ഫ്രാങ്ക്ലിൻ ഗ്രഹാമിന് വിസ നിഷേധിച്ചു

ഫ്രാങ്ക്ലിൻ ഗ്രഹാമിന് വിസ നിഷേധിച്ചു

കൊഹിമ/നാഗാലാൻഡ് : പ്രശസ്ത അമേരിക്കൻ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസർക്കാർ നിഷേധിച്ചു.

കൊഹിമ ബാപ്റ്റിസ്റ്റ് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് (കെബിപിഎഫ്), നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻബിസിസി), നാഗാലാൻഡ് ജോയിൻ്റ് ക്രിസ്ത്യൻ ഫോറം (എൻജെസിഎഫ്) എന്നീ സംഘടനകൾ നവംബർ 30 ന് സംയുക്തമായി നടത്താനിരുന്ന ‘എ ഗാതറിംഗ് ഓഫ് ഫെയ്ത്ത്, ഹോപ്പ് & റിവൈവൽ’ എന്ന ക്രിസ്തീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം സംസ്ഥാനത്ത് എത്തേണ്ടതായിരുന്നു.

വിസ നിഷേധിച്ച ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ ക്രിസ്ത്യൻ ഗ്രൂപ്പുകളും പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു, ഇത് അന്യായവും ക്രിസ്ത്യൻ സമൂഹത്തിന് വളരെയധികം വേദനാജനകവുമാണെന്ന് നേതാക്കൾ പറഞ്ഞു. വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. നാഗാലാൻഡിലേക്ക് ക്ഷണിക്കപ്പെട്ട റവ. ഗ്രഹാമിന്റെ സന്ദർശനം തടയപ്പെട്ടത് വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയെന്ന് എൻപിപി ചൂണ്ടിക്കാട്ടി. വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള സർക്കാർ അവകാശത്തെ പൂർണമായി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ എൻപിപി, ഈ തീരുമാനം നിയമപരമായി പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചു.

എൻപിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെയിംസ് പി.കെ. സാംഗ്മ, കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സന്ദർശനം നാഗാ ജനതയ്ക്കും വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും അവസരമായിരുന്നു. ഈ പരിപാടി പ്രദേശത്ത് സമാധാനം, അനുരഞ്ജനം, സാമൂഹിക ഐക്യം എന്നിവ ശക്തിപ്പെടുത്തുമായിരുന്നു- സാംഗ്മ കത്തിൽ എഴുതി. ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ പ്രദേശത്ത് സമാധാനപരമായ ഒരു മതപരിപാടി വിസാ പ്രശ്നം കാരണം തടസ്സപ്പെട്ടത് തെറ്റിദ്ധാരണയും അകൽച്ചയും സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ തീരുമാനം പുനഃപരിശോധിച്ചാൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തോടും സർവമത സഹിഷ്ണുതയോടുമുള്ള പ്രതിബദ്ധത ലോകത്തിന് മുന്നിൽ വീണ്ടും ഉറപ്പിക്കാനാകും. നാഗാലാൻഡിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ക്രൈസ്തവ സമൂഹത്തിന് അത് വലിയ ആശ്വാസം പകരും- ജെയിംസ് സാംഗ്മ കത്തിൽ കുറിച്ചു. വലിയ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്ന നാഗാ ജനതയുടെ വികാരത്തെ ഈ തീരുമാനം വല്ലാതെ വ്രണപ്പെടുത്തിയെന്നും പാർട്ടി പറഞ്ഞു.

ഫ്രാങ്ക്ലിൻ ഗ്രഹാമിന് പ്രവേശന വിസ നിഷേധിച്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എൻ‌പി‌സി‌സി) നിശിതമായി അപലപിച്ചു. ഇത് വിവേചനപരമായ നടപടിയാണെന്ന് അവർ പറഞ്ഞു. അന്തരിച്ച റവ. ബില്ലി ഗ്രഹാമിന്റെ മകനും അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സുവിശേഷകനുമായ അദ്ദേഹത്തെ നാഗാലാൻഡ് സന്ദർശിക്കാൻ അനുവദിക്കാത്തത് മതസ്വാതന്ത്ര്യ ഉറപ്പിന് നേരെയുള്ള അവഹേളനമാണെന്ന് എൻ‌പി‌സി‌സി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.