കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി. ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷന്റെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ സാബു എം. ജോസഫ്, പി.സാംകുട്ടി എന്നിവർ പ്രസംഗിച്ചു. ആരും അടയ്ക്കാതെവണ്ണം തന്റെ ജനത്തിനുവേണ്ടി വാതിൽ തുറക്കുന്ന ദൈവം പരിശുദ്ധനും സത്യവാനുമാണെന്ന് (വെളിപ്പാട് 3:7,8) പ്രാരംഭ യോഗത്തിൽ പാസ്റ്റർ സാബു എം. ജോസഫ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
നാം ആരാധിക്കുന്ന ദൈവം എല്ലാ അതിരുകൾക്കും അപ്പുറം വലിയവനാണെന്ന് (മലാഖി 1:5) പാസ്റ്റർ പി.സാംകുട്ടി പ്രസ്താവിച്ചു. ആദരിക്കുന്ന ദൈവം, നിയമത്തിന്റെ ദൂതൻ, നീതി സൂര്യൻ, മഹാരാജാവ്, മണവാളൻ, മാറാത്തവൻ എന്നീ നിലകളിൽ മലാഖി പ്രവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന യേശുക്രിസ്തുവിനെ ഉയർത്തി കൺവൻഷന്റെ രണ്ടാം ദിവസം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
28-ന് രാവിലെ 9 മുതൽ നടന്ന സഭകളുടെ സംയുക്ത സഭായോഗത്തിൽ പാസ്റ്റർ വർഗീസ് പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഒ.എം ജോർജ് സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. ഏത് ജീവിത സാഹചര്യങ്ങളിലും തന്റെ ജനത്തെ ശക്തരാക്കുന്നവനാണ് നമ്മുടെ കർത്താവ് എന്ന് സഭാ ജോ.സെക്രട്ടറി പാസ്റ്റർ ഷിബു ജോസഫ് സമാപന സന്ദേശത്തിൽ പറഞ്ഞു. ‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിനും മതിയായവനാകുന്നു’ എന്ന ജീവിതത്തിലെ ഏത് അവസ്ഥകളെയും നേരിടുവാൻ ശീലിച്ച പൗലോസിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ വചന ശുശ്രൂഷ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി നിർവഹിച്ചു. തിരുവത്താഴ ശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകി. ബ്രദർ ഷിനു ജേക്കബ്, പാസ്റ്റർ ജോബ് ചാക്കോ എന്നിവർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ.എം ജോർജ്, ജേക്കബ് ദാനിയേൽ, ബ്രദർ ഷിനു ജേക്കബ് എന്നിവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
യുവജന ക്യാമ്പ്
കൺവൻഷനോടനുബന്ധിച്ച് ജനുവരി 26-ന് റിവൈവൽ യൂത്ത് മൂവ്മെന്റ് ജനറൽ ക്യാമ്പും താലന്ത് പരിശോധനയും നടന്നു. പാസ്റ്റർ വർഗീസ് പി.ജോസഫിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാബു എം. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), ബ്രദർ സിജോമോൻ സാബു, പാസ്റ്റർമാരായ ജോൺ ജോസഫ് (പ്രസിഡന്റ്), ജോബ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
വനിതാ സമ്മേളനം
സഭയുടെ സഹോദരീ സമാജമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27 ശനിയാഴ്ച നടന്ന വനിതാ സമ്മേളനം പാസ്റ്റർ പി. സാംകുട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ അന്നമ്മ ദാനിയേൽ (ആർ.ഡബ്ല്യു.എം പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. കൊച്ചുമോൾ സന്തോഷ് വചനം ശുശ്രൂഷിച്ചു. സിസ്റ്റർ ജോയമ്മ സാബു (ട്രഷറർ) ആർ.ഡബ്ല്യു.എം പ്രവർത്തനങ്ങളുടെ ലഘുവിവരണം നടത്തി. പാസ്റ്റർമാരായ ഷിബു ജോസഫ്, വർഗീസ് പി.ജോസഫ്, സിസ്റ്റർ അഖില ഷിനു എന്നിവർ ആശംസകളറിയിച്ചു. സിസ്റ്റർ ഷിനി ജോൺ (സെക്രട്ടറി) സ്വാഗതവും സിസ്റ്റർ ജെസ്സി വർഗീസ് നന്ദിയും പറഞ്ഞു.
ശുശ്രൂഷക സമ്മേളനം
ജനുവരി 27 ശനിയഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഐ.ആർ.എ ശൂശ്രൂഷകന്മാരുടെ സമ്മേളനം പാസ്റ്റർ പി.സാംകുട്ടിയുടെ അധ്യക്ഷതയിൽ നടന്നു. കൺവൻഷൻ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
പുത്രികാ സംഘടനകളുടെ സമ്മേളനങ്ങൾ
ജനുവരി 28 ഞായറാഴ്ചത്തെ സംയുക്ത സഭായോഗത്തിനു ശേഷം ഐ.ആർ.എ പുത്രികാ സംഘടനകളായ ആർ.വൈ.എം, ഇവാഞ്ചലിസം ബോർഡ്, ആർ.എസ്.ബി എന്നിവയുടെ വാർഷിക സമ്മേളനങ്ങൾ നടന്നു. യുവജനങ്ങളുടെ താലന്ത് പരിശോധനയിലും സണ്ടേസ്കൂൾ പരീക്ഷയിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആർ.വൈ.എം താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയ്ന്റുകൾ നേടി ഈ വർഷം ഇല്ലിവളവ് ഐ.ആർ.എ സഭ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.
സണ്ടേസ്കൂൾ സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിച്ചു. ആർ.വൈ.എം. പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ഷിനു ജേക്കബ്, ബ്രദർ സിജോ സാബു, പാസ്റ്റർ ജോബ് ചാക്കോ, സണ്ടേസ്കൂൾ ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ്, ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ്, സെക്രട്ടറി പാസ്റ്റർ ഒ.എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
ജോബ് ചാക്കോ ആർ.എസ്.ബി സെക്രട്ടറി
റിവൈവൽ സണ്ടേസ്കൂൾ ബോർഡ് സെക്രട്ടറിയായിരുന്ന പാസ്റ്റർ പി.സി. തോമസ് ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം ഒഴിഞ്ഞതിനാൽ തത്സ്ഥാനത്തേക്ക് പാസ്റ്റർ ജോബ് ചാക്കോയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.