നൈജീരിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

നൈജീരിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

നൈജീരിയയിലെ ക്രൈസ്തവരോടുള്ള ക്രൂരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ്

യു.എസ്: നൈജീരിയൻ ഗവൺമെന്റ് ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടരുകയാണെങ്കിൽ, അമേരിക്ക നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിർത്തലാക്കുമെന്നും അപമാനിതമായ ആ രാജ്യത്തേക്ക് പോകാൻ പ്രതിരോധ വിഭാഗമായ പെൻ്റഗണിന് നിര്‍ദേശം നല്‍കിയതായും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.

നൈജീരിയയിൽ ക്രൂരതകൾക്കു വിധേയരാകുന്ന ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടികള്‍ക്ക് പെന്റഗണിന് ട്രംപ് നിർദ്ദേശം നൽകിയിരിക്കുന്നത്.

‘ഈ ഭീകരമായ അതിക്രമങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍, ആ രാജ്യത്തേക്ക്’ അമേരിക്ക ‘തോക്കുകളുമായി ഇരച്ചുകയറിയേക്കാം’ എന്നും സാധ്യമായ നടപടികൾക്ക് തയ്യാറെടുക്കാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും തന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് (Truth Social) എന്ന സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്ന നൈജീരിയയിൽ ക്രിസ്തുമതത്തിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും ട്രംപ് പറഞ്ഞു.

നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ ‘കൂട്ടക്കൊല’ നടക്കുകയാണെന്ന് പറഞ്ഞ ട്രംപ്, നമ്മൾ ആക്രമിച്ചാൽ, അത് വേഗത്തിലും ക്രൂരമായും മധുരമായും ആയിരിക്കും; തീവ്രവാദികളായ കൊള്ളക്കാർ നമ്മുടെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ആക്രമിക്കുന്നതുപോലെ-ട്രംപ് സൂചിപ്പിച്ചു. നൈജീരിയൻ സർക്കാർ നടപടികൾക്കായി വേഗത്തിൽ നീങ്ങുന്നതാണ് നല്ലത് എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ഇതിനിടെ നൈജീരിയ നിഷേധിച്ചിട്ടുണ്ട്. അതേസമയം 23 കോടിയിലധികം ജനസംഖ്യയുള്ള നൈജീരിയയില്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇരയായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അക്രമങ്ങള്‍ക്ക് പല ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിമിതമായ വിഭവങ്ങളെച്ചൊല്ലിയും സാമുദായികവും വംശീയവുമായ സംഘര്‍ഷങ്ങളും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.