കേരള സർക്കാരിന്റെ ഹരിത മിത്ര അവാർഡ് പാസ്റ്റർക്ക്

തിരുവല്ല: കേരള സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ‘ഹരിത മിത്ര’ അവാർഡിന് പെന്തക്കോസ്തു പാസ്റ്റർ അർഹനായി. ഇരവിപേരൂരിൽ പ്രവർത്തിക്കുന്ന ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിനാണ് (പ്രിൻസ്) ഈ നേട്ടം കൈവന്നിരിക്കുന്നത്. ഗിൽഗാൽ ആശ്വാസ ഭവൻ വളപ്പിൽ സ്വന്തമായി നടത്തുന്ന ജൈവ കൃഷിക്കാണ് ഇപ്പോൾ സർക്കാരിന്റെ അംഗീകാരം. എല്ലാത്തരം പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളുമാണ് 25 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്. ലോക്ഡൗൺ സമയത്ത് നടത്തിയ കൃഷികളെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചും ‘ഗിൽഗാൽ ഗ്രീൻ’ എന്ന യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോകൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 14-ന് തൃശൂരിൽ അവാർഡ് ദാനം നടക്കും. കോട്ടയം മണിമല പുത്തൻപുരയ്ക്കൽ ജോസഫ്-ചിന്നമ്മ ദമ്പതികളുടെ മകനായ പാസ്റ്റർ ജേക്കബ് ജോസഫ് ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭ ശുശ്രൂഷകനുമാണ്.