പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (നാലാം ഭാഗം)
“പ്രത്യാശിക്കുവാനും സന്തോഷിക്കുവാനും ദൈവത്തെ സ്തുതിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്, വിവിധങ്ങളായ ഭാരങ്ങളുടെയും നിന്ദയുടെയും രോഗങ്ങളുടെയും പ്രത്യേകാൽ ഈ നാളുകളിൽ നാം അഭിമുഖീകരിക്കുന്ന വലിയ മഹാമാരി ബാധയുടെയുമൊക്കെ നടുവിൽ ഒരു ദൈവപൈതലിനെ ചൈതന്യപ്പെടുത്തുന്നത് തന്റെ ഉള്ളിൽ ദൈവം പകർന്നിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനമത്രെ”
‘പരിശുദ്ധാത്മ നിറവ് അനിവാര്യമോ’ എന്ന വിഷയത്തോടനുബന്ധിച്ച് ഏഴ് കാര്യങ്ങൾ മുൻ പഠന ഭാഗങ്ങളിൽ നമുക്ക് വിശദമായി പഠിക്കാൻ കഴിഞ്ഞല്ലോ.
1. പരിശുദ്ധാത്മാവിനെ നാം പ്രാപിക്കേണ്ടതാണ്. 2. പരിശുദ്ധാത്മാവ് ഒരു വാഗ്ദത്തം. 3. പരിശുദ്ധാത്മാവ് ഒരു കാര്യസ്ഥൻ. 4. പരിശുദ്ധാത്മാവ് ഒരു ശക്തിയാണ്. 5. പരിശുദ്ധാത്മാവിന് വേണ്ടി നാം കാത്തിരിക്കണം. 6. പരിശുദ്ധാത്മാവ് എല്ലാവർക്കും ഉള്ളതാണ്. 7. പരിശുദ്ധാത്മാവിനെ ദൈവമാണ് നൽകുന്നത്.
ഇനി, പരിശുദ്ധാത്മാവിനെക്കുറിച്ച് തിരുവചനത്തിൽ പറയുന്ന അതിപ്രധാനമായ മറ്റ് മൂന്നു വിശേഷണങ്ങൾ കൂടി തുടർന്നു പഠിക്കാം.
1. പരിശുദ്ധാത്മാവ് ഒരു മുദ്രയാണ്
(Holy spirit is a seal)
എഫെസ്യർ 1:13,14- ‘അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കുകയും ചെയ്തിട്ട്, തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ച്ചക്കായിട്ട് നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു’. (In whom ye also trusted, after that ye heard the word of truth, the gospel of your salvation: in whom also after that ye believed, ye were sealed with that Holy Spirit of promise, Which is the earnest of our inheritance until the redemption of the purchased possession, unto the praise of his glory).
ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുന്ന ഒരു പദമാണ് ‘മുദ്ര’ എന്നത്. പരിശുദ്ധാത്മാവ് ഒരു മുദ്രയാണ് (Holy spirit is a seal). 14-ാം വാക്യത്തിൽ ”…. നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു” (We’re sealed with the promised Holy Spirit).
“Seal അഥവാ മുദ്ര ഒരധികാരത്തെ കാണിക്കുന്നു എന്നു നമുക്കറിയാം. ആ സീൽ കാണുമ്പോൾ സീലിന്റെ ശക്തിയെക്കാൾ ഉപരി ആരാണ് ആ സീൽ വച്ചിരിക്കുന്നത് എന്നതിലാണ് അതിന്റെ ശക്തിയും അധികാരവും മഹത്വവും വെളിപ്പെടുന്നത്. ദൈവം നൽകുന്നതും ദൈവത്തിന്റെ വാഗ്ദത്തവുമായ പരിശുദ്ധാത്മാവ് ഒരു മുദ്രയാണെന്നു പറയുമ്പോൾ അതിലെ ദൈവത്തിന്റെ ആധികാരികതയ്ക്കു ഉപരിയായി പ്രപഞ്ചത്തിൽ മറ്റാരും ഉണ്ടാകില്ലെന്നു വ്യക്തമല്ലേ? അതെ, ഏറ്റവും അധികാരമുള്ള ദൈവം തന്നെ നൽകിയ മുദ്രയാണ് പരിശുദ്ധാത്മാവ് എന്നത് ഒരു മർമ്മ പ്രധാനമായ ഒരു വിഷയമാണ്.
