സംയുക്ത സഭാ യോഗം

സംയുക്ത സഭാ യോഗം

സമാപന സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 26 വരെ ഇല്ലിവളവ് ഐ.ആർ.എ സഭാ ഹാളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്ക് സംയുക്ത സഭാ യോഗത്തോടെ അനുഗ്രഹ സമാപ്തി. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച സഭായോഗത്തിൽ പാസ്റ്റർ വർഗീസ് പി.ജോസഫ് സങ്കീർത്തനം വായിച്ചു. സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി സമാപന സന്ദേശം നൽകി. ദൈവസാന്നിദ്ധ്യം ജീവിതത്തിൽ വരുത്തിയ വ്യത്യാസം-അത് അനുഭവവേദ്യമാക്കിയവർ കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ സാക്ഷികളാകണമെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി സദേശത്തിൽ പറഞ്ഞു. ലൂക്കൊസ് 24-ാം അധ്യായത്തിൽ (24:13-35) യെരൂശലേമിൽ നിന്നു എമ്മവൂസ് ഗ്രാമത്തിലേക്കു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു തർക്കിച്ചു കൊണ്ടു പോയ രണ്ടുപേരുടെ ജീവിതത്തിൽ കർത്താവ് വരുത്തിയ മാറ്റങ്ങൾ വിശദമാക്കി വചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശു അവരോടു ചേർന്നു നടന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവരുടെ സംശയങ്ങളെയും തർക്കങ്ങളെയും ദൂരീകരിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം വരുത്തുന്നതാണ് യേശുവിന്റെ സാന്നിദ്ധ്യം. ‘വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ് വന്നതും അവർ വിവരിച്ചു പറഞ്ഞു’ (24:35). നാമും അപ്രകാരം സാക്ഷ്യം പറയണം. തുടർന്ന് തിരുവത്താഴ ശുശ്രൂഷയ്ക്കും അദ്ദേഹം നേതൃത്വം നൽകി. സഭായോഗത്തിനു മുമ്പായി നടന്ന 8 പേരുടെ സ്നാന ശുശ്രൂഷയും വടക്കഞ്ചേരി പാലക്കുഴി ഐ.ആർ.എ സഭാ വിശ്വാസികളായ മേജോ-ഗ്ലെൻഡ ദമ്പതികളുടെ കുഞ്ഞിന്റെ സമർപ്പണ ശുശ്രൂഷയും പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിച്ചു. പാസ്റ്റർ പി. സാംകുട്ടി, സിസ്റ്റർ അന്നമ്മ ഇട്ടി എന്നിവർ അനുഭവ സാക്ഷ്യങ്ങൾ പറഞ്ഞു. കന്യാകുമാരി, പാലക്കാട്, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാ വിശ്വാസികളും പാസ്റ്റർമാരായ ജേക്കബ് ജോർജ്, പി.എം. ജോസഫ്, സാം സതീശൻ, വർഗീസ് പി.ജോസഫ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, കെ.സി. തോമസ്, പി.സി തോമസ്, ജോബ് ചാക്കോ, ഇവാ. എം.ജെ ചാക്കോ എന്നീ ശുശ്രൂഷകന്മാരും പാസ്റ്റർ ടി.എസ് പ്രേംകുമാർ (ഒഡീഷ) മുഖ്യാതിഥിയായും പങ്കെടുത്തു. പാസ്റ്റർമാരായ പി.സി. ജേക്കബ് (സഭാ ജന: സെക്രട്ടറി), സാബു എം. ജോസഫ് (ട്രഷറർ), ഷിബു ജോസഫ് (ജോ.സെക്രട്ടറി), ഒ. എം.ജോർജ് (ഐ.ആർ.എ എക്സി. അംഗം) എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

ഉപവാസ പ്രാർത്ഥന

ഫെബ്രുവരി 24, 25 തീയതികളിൽ ഇല്ലിവളവ് ഐ.ആർ.എ സഭയിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ മനുവേൽ, പാസ്റ്റർ ടി.എസ് പ്രേംകുമാർ എന്നിവർ വിവിധ സെഷനുകളിൽ വചന സന്ദേശം നൽകി. ബ്രദർ അഭിലാഷ് അനുഭ സാക്ഷ്യം പങ്കു വച്ചു. പാസ്റ്റർമാരായ ഷിബു ജോസഫ്, സാബു എം. ജോസഫ്, ജോൺ ജോസഫ് എന്നിവർ പ്രാർത്ഥനയുടെ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.

ജനറൽ ബോഡി യോഗം

ഫെബ്രുവരി 26-ന് സംയുക്ത സഭയോഗത്തെ തുടർന്ന് ഐ.ആർ.എ ജനറൽ ബോഡി യോഗം നടന്നു. പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് യോഗ നടപടികൾ വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിബു ജോസഫ് റിപ്പോർട്ടും പാസ്റ്റർ സാബു എം. ജോസഫ് (ട്രഷറർ) കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാസ്റ്റർ മാത്യൂസ് ഇട്ടി, പാസ്റ്റർ പി.സി. ജേക്കബ് എന്നിവർ മറുപടി നൽകി. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് പ്രധാന അജണ്ട ആയിരുന്നെങ്കിലും നിലവിലെ ഭരണ സമിതിയംഗങ്ങൾ തന്നെ തുടരാനാണു യോഗ തീരുമാനം.

ഐ.ആർ.എ എക്സിക്യുട്ടീവ് ബോർഡ്

പാസ്റ്റർമാരായ മാത്യൂസ് ഇട്ടി (പ്രസിഡന്റ്), പി. സാംകുട്ടി (വൈസ് പ്രസിഡന്റ്), പി.സി. ജേക്കബ് (ജനറൽ സെക്രട്ടറി), സാബു എം. ജോസഫ് (ട്രഷറർ), ഷിബു ജോസഫ് (ജോ.സെക്രട്ടറി), ജേക്കബ് ജോർജ്, ഒ.എം. ജോർജ് (അംഗങ്ങൾ) എന്നിവരാണ് ഐ.ആർ.എ എക്സിക്യുട്ടീവ് ബോർഡ് ഭാരവാഹികൾ.