മതപരിവർത്തനത്തിനെതിരായ നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും

മതപരിവർത്തനത്തിനെതിരായ നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും

മതപരിവർത്തനം നിയന്ത്രിക്കുന്ന വിവാദ നിയമങ്ങൾ ചോദ്യം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ ഏകീകരിച്ച് പരിശോധിക്കാൻ സുപ്രീം കോടതി

രാജ്യവ്യാപക നിയമത്തിന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളി

ന്യൂഡൽഹി : മതപരിവർത്തനം നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിനും, നിരവധി ഹൈക്കോടതികളിൽ നിന്ന് അനുബന്ധ കേസുകൾ പിൻവലിക്കുന്നതിനും, മതപരിവർത്തനം സംബന്ധിച്ച കേസുകൾ ഏകീകരിക്കുന്നതിനുമുള്ള ചുമതല സുപ്രീം കോടതി ഏറ്റെടുത്തു. മതപരിവർത്തനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങളുടെ സാധുത സുപ്രീം കോടതി പരിശോധിക്കും.

ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ട്, കർണാടക എന്നീ  സംസ്ഥാനങ്ങളിലെ നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിലാണ് നടപടി. ഈ ഹർജികൾക്കു പുറമെ 6 ഹൈക്കോടതികളിലുള്ള 21 ഹർജികളും സുപ്രീം കോടതി ഒന്നിച്ചു പരിഗണിക്കാനായി മാറ്റി. നിർബ്ബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനം കുറ്റകരമാക്കുന്ന രാജ്യവ്യാപക നിയമത്തിന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇപ്പോൾ പരിഗണിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. സംസ്ഥാന നിയമങ്ങളുടെ സാധുതയാണ് പരിശോധിക്കുന്നത്.

4 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരുടെ ബഞ്ച് നോട്ടീസും അയച്ചു. കേസ് ഞായറാഴ്ചയ്ക്കു ശേഷം പരിഗണിക്കും. നിയമ ഭേദഗതികളിലൂടെ മതന്യൂനപക്ഷങ്ങളെയും മിശ്രവിവാഹത്തെയും മതാചാരത്തെയും ലക്ഷ്യമിടുകയാണെന്നാണ് പ്രധാന ഹർജിക്കാരായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസിൻ്റെ വാദം. ഹർജികൾ ഒന്നിച്ചാക്കുന്നതിൽ എതിർപ്പില്ലെന്നു വിവിധ സംസ്ഥാന സർക്കാരുകൾക്കായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് അറിയിച്ചു.