പെന്തക്കോസ്ത് സഭയ്ക്ക് സഭാ പദവി

തിരുവനന്തപുരം : കേരളത്തിലെ പെന്തക്കോസ്‌ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ തത്വത്തിൽ സർക്കാർ തീരുമാനിച്ചു. പെന്തകോസ്‌ത് ക്രൈസ്‌തവർ ഉൾപ്പെടെയുള്ള പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ (Scheduled Castes Converted to Christianity SCCC) നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
മുഖ്യധാര ക്രൈസ്തവ സഭകൾക്ക് തുല്യമായി ഔദ്യോഗിക സഭാ പദവി നൽകി പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സർക്കാർ തീരുമാനമെടുത്തത് സ്വാഗതാർഹമണ്.
പെന്തക്കോസ്ത് സഭാ ലീഡേഴ്സും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി നിവേദനം നൽകിയിരുന്നു.
ഐപിസി സഭ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് നിവേദനം നൽകുന്നു. മന്ത്രി വി.എൻ. വാസവൻ, പാസ്റ്റർ ജെയിംസ് വി.ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ സമീപം.
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
25 ലക്ഷത്തിലധികം വരുന്ന കേരളത്തിലെ പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന് പ്രത്യേക പരിഗണന നൽകുന്ന സുപ്രധാന നീക്കമാണ് ഇതിലൂടെ സംസ്ഥാന സർക്കാർ നടത്തിയത്.
ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങൾക്ക് നിലവിൽ ലഭ്യമായിരിക്കുന്ന നിയമപരമായ എല്ലാ പരിഗണനകളും, ആനുകൂല്യങ്ങളും പെന്തക്കോസ്ത് സഭകൾക്കും ലഭിക്കും. അവരുടെ ആവശ്യങ്ങളെ പറ്റി കൂടുതൽ പഠിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചിട്ടുമുണ്ട്. ദീർഘനാളായി പെന്തക്കോസ്ത് സഭകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യത്തിലാണ് ഇന്നലത്തെ (മാർച്ച് 9) മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
പെന്തക്കോസ്ത് വിശ്വാസികളെ പ്രത്യേക കമ്മ്യൂണിറ്റിയായി അംഗീകരിക്കുക, ആരാധനാലയ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കുക, സെമിത്തേരികൾക്ക് അനുമതി നൽകുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമിതി പരിശോധിക്കും. കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന വിശ്വാസികൾക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് പി.സി.ഐ നേതൃത്വം വ്യക്തമാക്കി.
പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ഫിന്നി ജേക്കബ്, പൊടിക്കുഞ്ഞ്, ജെ.ജോസഫ്, ജോസഫ് മറ്റത്തുകാല, മാത്യു കുരുവിള, തോമസ്കുട്ടി ഏബ്രഹാം, പി.പോൾ രാജ്, ജെയിംസ് വി.ഫിലിപ്പ്, പാസ്റ്റർ ഫ്രിജിരാജ്, ഡോ. എം.കെ.സുരേഷ്, റോയ്സൺ ജോണി, എം.ഒ.അനിയൻ, കെ.ഇ.മാത്യു, റിജോ തോമസ്, ബ്ലെസൻ ഐസക്ക് സാം, ഷിനു തങ്കച്ചൻ, ഡോ. രാജു കെ.ജോർജ്, ബാബു സൈമൺ, സാം ഏബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, ജിനു വർഗീസ്, ഫിലിപ്പ് ഏബ്രഹാം, അജി കുളങ്ങര, ലിജോ ജോസഫ്, ബ്ലസിൻ ജോൺ മലയിൽ, ഫിന്നി പി. മാത്യു, ബിനോയി ചാണ്ടപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

