പഞ്ചാബിൽ ന്യൂനപക്ഷ കമ്മിഷൻ തലപ്പത്തേക്ക് ഒരു പെന്തക്കോസ്തു സഭാംഗം
ജലന്ധർ: പഞ്ചാബിലെ ന്യൂനപക്ഷ കമ്മിഷൻ തലപ്പത്തേക്ക് ഇതാദ്യമായി ഒരു പെന്തക്കോസ്തുകാരനെ നിയമിച്ച് സംസ്ഥാന സർക്കാർ.
ജലന്ധർ ആസ്ഥാനമായുള്ള അങ്കുർ നരുല മിനിസ്ട്രീസ് സ്ഥാപകൻ പാസ്റ്റർ അങ്കുർ നരുലയുടെ അടുത്ത സഹായിയും വിശ്വസ്തനുമായ ജതീന്ദർ മസിഹ് ഗൗരവിനെയാണ് പഞ്ചാബിലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചത്.
മുൻകാലങ്ങളിൽ മുഖ്യധാരാ പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ സഭകളിൽ നിന്നുള്ളവരെയാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചിരുന്നത്. പഞ്ചാബിൽ സമീപ വർഷങ്ങളിൽ ഉണ്ടാകുന്ന പെന്തെക്കോസ്ത് സഭകളുടെ അസാധാരണമായ വളർച്ചയും മുന്നേറ്റവുമാണ് ഈ സ്ഥാന ലബ്ധിക്കും നേട്ടത്തിനും കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗുരുദാസ്പൂർ ജില്ലയിലെ കലനൗറിലെ ഒരു ബാൽമീകി-പ്രൊട്ടസ്റ്റൻ്റ് കുടുംബത്തിൽ നിന്നുള്ള ജതീന്ദർ രൺധാവ ഒരു ദശാബ്ദം മുമ്പ് പാസ്റ്റർ നരുളയുടെ അനുയായിയായിത്തീർന്നതോടെ ജതീന്ദർ മസിഹ് ഗൗരവ് എന്ന പേര് സ്വീകരിച്ചു. അങ്കുർ നരുള മിനിസ്ട്രീസ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻ്റും ഗ്ലോബൽ ക്രിസ്ത്യൻ ആക്ഷൻ കമ്മിറ്റി പ്രസിഡന്റുമാണ് അദ്ദേഹം.