2. ആത്മാവെന്ന ആദ്യ ദാനം
(Firstfruit of the Spirit)
റോമർ 8:23-” ആത്മാവ് എന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു”. (And not only they, but ourselves also, which have the firstfruits of the Spirit, even we ourselves groan within ourselves, waiting for the adoption, to wit, the redemption of our body). ഇവിടെ പരിശുദ്ധാത്മാവിന്റെ മറ്റൊരു പദപ്രയോഗമായി കാണുന്നത്-‘ആത്മാവെന്ന ആദ്യ ദാനം’ എന്നാണ്. പരിശുദ്ധാത്മാവ് ഒരു ആദ്യ ദാനമാണ്. ദൈവം തന്റെ ജനത്തിന് നൽകിയ ആദ്യ ദാനമാണ് പരിശുദ്ധാത്മാവ്. രക്ഷിക്കപ്പെട്ട ദൈവജനത്തിന്റെ ഹൃദയങ്ങളിൽ ഒരു ഞരക്കമുണ്ട്. അത് നിരാശയുടെ ഞരക്കമല്ല, പ്രത്യുത പ്രത്യാശയുടെ ഞരക്കമാണത്. കാരണം, തിരുവചനത്തിൽ കാണുന്ന പ്രകാരം ഈ മർത്യ ശരീരം മാറി, രോഗവും കണ്ണീരും ദു:ഖവുമുള്ള ശരീരം മാറി തേജസ്സിന്റെ ഒരു ശരീരം ലഭിച്ച് നമ്മുടെ കർത്താവും ആത്മമണവാളനുമായ യേശു നാഥനുമായി എന്നേക്കും വസിക്കുന്ന നിത്യ നിത്യയുഗങ്ങളിലേക്കുള്ള വാഞ്ചയാലുള്ള ഞരക്കമത്രെ ദൈവപൈതലിന്റെ ഉള്ളിലുള്ളത്. ആ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്നുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു, എന്നാൽ ആ ഞരക്കത്തിന് ഒരു പ്രത്യാശയും ജീവനും പകരുന്നത് ആത്മാവ് എന്ന ആദ്യ ദാനത്താലാണ്. നമ്മുടെ ദു:ഖങ്ങളും വേദനകളും നിന്ദകളും താഴ്ചയുള്ള ശരീരവും ഇതെല്ലാം സഹിച്ചുകൊണ്ട് പ്രത്യാശയോടെ മുന്നേറുവാൻ നമ്മെ ചൈതന്യപ്പെടുത്തുന്നത്, ജീവിതമാകുന്ന ഈ യന്ത്രത്തെ മുമ്പോട്ട് കുതിക്കുമാറാക്കുന്ന ആ ശക്തി എന്നത് പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനമാണ്. വളരെ അനുഗ്രഹിക്കപ്പെട്ട ചിന്തയാണത്. നമുക്ക് പ്രത്യാശിക്കുവാനും സന്തോഷിക്കുവാനും ദൈവത്തെ സ്തുതിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്, വിവിധങ്ങളായ ഭാരങ്ങളുടെയും നിന്ദയുടെയും രോഗങ്ങളുടെയും പ്രത്യേകാൽ ഈ നാളുകളിൽ നാം അഭിമുഖീകരിക്കുന്ന വലിയ മഹാമാരി ബാധയുടെയുമൊക്കെ നടുവിൽ ഒരു ദൈവപൈതലിനെ ചൈതന്യപ്പെടുത്തുന്നത് തന്റെ ഉള്ളിൽ ദൈവം പകർന്നിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനമത്രെ.
3. ആത്മാവിന്റെ അച്ചാരം (Earnest of the spirit)
2 കൊരി.5:5- “അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നെ” (Now he that hath wrought us for the selfsame thing is God, who also hath given unto us the earnest of the spirit). മലയാളത്തിലെ പരിചിതമായ ഒരു നിയമപദമാണ് ‘അച്ചാരം’. ഏത് ഔദ്യോഗിക ക്രയവിക്രയത്തിലും ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് അച്ചാരം കൊടുക്കുക എന്നത്. എന്താണ് അച്ചാരം (Earnest/earnest Money)? ഈട്, ഉറപ്പ്, മുൻകൂർ കൊടുക്കുന്ന തുക (നിരതദ്രവ്യം) എന്നൊക്കെ ഇതിന് അർത്ഥമുണ്ട്. ഉദാ: ഒരാളുടെ വസ്തുവിന് വില പറഞ്ഞ് ഉറപ്പിക്കയും എന്നാൽ അതിന്റെ വില മുഴുവനായി ഉടനെ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു നിശ്ചിത കാലാവധി പറഞ്ഞ് ആ കാലാവധി തീരും മുമ്പ് മുഴുവൻ തുകയും തന്നുകൊള്ളാം എന്ന കരാറിൽ അതിന്റെ ഉറപ്പിനായി കുറച്ച് തുക മുൻകൂറായി (അഡ്വാൻസ് തുക) നൽകുന്നതിനെയാണ് അച്ചാരം (Earnest-down payment) എന്നു പറയുന്നത്. എന്നാൽ ആ കരാറിന് എന്തെങ്കിലും മാറ്റം വരുത്തിയാൽ നിയമപരമായി ആ വ്യക്തി കുറ്റക്കാരനാകും. വാക്ക് മാറുന്ന അനുഭവമാണത്. നമ്മുടെ ദൈവം വാക്ക് പറഞ്ഞാൽ മാറുന്നവനല്ല. ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനാണ്. വാക്ക് മാറ്റാൻ ദൈവം മനുഷ്യനല്ല. ദൈവം ഒരു അഡ്വാൻസായി, ഉടമ്പടിയായി തന്റെ ജനത്തിന് നൽകിയ ശ്രേഷ്ഠമേറിയ ഒരു അച്ചാരമാണ് പരിശുദ്ധാത്മാവ്. 2 കൊരി.5:5-ാം വാക്യത്തിന്റെ തുടക്കത്തിൽ ‘അതിനായി’ എന്നു കാണുന്നുണ്ടല്ലോ. ഏതിനായിട്ടാണ് എന്നതിന്റെ ഉത്തരമാണ് 5:1 മുതൽ 4 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്നത്. “കൂടാരമായ ഞങ്ങളുടെ ഭൗമ ഭവനം അഴിഞ്ഞു പോയാൽ കൈപ്പണിയല്ലാത്ത നിത്യ ഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ ഉണ്ടെന്ന് അറിയിന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനു മീതേ ധരിപ്പാൻ വാഞ്ചിക്കുന്നു. ഉരിവാനല്ല, മർത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതേ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു”. ഈ കൂടാരത്തിന് ഞരക്കമുണ്ട്. കാരണം ഈ കൂടാരം മർത്യമാണ്. ഇതിനു മുകളിൽ അമർത്യമായ കൂടാരം ദൈവമക്കൾ ധരിക്കാൻ പോകുകയാണ്. ഈ കൂടാരത്തിൽ നിന്നു മാറി തങ്ങൾ അമർത്യമായ ഒരു കൂടാരത്തിലേക്ക് രൂപാന്തരപ്പെടുന്ന ആ നാളിനായി…അതിനായി ഒരുക്കുന്നത് വേറെ ആരുമല്ല, ഒരു തത്വസംഹിതയല്ല, മറ്റൊന്നുമല്ല- പ്രത്യാശയുടെ ധൈര്യം പകർന്ന് ജനത്തെ നയിക്കുന്ന ശക്തി, ആത്മാവിനെ അച്ചാരമായി നൽകിയിരിക്കുന്ന ദൈവം തന്നെ. പരിശുദ്ധാത്മാവിൽ നിറയപ്പെട്ട് ജീവിക്കുന്ന ദൈവപൈതലിന്റെ ഉള്ളത്തിലെ ഏറ്റവും വലിയ ആനന്ദം ഈ കൂടാരം അഴിഞ്ഞു പോയാൽ ഇതിനു മീതേ സ്വർഗ്ഗീയമായ ഒരു കൂടാരം തങ്ങൾക്കുണ്ട് എന്നതാണ്. ദൈവം തന്റെ ജനത്തിനുവേണ്ടി ഒരുക്കുന്ന ഒരു നിത്യ ഭവനമുണ്ട്. അതിന് അച്ചാരമായി- അഡ്വാൻസായി ഉറപ്പു നൽകിയിരിക്കുന്ന ഒരു സീൽ ആണ്- അധികാര മുദ്രയാണ്-ആദ്യ ദാനമാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിന്റെ ഏറ്റവും ശ്രേഷ്ഠകരമായ അനുഭവത്തെയും അനുഗ്രഹത്തെയും കുറിച്ചാണ് ഇതു വരെ നമ്മൾ പഠിച്ചത്. പരിശുദ്ധാത്മാവ് ഒരു മുദ്ര (Holy spirit is a seal), പരിശുദ്ധാത്മാവ് ആദ്യ ദാനം (Holy spirit is firstfruit), പരിശുദ്ധാത്മാവ്-അച്ചാരം (Holy spirit is an earnest down payment).
അർഹതയില്ലാത്ത, യോഗ്യതയില്ലാത്ത, യിസ്രായേൽ പൗരതയോട് സംബ്ബന്ധമില്ലാത്തവരായി, വെളിമ്പറമ്പിൽ എറിയപ്പെട്ട കോപ പാത്രങ്ങളായി ജീവിച്ച നമ്മെ ഓരോരുത്തരെയും ദൈവം തിരഞ്ഞെടുത്ത് ദൈവകൃപയ്ക്ക് കൂട്ടവകാശം തന്ന് ദൈവത്തിന്റെ മക്കളും അവകാശികളുമാക്കിത്തീർത്ത് ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുപ്പ് പ്രാപിച്ച് ദൈവകൃപയിലേക്ക് കടന്നുവരുവാൻ ദൈവം ഇടയാക്കി- പരിശുദ്ധാത്മാവ് എന്ന മുദ്ര തന്നു, ആദ്യ ദാനം തന്നു, അത്മാവിന്റെ അച്ചാരം തന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനത്തിനു വേണ്ടി ഒരുക്കമുള്ളവരായി വിശുദ്ധിയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. (…തുടരും)

