ന്യൂ ഇന്ത്യാ ദൈവ സഭയ്ക്ക് പുതിയ ഭരണസമിതി

ന്യൂ ഇന്ത്യാ ദൈവ സഭയ്ക്ക് പുതിയ ഭരണസമിതി

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യാ ദൈവ സഭയുടെ ജനറൽ പ്രസിഡന്റായി ഡോ. ആർ. ഏബ്രഹാമും ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പിയും തെരെഞ്ഞെടുക്കപ്പെട്ടു. ജനറൽ പ്രസിഡൻ്റായിരുന്ന പാസ്റ്റർ വി.എ തമ്പിയുടെ വേർപാടിനെ തുടർന്ന് സെപ്റ്റംബർ 29 നു ചങ്ങനാശ്ശേരി കൊണ്ടൂർ ഹോട്ടലിൽ ചേർന്ന ന്യൂ ഇന്ത്യാ ദൈവസഭ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പുതിയ ഭരണസമിതി അംഗങ്ങളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തത്. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം കുരുവിളയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ ടി.വി മാനേജിംഗ് ഡയറക്ടറാണ്. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പാസ്റ്റർ ബിജു തമ്പി പാസ്റ്റർ വി. എ തമ്പിയുടെ മൂത്ത മകനാണ്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനാണ്. വൈസ് പ്രസിഡൻ്റായി പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (മുംബൈ) ചുമതലയേറ്റു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ആദ്യ സഭകളിൽ ഒന്നായ തൈമറവുംകര സഭയിൽ നിന്നും ആദ്യമായി സുവിശേഷവേലയ്ക്ക് ഇറങ്ങിയ ഇദ്ദേഹം കഴിഞ്ഞ അൻപതിൽ പരം വർഷങ്ങളായി ദൈവവേലയിലായിരിക്കുന്നു. കഴിഞ്ഞ 35 വർഷങ്ങളായി മുംബൈ വിക്രോളി സഭാശുശ്രൂഷകനാണ്. ജനറൽ ട്രഷറാറായി ചുമതലയേറ്റ പാസ്റ്റർ നൂറുദ്ദീൻ മുള്ള 1985 മുതൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. അനുഗ്രഹീത പ്രസംഗകനായ ഇദ്ദേഹം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻ്റും ബൽഗാം സഭാ സീനിയർ ശുശ്രൂഷകനുമാണ്.