റവ.ഡോ.ബേബി മാത്യു: അണയാത്ത ദീപം

കഴിഞ്ഞ ദിവസം നിത്യ വിശ്രമത്തിലേക്കു പ്രവേശിച്ച റവ.ഡോ.ബേബി മാത്യുവിന്റെ ആകസ്മിക ദേഹവിയോഗം അങ്ങേയറ്റം വേദനയുളവാക്കി. ദൗത്യ നിർവ്വഹണത്തിലെ നിശ്ചയദാർഢ്യം, സ്നേഹാർദ്രമായ ഇടപെടൽ, സൗമ്യമായ സമീപനം, ശുശ്രൂഷയ്ക്കും ഉപദേശത്തിനും ജീവിതത്തിനു തത്തുല്യ സ്ഥാനം എന്നിവകൊണ്ടെല്ലാം അദ്ദേഹത്തിന്റെ ജീവിതം ഒരു അണയാത്ത ദീപമായി തുടരും എന്നതിൽ സംശയമില്ല. വിട്ടു പിരിഞ്ഞ് ക്രിസ്തുവിനോടു കൂടെയായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് പാസ്റ്റർ എം.പി.മത്തായിയുമായിട്ടായിരുന്നു ഞങ്ങളുടെ സ്നേഹ ബന്ധത്തിന്റെ ആരംഭം. ദൈവ വചനത്തിന്റെ ഉപദേശ വിഷയങ്ങളിൽ വളരെ കർക്കശക്കാരനായിരുന്ന അദ്ദേഹം എനിക്ക് ജ്യേഷ്ഠ സഹോദര തുല്യനായിരുന്നു. ദൈവനിയോഗത്താൽ അദ്ദേഹം തുടങ്ങിയ ഫിലദെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സഭയുടെ പ്രഥമ ജനറൽ കൺവെൻഷൻ മുതൽ 1980-കളിൽ ഇലക്കൊടിഞ്ഞി, കൂത്രപ്പള്ളി, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകളിൽ ശുശ്രൂഷിക്കുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുള്ളത് ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ആദ്യ കാല വാർത്താ പത്രികകളായിരുന്ന റിവൈവൽ വോയ്സ്, വോയ്സ് ഓഫ് റിവൈവൽ എന്നീ പ്രസിദ്ധീകരണങ്ങളുടെ കുറെ കോപ്പികൾ ഒന്നിച്ച് ബന്ധപ്പെട്ട സഹോദരന്മാർ അദ്ദേഹത്തിന്റെ ഭവനത്തിൽ നേരിട്ടെത്തിക്കുകയും അദ്ദേഹം സന്തോഷത്തോടെ അവ സ്വീകരിച്ച് സഭാ വിശ്വാസികൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. പിതാവ് തുടക്കം കുറിച്ച ആത്മീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റം കുറിക്കുവാൻ ദൈവ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ട ദൈവ ഭൃത്യനായിരുന്നു റവ.ഡോ.ബേബി മാത്യു. വേല തികച്ച് സ്വന്തം വീട്ടിലേക്കു യാത്രയായ അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖാർത്തരായിരിക്കുന്ന പ്രിയ കുടുംബാംഗങ്ങൾക്കും ഫിലെദൽ ഫ്യാ ഗോസ്പൽ ചർച്ച് ദൈവസഭയുടെ സഹ ശുശ്രൂഷകർക്കും വിശ്വാസ സമൂഹത്തിനും സർവ്വ ആശ്വാസങ്ങളുടെയും ഉറവിടമായ കർത്താവ് ആശ്വാസം പകരട്ടെ എന്നു പ്രാർത്ഥിക്കുന്നു. കർത്തൃദാസന്റെ സമർപ്പണവും ദൗത്യവും ഏറ്റെടുത്ത് ദൈവരാജ്യത്തിന്റെ കെട്ടു പണിക്കായി പിൻഗാമികളെ സർവ്വശക്തൻ എഴുന്നേല്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. സന്തപ്ത കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലിയും പങ്കു ചേരുന്നതോടൊപ്പം പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു. വിശ്വാസം കാത്തു സൂക്ഷിച്ച്, സുവിശേഷ പോർക്കളത്തിൽ നല്ല പോർ പൊരുതി, ഓട്ടം തികച്ച് ഇമ്പങ്ങളുടെ പറുദീസയിലേക്കു കടന്നുപോയ സഹ ഭടനു തൽക്കാലം വിട ചൊല്ലുന്നു; നിത്യതയുടെ ശുഭ തുറമുഖത്ത് വീണ്ടും കാണാമെന്ന നിറഞ്ഞ പ്രത്യാശയോടെ…
പാസ്റ്റർ മാത്യൂസ് ഇട്ടി, ഫ്ലോറിഡ
(President, India Revival Assembly)