ഐ.ആർ.എ വാർഷിക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ 30-ാമത് വാർഷിക കൺവൻഷൻ ജനുവരി 24 മുതൽ 26 വരെ ഇല്ലിവളവിൽ നടന്നു. പ്രാരംഭ ദിവസം രാവിലെ 10 മുതൽ റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാ സമ്മേളനത്തിൽ 1ശമു. 1:17,18 വാക്യങ്ങൾ അടിസ്ഥാനമാക്കി സിസ്റ്റർ മേഴ്സി വർഗീസ് വചനം ശുശ്രൂഷിച്ചു. ആരോടും പരിഭവമോ നീരസമോ ഇല്ലാത്ത ഹന്നയുടെ വിശ്വാസവും പ്രാർത്ഥനയും സമർപ്പണവും ഉള്ളവരാകണം ദൈവസഭയിലെ സ്ത്രീകളെന്ന് സിസ്റ്റർ മേഴ്സി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. സിസ്റ്റർ ഷേർളി ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം പാസ്റ്റർ സാബു എം. ജോസഫ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ വത്സമ്മ, പാസ്റ്റർമാരായ വർഗീസ് പി. ജോസഫ്, ഷിബു ജോസഫ് എന്നിവർ ആശംസകളറിയിച്ചു. സെക്രട്ടറി ഷിനി ജോൺ സ്വാഗതവും പ്രസിഡൻ്റ് അന്നമ്മ ദാനിയേൽ നന്ദിയും പറഞ്ഞു. രാത്രി യോഗത്തിൽ പാസ്റ്റർ എഡ്വിൻ തങ്കച്ചൻ വചനം പ്രസംഗിച്ചു.
ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതി ഉണ്ടെങ്കിൽ, ആ നിയോഗം നമ്മുടെമേൽ ഉണ്ടെങ്കിൽ നിശ്ചയമായും ഉറപ്പായും ദൈവോദ്ദേശം നിറവേറിയിരിക്കും. ശൗലിൻ്റെ കൈയ്യാൽ താൻ നശിക്കയേയുള്ളൂ എന്ന് സ്വയം വിധിയെഴുതിയ ദാവീദിനെ, കഴിവും പ്രാപ്തിയുമുള്ള മറ്റ് പലരുമുണ്ടായിട്ടും കേവലം ആട്ടിടയനായിരുന്ന ദാവീദിനെ ദൈവം രാജ്യത്തിൻ്റെ രാജാവാക്കി (1ശമു. 27:1;16:1-13; അപ്പൊ. പ്രവർ.23:11;28:1-10). അനവധി വെല്ലുവിളികളിലൂടെയും പ്രതികൂലങ്ങളിലൂടെയും കടന്നുപോയി ക്രിസ്തുവിൻ്റെ സാക്ഷ്യം സധൈര്യം നിർവഹിച്ച അപ്പോസ്തലനായ പൗലോസിനെ ദൈവം റോമിലെത്തിച്ചും അത്ഭുതകരമായ ശുശ്രൂഷകൾ ചെയ്യുക എന്നത് ദൈവീക ദൗത്യമായിരുന്നു എന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
യുവജന ക്യാമ്പ്
ജനുവരി 25 ശനിയാഴ്ച റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പും താലന്ത് പരിശോധനയും നടന്നു. പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ പാസ്റ്റർ ഷിബു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.വൈ.എം പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോസഫ്, സാജോമോൻ സാബു, സിജോ, ബിബിൻ തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ബ്രദർ ബിബിൻ ബാബു സ്വാഗതവും പാസ്റ്റർ ജോൺ ജോസഫ് നന്ദിയും പറഞ്ഞു.
