ട്രംപ് വീണ്ടും അധികാരത്തിലേക്ക്

ട്രംപ് വീണ്ടും അധികാരത്തിലേക്ക്

യു.എസ് :  അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം. ആകെയുള്ള 538 ഇലക്ട്രൽ വോട്ടിൽ 270 എന്ന കേവല ഭൂരിപക്ഷവും കടന്ന് 277 ഇലക്ട്രൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി  ഡോണൾഡ് ജെ. ട്രംപ് 47-ാമത് പ്രസിഡൻ്റായി വീണ്ടും വൈറ്റ് ഹൗസിലേക്ക്. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിന് 226 വോട്ട് ലഭിച്ചു. ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റ്സ്) പ്രതീക്ഷിച്ചതിലും കരുത്ത് കാട്ടിയാണ് ഡോണാൾഡ് ട്രംപിൻ്റെ ആധികാരിക വിജയം.

വിജയത്തിനു ശേഷം കുടുംബ സമേതം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ എത്തി അനുയായികൾക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് ജനത്തെ അഭിസംബോധന ചെയ്തു. ഇത് അമേരിക്കയുടെ സുവർണ യുഗം. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുമെന്നും ഓരോ ദിവസവും അമേരിക്കയുടെ ഭാവിക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിനും അദ്ദേഹം നന്ദി പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ താരമെന്ന് വിശേഷിപ്പിച്ച് ടെസ് ല മേധാവി ഇലോൺ മസ്കിനെയും ട്രംപ് അഭിനന്ദിച്ചു. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്കു ശേഷം തിരിച്ചു വരുന്ന രണ്ടാമത്തെ പ്രസിഡൻ്റാണ് ഡോണൾഡ് ട്രംപ്. 2025 ജനുവരി 20-ന് ഔദ്യോഗികമായി അധികാരമേൽക്കും.

ട്രംപിൻ്റെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചു. ലോകസമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം എന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.