ബ്രദർ ജോർജ് മത്തായി നിത്യതയിൽ

ബ്രദർ ജോർജ് മത്തായി നിത്യതയിൽ

ഒഹായോ: പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (71) (ഉപദേശിയുടെ മകൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദിവസങ്ങളായി ഒഹായോ ക്ളീവ്ലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഡാളസിൽ നടക്കും. ഭാര്യ: ഐറീൻ. മക്കൾ: ഡോ. ഡയാന ഏബ്രഹാം (പാർക്കർ സിറ്റി കൗൺസിൽ അംഗം), പ്രിസില്ല തോമസ്. മരുമക്കൾ: ജോൺസൺ ഏബ്രഹാം മേലേടത്ത്, ഷിബു തോമസ്. അഞ്ച് കൊച്ചുമക്കളുണ്ട്.

കല്ലട മത്തായിച്ചൻ എന്ന അനുഗ്രഹീത ശുശ്രൂഷകന്റെ ആണ്മക്കളിൽ രണ്ടാമത്തെ മകനായി 1950-ൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ ആയിരുന്നു ജനനം. ‘ഉപദേശിയുടെ മകൻ’ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. ചെറുപ്പകാലത്തെ കഷ്ടതയേറിയ ജീവിത സാഹചര്യങ്ങൾ സുവിശേഷ മാർഗ്ഗത്തോട് വിരക്തി തോന്നിച്ചുവെങ്കിലും, തനിക്ക് ഉണ്ടായ അത്ഭുത രോഗശാന്തിയിലൂടെ വീണ്ടും സുവിശേഷ ആത്മാവുള്ള ചെറുപ്പക്കാരനായി. ദൈവം തന്റെ മക്കൾക്കു വേണ്ടി ഒരുക്കുന്ന നൻമയും, വിടുതലും, അനുഗ്രഹവും മാനുഷിക കണ്ണുകൾക്കും, കാതുകൾക്കും അന്യമായി ഇരിക്കുമ്പോൾ മാരിപോൽ ചൊരിയുന്ന അനുഗ്രഹത്തിന്റെ കലവറ സ്വന്തം ജീവിതത്തിൽ രുചിച്ചറിഞ്ഞ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പുറത്തു വന്ന അനേകം ക്രൈസ്തവ ഗാനങ്ങളിൽ ഒന്നാണ് ‘മനസ്സേ , വ്യാകുലമരുതേ..’ജീവിതാനുഭവങ്ങൾ കോർത്തിണക്കി ‘ ഉപദേശിയുടെ മകൻ’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുകയും, പിന്നീട് അത്, അതേ പേരിൽ ചലചിത്രമായി ആവിഷ്കരിക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കയിലെ വിവിധ പെന്തകോസ്ത് സമ്മേളനങ്ങളിൽ സാരഥ്യം വഹിക്കുക വഴി സംഘടനാ-നേതൃത്വ പാടവവും തെളിയിച്ചിട്ടുണ്ട്. ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരിക്കുമ്പോൾ ദി ചീഫ്റ്റൻ എന്ന കോളേജ് സ്റ്റുഡന്റ് പത്രത്തിന്റെ എഡിറ്ററായും, 1974-1976 വരെ ഇൻഡ്യാ എബ്രോഡ് എന്ന അമേരിക്കയിലെ ആദ്യ ഇൻഡ്യൻ പത്രത്തിന്റെ മാനേജിംഗ് ഏഡിറ്ററായും സേവനം അനുഷ്ഠിച്ചു.