വേർപെട്ട ദൈവമക്കൾ പ്രത്യാശയോടെ കാത്തിരിക്കുന്ന, ലോകത്തിൽ നടക്കുവാൻ പോകുന്ന ഒരു മഹാ സംഭവവും മർമ്മവും സഭയുടെ ഉൽപ്രാപണം (Rapture) ആണെന്ന് (1കൊരി.15:52) ഐ.ആർ.എ ജോ. സെക്രട്ടറി പാസ്റ്റർ ഷിബു ജോസഫ്. കൺവൻഷൻ്റെ രണ്ടാം ദിവസം രാത്രി യോഗത്തിൽ വചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർത്താവിൻ്റെ വരവിങ്കൽ എടുക്കപ്പെടുന്നില്ലെങ്കിൽ അതിനായി മറ്റൊരവസരം ലഭിക്കില്ലെന്നും ആകയാൽ ഏറ്റവും ആസന്നമായിരിക്കുന്ന സഭയുടെ ഉൽപ്രാപണത്തിൽ എടുക്കപ്പെടുവാൻ ദൈവമക്കൾ എപ്പോഴും ഒരുക്കവും പ്രത്യാശയുമുള്ളവരായിരിപ്പാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സംയുക്ത സഭായോഗം
കൺവൻഷൻ്റെ സമാപന ദിവസമായ ജനുവരി 26 ഞായറാഴ്ച രാവിലെ 9.30 മുതൽ ഐ.ആർ.എ സഭകളുടെ സംയുക്ത ആരാധന നടന്നു. പാസ്റ്റർ ജേക്കബ് ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സഭായോഗത്തിൽ പാസ്റ്റർ ഒ.എം ജോർജ് സങ്കീർത്തനം വായിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്കു സഭാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സാംകുട്ടി നേതൃത്വം നൽകി. നമ്മുടെ അവസ്ഥകൾക്കും സാഹചര്യങ്ങൾക്കും മാറ്റം വരുത്തി പുതിയ ആത്മീയ അനുഭവങ്ങളും അനുഗ്രഹവും പകരുവാൻ ദൈവം ശക്തനാണെന്ന് (യെശ. 52:15) അദ്ദേഹം സമാപന സന്ദേശത്തിൽ പറഞ്ഞു.
ആർ.വൈ.എം-ആർ.ഡബ്ല്യു.എം-സണ്ടേസ്കൂൾ സംയുക്ത സമ്മേളനം
സഭായോഗത്തിനുശേഷം ഐ.ആർ.എ പുത്രികാ സംഘടനകളായ ആർ.വൈ.എം, ആർ.ഡബ്ല്യു.എം, സണ്ടേസ്കൂൾ എന്നിവയുടെ വാർഷിക സമ്മേളനങ്ങൾ പാസ്റ്റർ ജേക്കബ് ജോർജിൻ്റെ അധ്യക്ഷതയിൽ നടന്നു. താലന്ത് പരിശോധനയിലും സണ്ടേസ്കൂൾ പരീക്ഷയിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ ഇല്ലിവളവ് സഭ ഇത്തവണയും ട്രോഫി കരസ്ഥമാക്കി. പാസ്റ്റർ പി.സാംകുട്ടി ട്രോഫി സമ്മാനിച്ചു. പാസ്റ്റർമാരായ ജോൺ ജോസഫ്, ഷിബു ജോസഫ്, ജോബ് ചാക്കോ തുടങ്ങിയവർ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ എഡ്വിൻ തങ്കച്ചൻ ആർ.വൈ.എം പ്രസിഡൻ്റ്
റിവൈവൽ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റായിരുന്ന പാസ്റ്റർ ജോൺ ജോസഫ് സ്ഥാനമൊഴിഞ്ഞതിനാൽ തൽസ്ഥാനത്തേക്ക് പാസ്റ്റർ എഡ്വിൻ തങ്കച്ചനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ജോയമ്മ സാബു ആർ.ഡബ്ല്യു.എം പ്രസിഡൻ്റ്, കുഞ്ഞുകുഞ്ഞമ്മ തോമസ് ട്രഷറർ
റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ പ്രസിഡൻ്റായി സിസ്റ്റർ ജോയമ്മ സാബുവും ട്രഷറർ സ്ഥാനത്തേക്ക് സിസ്റ്റർ കുഞ്ഞുകുഞ്ഞമ്മ തോമസും തിരഞ്ഞെടുക്കപ്പെട്ടു.