത്തുണ്ടെങ്കിലും, വിശ്വാസികൾ പ്രാർത്ഥനയിലും ദൈവവചനത്തിലും ഉറച്ചുനിൽക്കണം.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം, പട്ടിണി എന്നിവ നേരിടുന്ന രാജ്യങ്ങളിൽ ക്രിസ്തീയ സേവനത്തിൻ്റെ ഭാഗമായി അടിയന്തര സഹായം എത്തിക്കുന്ന ‘സമരിറ്റൻസ് പേഴ്‌സ് ‘ (Samaritan’s Purse) എന്ന അന്താരാഷ്ട്ര ക്രിസ്ത്യൻ ദുരിതാശ്വാസ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ഫ്രാങ്ക്ലിൻ വിശദീകരിച്ചു. സംഘടനയുടെ സിഇഒ-യുമാണ് അദ്ദേഹം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അഭിമുഖത്തിൻ്റ വീഡിയോ കാണാം👇

https://youtu.be/0z3JQlf9XBQ?si=bGYSECg_oER48qhD