പാസ്റ്റർ വെടിയേറ്റ് മരിച്ചു

പാസ്റ്റർ വെടിയേറ്റ് മരിച്ചു

പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ പാസ്റ്റർ വെടിയേറ്റ് മരിച്ചു. 45 വയസ്സുള്ള പാസ്റ്റർ കമ്രാൻ സലാമത്ത് എന്ന കമ്രാൻ മൈക്കിൾ ആണ് തന്റെ മകളുടെ മുന്നിൽ വെച്ച്  ക്രൂരമായി കൊല്ലപ്പെട്ടത്. സുവിശേഷം പ്രസംഗിക്കരുത് എന്ന ഭീഷണി ഉണ്ടായിരുന്നിട്ടും അത് തുടരുന്നതിലുള്ള വിരോധമാണ് അക്രമി വെടിയുതിർത്ത് പാസ്റ്ററെ കൊലപ്പെടുത്തിയത്.

ഡിസംബർ 5-ന് പാസ്റ്ററുടെ വസതിക്കു സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.  മകളെ കോളേജിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുമ്പോൾ ഒരു അജ്ഞാതൻ തന്നെ ലക്ഷ്യമാക്കി പിന്നിൽ അടുത്ത് വന്ന് വെടിവയ്ക്കുകയായിരുന്നു. വയറിലും ഇടതു ചെവിയിലും വലതു കൈത്തണ്ടയിലും വെടിയുണ്ടകൾ തുളച്ചു കയറി. മകൾ ധൈര്യപൂർവം പിതാവിനെ  സഹായിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഊന്നുവടി കൊണ്ട് തോക്കുധാരിയെ അടിക്കുകയും, അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. മകൾക്ക്, ആയുധധാരിയായ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. പാസ്റ്റർ സലാമത്തിനെ അടിയന്തര ചികിത്സയ്ക്കായി ഗുജ്‌റൻവാല സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സൽമിന കമ്രാൻ ആണ് ഭാര്യ. മക്കൾ : നുമീർ, അരിന, ഏരിയൽ.

പോലീസ് സംഭവ സ്ഥലത്ത് എത്തി ഫോറൻസിക് പരിശോധനകൾ നടത്തുകയും സമീപ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം തുടരുകയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ്, ഇസ്ലാമാബാദിൽ നടന്ന ഒരു വെടിവയ്പ്പിൽ സലാമത്തിൻ്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്രിസ്ത്യൻ സമൂഹം പാസ്റ്റർ സലാമത്തിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. റാവൽപിണ്ടിയിലെ പള്ളിയുടെ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിന് ശേഷമാണ് ഈ സംഘർഷം ആരംഭിച്ചതെന്ന് കുടുംബം പറയുന്നു. പിന്നീട് ലാഹോറിലേക്ക് താമസം മാറിയെങ്കിലും, അവിടെ സുരക്ഷിത്വം ലഭിക്കാഞ്ഞതിനാൽ അവിടെ നിന്നും ഗുജ്രൻവാലയിലേക്ക് മാറി. അവിടെയും തനിക്കെതിരെ ഭീഷണികൾ ഉയർന്നു. ഭീഷണികൾക്കിടയിലും സഭാ ശുശ്രൂഷയിലും സുവിശേഷ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സംസ്കാരം ഡിസംബർ 6 ന് ഗുജ്രൻവാലയിലെ സെന്റ് പോൾ പ്രെസ്ബിറ്റീരിയൻ പള്ളിയിൽ നടന്നു. ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തെയും സേവനത്തെയും ആദരിക്കാനും ഒത്തുചേർന്നു. പ്രസംഗിക്കുന്നതിനപ്പുറം, പ്രാർത്ഥന, സഭാ ശുശ്രൂഷ, പീഡനങ്ങൾ നേരിടുന്ന സഭകൾക്കിടയിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സേവനങ്ങൾ തുടങ്ങിയവയെല്ലാം വിശ്വാസ സമൂഹം അനുസ്മരിച്ചു. പാസ്റ്റർ സലാമത്തിനെ യേശുക്രിസ്തുവിന്റെ എളിമയുള്ളവനും വിശ്വസ്തനുമായ ഒരു ദാസനായി ഓർക്കുന്നു. വിവേചനവും അക്രമവും അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു വേണ്ടി പാസ്റ്റർ സലാമത്ത് പ്രവർത്തിച്ചു, വാദിച്ചു. തീവ്രവാദികൾ അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിച്ചപ്പോഴും ധൈര്യത്തോടെ തൻ്റെ സേവനം തുടർന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് പാകിസ്ഥാനിലുടനീളമുള്ള ക്രിസ്ത്യൻ സമൂഹത്തിന് വിശിഷ്യാ, ക്രിസ്മസ് അടുക്കുമ്പോൾ ഭയാശങ്കകൾ ഉയർന്നിട്ടുണ്ട്.

പാസ്റ്റർ സലാമത്തിന്റെ കേസിൽ നീതി ലഭ്യമാക്കുന്നതിനായി തങ്ങളുടെ അഭിഭാഷകർ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അറിയിച്ചു.

പാസ്റ്റർ കമ്രാൻ സലാമത്തിന്റെ വേർപാട് ഹൃദയഭേദകമാണെങ്കിലും അദ്ദേഹം യേശുവിലുള്ള വിശ്വാസത്തെ മരണം വരെ മുറുകെപ്പിടിച്ചു, സുവിശേഷത്തിനുവേണ്ടി ധീരമായി നില കൊണ്ടു, തന്റെ ഓട്ടം പൂർത്തിയാക്കി ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തെ നമുക്ക് പ്രാർത്ഥനയിൽ വഹിക്കാം.