റവ.ഡോ. പി. എസ് ഫിലിപ്പ് കർതൃസന്നിധിയിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ് ഫിലിപ്പ് (76) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രി 11.30 നു കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും 1.30 നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ തോന്നിയാമല പാലയ്ക്കത്തറയിൽ വി.പി.ശാമുവൽ–റാഹേലമ്മ ദമ്പതികളുടെ മകനായി 1947-ൽ ജനിച്ചു. ഇവാഞ്ചലിക്കൽ വിശ്വാസികൾ ആയിരുന്ന കുടുംബം പിന്നീട് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു. തോന്നിയാമല അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല കുടുംബമാണ് പാലക്കത്തറ കുടുംബം. പുനലൂർ ബഥേൽ, ബാംഗ്ലൂർ SABC, പൂനെ UBS എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം ദൈവശാസ്ത്ര പഠനം പൂർത്തികരിച്ചു. 2009-ൽ അമേരിക്കയിലെ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1968-ൽ ബഥേൽ ബൈബിൾ കോളജിൽ അദ്ധ്യാപകനായ അദ്ദേഹം 1986-ൽ ബഥേലിൻ്റെ പ്രിൻസിപ്പാളായി. 2010 ലാണ് ആ പദവിയിൽ നിന്ന് വിരമിക്കുന്നത്. ഇതിനകം ബഥേൽ ബൈബിൾ കോളജിന് മികച്ച നേട്ടങ്ങൾ സമ്മാനിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ചില പ്രാദേശിക സഭകളിൽ ഇടയ ശുശ്രൂഷ ചെയ്തിട്ടുള്ള പാസ്റ്റർ ഫിലിപ്പ് 1981 മുതൽ മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിലും എസ്ഐഎജി ജനറൽ കൗൺസിലിലും വിവിധ നിലകളിൽ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചുകൊണ്ടിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നേതൃത്വ നിരയിൽ മൂന്നു പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യമായിരുന്നു. മലയാളം ഡിസ്ട്രിക്റ്റ് അസി. സൂപ്രണ്ട് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച ദൈവദാസൻ ഇപ്പോൾ മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടായി സേവനം തുടരുകയായിരുന്നു. മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്മീയ നേതാവായി മാറുകയും, അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും, നൂറുകണക്കിന് ശിഷ്യരെ വാർത്തെടുക്കുകയും ചെയ്താണ് അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഫിലിപ്പ് സാർ മടങ്ങുന്നത്. പുനലൂർ നെടിയകാലായിൽ എൻ. എം.ദാനിയേലിന്റെ മകൾ ലീലാമ്മയാണ് ഭാര്യ. മക്കൾ: റെയ്ച്ചൽ ലിജി കുര്യൻ, സൂസൻ റെനി ജേക്കബ്, സാമുവേൽ ഫിലിപ്പ്, ബ്ലെസി ക്രിസ്റ്റഫിൽ.