ആരാധനാലയ നിർമാണത്തിന് അനുമതി ഇനി തദ്ദേശസ്ഥാപനത്തിൽ നിന്ന്

ആരാധനാലയ നിർമാണത്തിന് അനുമതി ഇനി തദ്ദേശസ്ഥാപനത്തിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ ഇനി കലക്ടർക്കു പകരം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതിയാകും. ഇത് സംബന്ധിച്ച് 2021-ലെ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം നടപ്പാക്കുന്നതിനെതിരെ നിലനിന്ന ഹൈക്കോടതി സ്റ്റേ നീങ്ങിയതോടെയാണിത്.

ആരാധനാലയങ്ങളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ച് 2021 ഫെബ്രുവരി 14-നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്തത്. കലക്ടറുടെ മുൻകൂർ അനുമതി തേടണമെന്ന നിയമമാണ് ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം മാറ്റിയത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതിയാണ് ഇനി അനുമതി നൽകുന്നത്. നേരത്തേ, ജില്ലാ ഭരണകൂടം പോലീസിൽ നിന്നും രഹസ്യ വിവരം ശേഖരിച്ച് വിലയിരുത്തിയ ശേഷമാണ് ആരാധനാലയങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറി കെട്ടിട നിർമാണ അനുമതി നൽകുന്നതായിരുന്നു രീതി. എന്നാൽ, ഈ അധികാരം അതേപടി തദ്ദേശ സ്ഥാപനത്തിൻ നൽകിയതു ചോദ്യം ചെയ്ത് ചാലിശേരിയിലെ ആരാധനാലയം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നായിരുന്നു സ്റ്റേ നിലവിൽ വന്നത്.