“ഞാൻ അവനോട് ക്ഷമിക്കുന്നു…”
https://youtu.be/9OUj_Hzgnjs?
അരിസോണ (യു എസ്) : ഭർത്താവിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിൻ്റെ (Charlie Kirk) ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്. ഒരു ലക്ഷത്തിലധികം വരുന്ന ജനക്കൂട്ടത്തോടും ഓൺലൈനിൽ തത്സമയം വീക്ഷിച്ച ദശലക്ഷക്കണക്കിന് ആളുകളോടും ധീരവും വൈകാരികവുമായ അനുസ്മരണ പ്രസംഗത്തിൽ, യാഥാസ്ഥിതിക ക്രിസ്ത്യൻ അഭിഭാഷകൻ ചാർളി കിർക്കിന്റെ വിധവയായ എറിക്ക കിർക്ക് സെപ്റ്റംബർ 21 ഞായറാഴ്ച തന്റെ താങ്ങാനാവാത്ത നഷ്ടത്തെക്കുറിച്ചും ഭർത്താവിന്റെ തടയാനാകാത്ത ദൗത്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു എറീക്ക. കുരിശിൽ നമ്മുടെ രക്ഷകൻ യേശുക്രിസ്തു പറഞ്ഞു: “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ…” ‘മനുഷ്യൻ, ആ ചെറുപ്പക്കാരൻ, ഞാൻ അവനോട് ക്ഷമിക്കുന്നു… ‘കാരണം അത് ക്രിസ്തു ചെയ്തതാണ് ‘.
തന്റെ ആഴമായ ക്രിസ്തീയ വിശ്വാസം പ്രകടമാക്കി, തൻ്റെ ഭർത്താവിൻ്റെ കൊലയാളിക്ക് അവൾ ധൈര്യത്തോടെ ക്ഷമ നൽകി…
ഒരു കൊലയാളിയുടെ കൈകളാൽ ചാർളിയുടെ അകാല മരണത്തിൽ ദുഃഖിക്കുമ്പോൾ, എറിക്ക അദ്ദേഹത്തിന്റെ ലോകത്തെ മാറ്റിമറിച്ച ക്രിസ്തീയ വിശ്വാസത്തെയും, സംഭാഷണത്തിലൂടെ ലോകത്തെ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ദൗത്യത്തെയും, അദ്ദേഹം പങ്കിട്ട അനുഗ്രഹീത ജീവിതത്തെയും ആദരിച്ചു.
വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല. സുവിശേഷത്തിൽ നിന്ന് നമുക്കറിയാവുന്ന ഉത്തരം സ്നേഹമാണ്. എപ്പോഴും സ്നേഹിക്കുക. നമ്മുടെ ശത്രുക്കളോടുള്ള സ്നേഹം, നമ്മെ പീഡിപ്പിക്കുന്നവരോടുള്ള സ്നേഹം-അവർ പങ്കുവെച്ചു.
എറിക്ക കിർക്, ലോകം ക്രിസ്തുവിനെ ഒരിക്കൽകൂടി കണ്ടു താങ്കളിലൂടെ, താങ്കളുടെ പൊള്ളുന്ന വാക്കുകളിലൂടെ.
റവ. ജോർജ് മാത്യു പുതുപ്പള്ളി
മഹാത്മഗാന്ധി ഒരിക്കൽ പറഞ്ഞു : ‘യേശുക്രിസ്തുവിനുശേഷം ഞാൻ കണ്ട രണ്ടേ രണ്ട് ക്രിസ്ത്യാനികൾ സാധു സുന്ദർസിംഗും, ദീനബന്ധു റവ. സി. എഫ് ആൻഡ്രൂസും മാത്രമാണ്.’
യേശുകർത്താവിനെപ്പോലെയോ, യേശുകർത്താവ് പറഞ്ഞതുപോലെയോ ജീവിക്കുന്ന ഒരു വ്യക്തിയെയും എനിക്കു പരിചയമുള്ള ഒരു ക്രിസ്ത്യാനിയിലും, ആത്മീയലോകത്തും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ഒരുപക്ഷെ എനിക്ക് അറിയാൻ പാടില്ലാത്ത ആരെങ്കിലും ലോകത്തിൽ എവിടെയെങ്കിലും കണ്ടേക്കാം. എത്ര ശ്രമിച്ചിട്ടും എനിക്കും യേശുകർത്താവിനെ പോലെയോ യേശുകർത്താവ് പറഞ്ഞതുപോലെയോ അതേപടി ജീവിക്കാൻ കഴിയുന്നില്ല.
