ഗാന സന്ധ്യ

ബെംഗളൂരു: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24 ഞായറാഴ്ച ബെംഗളൂരുവിൽ ഭക്തസംഗീതം ഗാനശുശ്രൂഷ നടത്തുന്നു. ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും ഐക്യ കൂട്ടായ്മയായ ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻസിന്റെ നേതൃത്വത്തിൽ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 24 നാളെ വൈകിട്ട് 5.30 മുതലാണ് സംഗീത പരിപാടി നടക്കുന്നത്. പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, സുനിൽ സോളമൻ, ബിനു ചാരുത തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. കലാകാരന്മാരായ ബെറിൽ ജോൺ, അഗസ്റ്റിൻ സാണ്ടി, നെൽസൺ, ലാൽ പ്രസാദ്, ജെയ്സൺ തോമസ്, റോയ് പീറ്റർ, ജോമോൻ കോട്ടയം, സാം എന്നിവർ വിവിധ സംഗീത ഉപകരണങ്ങൾ വായിക്കും. വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, മിഷനറി പ്രവർത്തകർ, വിശ്വാസികൾ, ഭക്തവത്സലൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ഭക്തസംഗീതം പരിപാടിയുടെ ജനറൽ കൺവീനറായി പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ ജോസഫ് ജോൺ, ബ്രദർ ബിജു മാത്യു (ജോയിൻ്റ് കൺവീനേഴ്സ്) എന്നിവരൊടൊപ്പം വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഗുഡ്ന്യൂസ് ലൈവിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.