നിത്യതയിൽ

നിത്യതയിൽ

യു.കെ: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബിലൈസേഷന്റെ സ്ഥാപകനും മിഷൻ ലീഡറുമായ ജോർജ് വെർവർ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 14 ന് രാത്രിയിൽ ആയിരുന്നു അന്ത്യം. ഓപ്പറേഷൻ മൊബിലൈസേഷന്റെ ഇന്റർനാഷണൽ ഡയറക്ടർ ലോറെൻസ് ടാങ് ആണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ വെർവർ മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അദ്ദേഹം രചിച്ച ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ ലോകമെമ്പാടും വിതരണം ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം ജൂൺ 16-ന് സൂം പ്ലാറ്റ്ഫോമിൽ നടന്ന ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് പ്രത്യേക സമ്മേളനത്തിൽ സുവിശേഷീകരണത്തിന്റെ ദൗത്യ ബോധത്തെ ഓർമ്മിപ്പിച്ച് ഇന്ത്യയിലെ പാസ്റ്റേഴ്സിനെയും ചർച്ച് ലീഡേഴ്സിനെയും യുവജനങ്ങളെയും ഉദ്ബോധിപ്പിച്ചു ഒന്നര മണിക്കൂറോളം ജോർജ് വെർവർ സംസാരിച്ചിരുന്നു. OM-ന്റെ ആരംഭകാലം മുതലുള്ള അനുഭവങ്ങളും അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കു വച്ചു. ന്യൂജേഴ്‌സിയിൽ ജനിച്ച വെർവർ ദൈവവചനം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് 1961-ൽ ഓപ്പറേഷൻ മൊബിലൈസേഷൻ സ്ഥാപിച്ചത്. സകലരോടും സുവിശേഷ സന്ദേശം പങ്കു വയ്ക്കുന്നതിനും ബൈബിൾ വിതരണം ചെയ്യുന്നതിനും സമർപ്പിതരായ സുവിശേഷകരുമായി ഇപ്പോൾ 110-ലധികം വ്യത്യസ്ത രാജ്യങ്ങളിൽ ഒ.എം പ്രവർത്തിക്കുന്നു. 2003 ൽ ഒ.എം. ഇന്റർനാഷനൽ ഡയറക്ടർ പദവി ഒഴിഞ്ഞ ശേഷം അദ്ദേഹം ലോകമെമ്പാടും മിഷൻ മൊബലൈസേഷൻ യാത്രകൾ നടത്തുകയായിരുന്നു. ആയിരക്കണക്കിന് മിഷൻ ലീഡർമാരെ വാർത്തെടുത്ത ശേഷമാണ് അദ്ദേഹം വിടപറയുന്നത്.