പാസ്റ്റർമാർക്കും മതം മാറിയവർക്കും പ്രവേശനം നിഷേധിക്കുന്ന ബോർഡുകൾ

പാസ്റ്റർമാർക്കും മതം മാറിയവർക്കും പ്രവേശനം നിഷേധിക്കുന്ന ബോർഡുകൾ

ഛത്തീസ്ഗഡ് : പാസ്റ്റർമാർക്കും മതം മാറി ക്രിസ്ത്യാനികൾ ആയവർക്കും 8 ഗ്രാമങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന ഹോർഡിംഗുകൾ (ബോർഡുകൾ) സ്ഥാപിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

പാസ്റ്റർമാർക്കും മതം മാറിയവർക്കും പ്രവേശനം നിരോധിക്കുന്ന ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്ത്യൻ സമൂഹത്തെയും അവരുടെ മതനേതാക്കളെയും മുഖ്യധാരാ ഗ്രാമ സമൂഹത്തിൽ നിന്ന് വേർതിരിക്കുന്നുവെന്ന് ആരോപിച്ച് കാങ്കർ ജില്ലയിലെ ദിഗ്ബാൽ തന്ഡി, ബസ്തർ ജില്ലയിലെ നരേന്ദ്ര ഭവാനി എന്നിവർ സമർപ്പിച്ച റിട്ട് ഹർജികൾ തീർപ്പാക്കിയാണ് 2025 ഒക്ടോബർ 28 ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കുഡാൽ, പർവി, ജുൻവാനി, ഘോട്ട, ഘോട്ടിയ, ഹബേച്ചൂർ, മുസുർപുട്ട, സുലഗി എന്നിവയുൾപ്പെടെ നിരവധി ആദിവാസി ഗ്രാമങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹോർഡിംഗുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി ഹോർഡിംഗുകൾ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ല എന്നാണ് സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി വിധിച്ചത്.

തദ്ദേശീയ ഗോത്ര വർഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായിട്ടാണ് ബന്ധപ്പെട്ട ഗ്രാമസഭകൾ ഇത്തരം ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനെ കാണാനാവൂ എന്നും നിർബന്ധിത മതപരിവർത്തനം തടയുന്നതിനാണ് അവ സ്ഥാപിച്ചതെന്നും അവയെ ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്  നിരീക്ഷിച്ചു.

അനുകൂലമായ ഹൈക്കോടതി വിധിയെ തുടർന്ന്  ‘ഹമാരി പരമ്പര ഹമാരി വിരാസത്ത് ‘ (നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം) എന്ന മുദ്രാവക്യം ഉയർത്തി പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ.