ക്രൈസ്തവ പീഡനം

ക്രൈസ്തവ പീഡനം

ലണ്ടൻ: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ലോകമെമ്പാടും പീഡനത്തിനും  അക്രമത്തിനും വിധേയരാകുന്ന ക്രൈസ്തവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 8 ദശലക്ഷം വർദ്ധിച്ച് റെക്കോർഡ് 388 ദശലക്ഷത്തിലെത്തിയെന്ന് പുതിയ റിപ്പോർട്ട്. ആഗോള തലത്തിൽ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ ഡോഴ്‌സ്’ ജനുവരി 14-ന് പുറത്തിറക്കിയ  ‘വേൾഡ് വാച്ച് ലിസ്റ്റ് (WWL) 2026’ വാര്‍ഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. ക്രൈസ്തവ വിശ്വാസത്തിൻ്റെ പേരിൽ ഉണ്ടായ 4,849 ക്രിസ്ത്യൻ മരണങ്ങളിൽ 93% വും സംഭവിച്ചത് സബ്-സഹാറൻ ആഫ്രിക്കയിൽ, പ്രത്യേകിച്ച് നൈജീരിയയിൽ.

2025 ലെ WWL-ൽ 4,476 ആയിരുന്നത് 2026 ലെ WWL റിപ്പോർട്ടിംഗ് കാലയളവിൽ 4,849 ആയി വർദ്ധിച്ചു-ഒരു ദിവസം 13 എന്ന നിരക്കിൽ. ഇതിൽ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളതാണ്. ആകെയുള്ള 4849 മരണങ്ങളിൽ 4491 എണ്ണവും ഈ മേഖലയിലാണ് സംഭവിച്ചത്.  അക്രമത്തിൻ്റെ പ്രഭവകേന്ദ്രം നൈജീരിയയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ആഗോളതലത്തിൽ കൊല്ലപ്പെട്ട മൊത്തം ആളുകളുടെ 70 ശതമാനമാണ്. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. റിപ്പോർട്ട് അനുസരിച്ച്  ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായപൂർത്തി ആകാത്തവരുമാണ്. കൂടാതെ സബ്-സഹാറൻ ആഫ്രിക്കൻ മേഖലയെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.

നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ലോകത്താകമാനം 38.8 കോടി ക്രൈസ്തവര്‍ കടുത്ത പീഡനങ്ങളോ വിവേചനങ്ങളോ നേരിടുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പീഡനം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 80 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്.

ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. 15 രാജ്യങ്ങളിൽ തീവ്രവാദം വർദ്ധിച്ചുവരുന്നു.  സൊമാലിയ, എറിത്രിയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, മാലി, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ, സിറിയ തുടങ്ങിയ രാജ്യങ്ങൾ ഭയാനകമായ തോതിലുള്ള പീഡനങ്ങൾ നേരിടുന്ന  പട്ടികയിൽ ഉൾപ്പെടുന്നു. വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്.