ദൈവജനം ദിവസം പ്രതി ആത്മ പരിശോധന നടത്തണം: പാസ്റ്റർ മാത്യൂസ് ഇട്ടി

ദൈവജനം ദിവസം പ്രതി ആത്മ പരിശോധന നടത്തണം: പാസ്റ്റർ മാത്യൂസ് ഇട്ടി

ദൈവജനം ഓരോ ദിവസവും ആത്മ പരിശോധന നടത്തണമെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം (14-12-2020) നടന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകൾ, കമ്പനികൾ, ഇതര വ്യാപാര സ്ഥാപനങ്ങളൊക്കെ ഓരോ സാമ്പത്തിക വർഷത്തിലും അല്ലെങ്കിൽ വർഷാവസാനത്തിലും കണക്കെടുപ്പ് നടത്തുന്നതും ഓഡിറ്റ് ചെയ്യുന്നതും സാധാരണയാണ്. രസീതുകളും വൗച്ചറുകളും ബില്ലുകളുമൊക്കെ ഓഡിറ്റർമാർ ഒത്തുനോക്കി കണക്കിലെ പിശകുകൾ പരിഹരിച്ച് ഒടുവിൽ ബാലൻസ് ഷീറ്റും റിപ്പോർട്ടും തയ്യാറാക്കുന്നു.
ആത്മീയ മണ്ഡലത്തിലും കണക്കെടുപ്പ് അനിവാര്യമാണ്. അത്, പക്ഷേ, വർഷത്തിലൊരിക്കലോ വർഷാവസാനത്തിലോ മാത്രം നടത്തിയാൽ ന്യൂനതകൾ വരാൻ സാദ്ധ്യതകൾ കൂടുതലാണ്. ആയതിനാൽ ദൈവജനം ഓരോ ദിവസവും തങ്ങളുടെ ആത്മീയ ജീവിതത്തിലെ പോരായ്മകളും ഉയർച്ച താഴ്ചകളും ജയപരാജയങ്ങളും വിലയിരുത്തണം. വിശ്വസ്തത, പ്രാർത്ഥന, ആരാധന, വചനധ്യാനം, പ്രേഷിത പ്രവർത്തനം, ശുശ്രൂഷകൾ, പരസ്പരമുള്ള കൂട്ടായ്മ-സ്നേഹ ബന്ധം തുടങ്ങിയവയൊക്കെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. വർഷാവസാനം മാത്രം കണക്കുകൾ നോക്കിയാൽ ഒരു പക്ഷേ, എല്ലാം കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ആ കണക്കെടുപ്പ് പൂർണ്ണവുമായിരിക്കില്ല. അതുകൊണ്ടു തന്നെ ഓരോ ദിവസവും സ്വയം പരിശോധന നടത്തുന്നതാണ് ദൈവമക്കൾക്ക് അഭികാമ്യം. പെന്തക്കോസ്തു വിശ്വാസികളിൽ പൊതുവെ കണ്ടുവരുന്ന ഒരു രീതിയാണ് തിരുവത്താഴ ശുശ്രൂഷാ വേളകളിൽ മാത്രം സ്വയം ശോധന നടത്തുന്നത്. സ്വയം ശോധനയ്ക്കായി അടുത്ത തിരുവത്താഴ ശുശ്രൂഷ വരെയോ വർഷാവസാനം വരെയോ കാത്തിരിക്കുന്ന പ്രവണത മാറ്റി ദിവസേന നാം ആത്മശോധനക്കായി തയ്യാറായാൽ തിരുവചന പ്രകാരം ‘നല്ലവനും വിശ്വസ്തനുമായി…’ വിശ്വാസ ജീവിതം നയിക്കുവാൻ കഴിയും. അതിനായി ദൈവം നമ്മെ സജ്ജരാക്കേണ്ടതിനായി സമർപ്പിക്കാം.