ഞാൻ ഉൾപ്പെടെ അനേകർ യേശുകർത്താവിനെക്കുറിച്ചു വാചാലമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും യേശുകർത്താവിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യേശുകർത്താവ് പറഞ്ഞതുപോലെയോ യേശുകർത്താവ് ജീവിച്ചതു പോലെയോ ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം സത്യമായും എനിക്ക് അറിയില്ല. അത് ദൈവം മാത്രമറിയുന്നു. ദൈവം മാത്രം അറിയട്ടെ.
കഴിഞ്ഞ ദിവസം യേശുകർത്താവ് ചെയ്തു കാണിച്ച “ക്രിസ്തീയക്ഷമ” അതേപടി ജീവിതത്തിൽ പ്രായോഗികമാക്കിയ ഒരു അമേരിക്കൻ യുവതിയെ ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം വീർപ്പടക്കി കണ്ടു. അവളുടെ ശബ്ദം ശ്വാസം അടക്കിപ്പിടിച്ചു കേട്ടു. ഇതുപോലെ കണ്ണുനനയിച്ച ഒരു കാഴ്ച അടുത്ത കാലത്ത് അമേരിക്കയിൽ വേറെ ഉണ്ടായിട്ടുണ്ടാവില്ല.
പലരും വിതുമ്പുന്നതും വിങ്ങിപ്പൊട്ടുന്നതും ആസ്‌ട്രേലിയൻ ടിവിയിൽ ഞാനും കണ്ടു. സത്യത്തിൽ എത്ര ശ്രമിച്ചിട്ടും എനിക്കും കരയാതിരിക്കാൻ കഴിഞ്ഞില്ല. ആരും കാണാതെ ഞാൻ കണ്ണു തുടയ്ക്കുമ്പോൾ തൊട്ടടുത്തിരുന്ന സാലിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതും ഞാൻ കണ്ടു.
‘THAT MAN, THAT YOUNG MAN, I FORGIVE HIM, I FORGIVE HIM BECAUSE IT WAS WHAT CHRIST DID’ (ആ മനുഷ്യൻ, ആ യുവാവ്, ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു, ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചത് ക്രിസ്തുവും അങ്ങനെ ചെയ്തു കാണിച്ചതുകൊണ്ടാണ്).
ഈ നൂറ്റാണ്ടിൽ ലോകം ശ്രവിച്ച ഏറ്റവും മനോഹരവും ശ്രേഷ്ഠവുമായ വാക്കുകൾ ഇതാണ്. ലോകചരിത്രത്തിൽ ഈ വാക്കുകൾ ലോകമുള്ളിടത്തോളം കാലം സുവർണ്ണ ലിപികളിൽ മായാതെ കിടക്കും.
പ്രിയ എറിക്ക കിർക് (Erika Kirk), നിസാര വിഷയങ്ങൾപോലും ക്ഷമിക്കാൻ കഴിയാത്ത മനുഷ്യർ പെരുകിവരുന്ന ഈ ലോകത്തിൽ യേശുകർത്താവ് കാൽവറിക്രൂശിൽ പ്രദർശിപ്പിച്ച ഈ ദൈവീകക്ഷമ ജീവിതത്തിൽ പ്രാവർത്തികമാക്കി ക്രിസ്തുവിനെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുക്കുവാൻ എറികാ കാണിച്ച മഹനീയമാതൃകയെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.
എറിക്കയുടെ പ്രിയതമൻ ചാർളി കിർക് യേശുകർത്താവ് പഠിപ്പിച്ച ‘ധാർമിക മൂല്യങ്ങൾ’ (Moral Values) അമേരിക്കൻ ജനതയെ ആവേശപൂർവം വിശദീകരിച്ചു മനസിലാക്കുമ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന 22 വയസുള്ള ടൈലർ റോബിൻസൺ എന്ന കൗമാരം പിന്നിട്ട ഷാർപ് ഷൂട്ടർ പായിച്ച ഒരു ബുള്ളറ്റ് ചാർളി കിർകിന്റെ കഴുത്തു തുളച്ചു വെളിയിലേക്കു പായുന്നു. ഇരുന്ന കസേരയോടെ കിർക് പിറകോട്ടു മറിഞ്ഞു. ‘യേശുവേ’ എന്ന് കിർക് വിളിച്ചുകാണും എന്നു ഞാൻ ഊഹിക്കുന്നു.
