രാത്രികാല നിയന്ത്രണങ്ങൾ ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാത്രി നിയന്ത്രണങ്ങൾ ഇന്നു മുതൽ. ജനുവരി രണ്ടു വരെയാണ് രാത്രി കർഫ്യു. രാത്രി 10 മണിക്കു ശേഷം പുതുവർഷ ആഘോഷങ്ങളടക്കം ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികളും അനുവദിക്കില്ല. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെയാണ് ആൾക്കൂട്ട പരിപാടികൾക്ക് നിയന്ത്രണം. പുതുവർഷത്തോടനുബന്ധിച്ച് ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണമാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 വരെയുള്ള ആഘോഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഇത് പരിശോധിക്കാൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.