വനിതാ സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ജനറൽ കൺവൻഷനോടനുബന്ധിച്ച് ജനുവരി 9-ന് വാഴൂർ 15-ാം മൈൽ ഐ.ആർ.എ ബേർ ശേബാ ചർച്ച് ഹാളിൽ രാവിലെ 10-ന് റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാ സെമിനാർ നടന്നു. പ്രസിഡൻ്റ് ജോയമ്മ സാബു അധ്യക്ഷത വഹിച്ച സമ്മേളനം പാസ്റ്റർ പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. ദൈവീക വാഗ്ദത്തങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തികളും ഭവനവും അനുഗ്രഹിക്കപ്പെടും. സാറാ ദൈവത്തിൻ്റെ വാഗ്ദത്തത്തെ വിശ്വസിച്ചു, അഥവാ വാഗ്ദത്തം ചെയ്തവനെ വിശ്വസ്തനെന്നു എണ്ണിയതുപോലെ (എബ്രാ.11:11,12) നമുക്കും വാഗ്ദത്തങ്ങളെയും വിശ്വാസത്തെയും മുറുകെ പിടിക്കാമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സിസ്റ്റർ ബ്ലെസി ജോഷി (മാവേലിക്കര) വചനം പ്രസംഗിച്ചു. സുവിശേഷ വേലയിൽ ‘മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത് ‘(എബ്രാ.10:35). സഭയോടും ശുശ്രൂഷയോടും കുടുംബത്തോടും മക്കളോടും സമൂഹത്തോടുമുള്ള ബന്ധത്തിൽ സഹോദരിമാർ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് കർത്താവ് പ്രതിഫലം നൽകുമെന്നും സിസ്റ്റർ ബ്ലെസി പ്രസ്താവിച്ചു.
പാസ്റ്റർ വർഗീസ് പി.ജോസഫ്, സിസ്റ്റർ ഷേർലി ഫിലിപ് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഷിനി ജോൺ, ട്രഷറർ കുഞ്ഞൂഞ്ഞമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.