ഇതുപോലൊരു ക്രിസ്തുശിഷ്യയും കുടുംബവും ആസ്‌ട്രേലിയയിൽ ജീവിക്കുന്നുണ്ട്. ഇന്ത്യയിലെ ഒഡിഷയിൽ യേശുകർത്താവിനുവേണ്ടി രക്തസാക്ഷിമരണം പ്രാപിച്ച ഗ്രഹാം സ്റ്റയ്ൻസിന്റെ വിധവ ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസും മകൾ എസ്തേറും കുടുംബവും. ബ്രിസ്ബേനിൽ കൺവെൻഷൻ പ്രസംഗിക്കുവാൻ ഞാനും സാലിയും പോയപ്പോൾ ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസുമായുള്ള ഇന്റർവ്യൂവിനുവേണ്ടി ശ്രമിച്ചത് ഇത്തരണത്തിൽ ഓർമയിൽ വരുന്നു.
മുപ്പത്തിമൂന്നര വയസ് വരെ മഹാദൈവമായ യേശുകർത്താവ് മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ഈ ഭൂമിയിൽ ജീവിച്ചു കാൽവരി ക്രൂശിൽ മരിച്ചു. മൂന്നാം നാൾ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ അവിടുന്ന് വന്നയിടമായ സ്വർഗത്തിലേക്കു തന്നെ മടങ്ങിപ്പോയി. തനിക്കായി കാത്തിരിക്കുന്ന തന്റെ മക്കളെ ചേർത്തുകൊള്ളുവാൻ യേശുകർത്താവ് താമസംവിനാ മടങ്ങിവരും. ഞാൻ അത് പൂർണ്ണമായും വിശ്വസിക്കുന്നു.
യേശുകർത്താവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാൻ ചാർളി കിർക് എന്നല്ല ലോകത്തിൽ ആരുംതന്നെ യോഗ്യരല്ല എന്നെനിക്ക് അറിയാം. മുപ്പത്തിരണ്ട് വയസ് വരെ യേശുവിന്റെ സന്ദേശം പ്രസംഗിക്കാൻ ചാർളി കിർക് ജീവിച്ചു. ‘ക്രിസ്തീയ ധാർമികത’ പ്രചരിപ്പിച്ചതിന്റെ പേരിൽ കിർക് വെടിയേറ്റ് മരിച്ചു. യേശുകർത്താവിന്റെ ജീവിതത്തിലെ ആ സമാനത കിർക്കിൽ കണ്ടത് ഞാൻ ഇവിടെ കുറിച്ചെന്നുമാത്രം.
ഞാൻ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ ചാർളി കിർക്കിനെക്കുറിച്ച് കൂടുതൽ കേട്ടിരുന്നില്ല. പതിയെപ്പതിയെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം എന്റെ ശ്രദ്ധയിൽപ്പെട്ടത്. കൂടുതൽ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും കിർക് തന്റെ ദൗത്യം പൂർത്തിയാക്കി സ്വർഗത്തിലേക്ക് കടന്നു പോയി. അമേരിക്കയിൽ താമസിക്കുന്ന എന്റെ മകളും കുടുംബവും കിർക്കിന്റെ മരണവിവരം എന്നെ വിളിച്ചറിയിക്കുമ്പോൾ അവരുടെ ഉള്ളിലെ തീവ്രദുഃഖം ഞാൻ തിരിച്ചറിഞ്ഞു.
നൂറു വർഷം യേശുവിനുവേണ്ടി ഒന്നും ചെയ്യാതെ ഭൂമിയിൽ ജീവിക്കുന്നതിനെക്കാൾ മുപ്പത്തിരണ്ട് വർഷം യേശുവിനുവേണ്ടി ജ്വലിച്ചു ജീവിക്കുന്നതാണ് ഏറെ ഉത്തമമെന്ന് ചാർളി കിർക്കിന്റെ രക്ത സാക്ഷിത്വം എന്നെയും പഠിപ്പിക്കുന്നു. ആകയാൽ തുരുമ്പ് പിടിച്ചു ജീവിച്ചു മരിക്കാതെ യേശുകർത്താവിനു വേണ്ടി തേഞ്ഞുതീർന്ന് നമുക്കു ജീവിച്ചു മരിക്കാം.

