മാസയോഗം

യേശുക്രിസ്തു ഇന്നും നമുക്കു വേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു : പാസ്റ്റർ പി.സി. ജേക്കബ്
ദൈവത്തിങ്കലേക്കു തല ഉയർത്തുക : പാസ്റ്റർ പി. സാംകുട്ടി
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇല്ലിവളവ് ഐ.ആർ.എ. സഭാ ഹാളിൽ നടന്നു. പാസ്റ്റർ ജേക്കബ് ജോർജ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് 110-ാം സങ്കീർത്തനം വായിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തു. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തെക്കുറിച്ചും (സങ്കീ: 110:4; എബ്രാ. 5:6-8) ക്രിസ്തു നമുക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തിയതിനെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം യേശുക്രിസ്തു ഇന്നും നമുക്കു വേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നുവെന്നും നമ്മുടെ ജീവിതത്തിൽ വിവിധ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ദൈവത്തിനു നമ്മെക്കുറിച്ച് ഉദ്ദേശമുണ്ടെന്നും പറഞ്ഞു. ഗത്ശമനയിലെ യേശുക്രിസ്തുവിന്റെ പ്രാർത്ഥന നമുക്കായി കഴിച്ച മദ്ധ്യസ്ഥ പ്രാർത്ഥനയായിരുന്നു. മാത്രമല്ല ലോക സ്ഥാപനത്തിനും മുമ്പേ ക്രിസ്തുവിൽ നമ്മെ ദൈവം തിരഞ്ഞെടുത്താതാണെന്നും (എഫെ.1:4) അദ്ദേഹം പ്രബോധന സന്ദേശത്തിൽ പ്രസ്താവിച്ചു.
സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി മുഖ്യ സന്ദേശം നൽകി. നാം ദൈവത്തിങ്കലേക്കു തല ഉയർത്തി നോക്കിയാൽ നമുക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ കാണുവാൻ കഴിയും. യോഹ.4:35-ൽ കൊയ്ത്തിനു 4 മാസമുണ്ട് എന്നു പറയുമ്പോൾ യേശു പറഞ്ഞത് ഇപ്പോൾ തന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നു എന്നാണ്. അബ്രഹാം തല ഉയർത്തി നോക്കിയപ്പോൾ (ഉൽപ്പ. 22:13) ദൈവത്തിന്റെ കരുതൽ കണ്ടു, പ്രാർത്ഥനയുടെ മറുപടിയുമായി വരുന്ന ദൂതന്മാരെ (ഉൽപ്പ.18:2) കണ്ടു. യോശുവ തല ഉയർത്തി നോക്കിയപ്പോൾ വാൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന യഹോവയുടെ ദൂതനെ കണ്ടു. നാം ദൂരെ കാണുന്നതിനെ അടുത്തു കാണുന്നവനാണ് ദൈവം. നാം വിശ്വാസത്താൽ തല ഉയർത്തി നോക്കുമ്പോൾ പ്രാർത്ഥനയ്ക്കു മറുപടിയുമായി വരുന്ന ദൂതനെ കാണുവാനും ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിപ്പാനും കഴിയും-അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. കന്യാകുമാരി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും യോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ ഒ.എം. ജോർജ് ഇല്ലിവളവ് സഭയിൽ ശുശ്രൂഷിക്കുന്നു.