ലേഖനം

പുതിയ അദ്ധ്യായന വർഷം ആരംഭിക്കുകയായി. നീണ്ടു നിന്ന അവധിക്കു ശേഷം സ്കൂളിലെത്തുവാനുള്ള തിരക്കിലാണ് മക്കളെല്ലാവരും. പുതിയ വസ്ത്രങ്ങളും, പുതിയ പുസ്തകങ്ങളും, പുതിയ അധ്യാപകരും…അങ്ങനെ പുതിയതിലേക്കുള്ള ആവേശവും അതോടൊപ്പം ആശങ്കകളുമായി ഒരു സ്കൂൾ വർഷം കൂടി വന്നണഞ്ഞു..!
കഴിഞ്ഞ ക്ലാസ്സിൽ നിന്നും വിജയിച്ചവർക്കാണല്ലോ പുതിയ ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കുന്നത്. കഴിഞ്ഞ ക്ലാസ്സിൽ പരാജിതരായവരോ അല്ലെങ്കിൽ ആഗ്രഹിച്ച നിലയിൽ വിജയത്തിലെത്താൻ സാധിക്കാത്തവരോ ആണോ നിങ്ങൾ? എങ്കിൽ വിജയത്തിലെത്താനുള്ള വഴി എന്താണെന്നറിയണ്ടേ?
വിജയത്തിലെത്താൻ എന്താണ് എളുപ്പ വഴി? അതാണല്ലോ പലരും അന്വേഷിക്കുന്നത്. ജീവിതത്തിൽ മറ്റേതു വിഷയത്തിലുമെന്നപോലെ വിജയിക്കുവാനും എളുപ്പ വഴിയുണ്ട്. അധികമൊന്നും അദ്ധ്വാനിക്കാതെ, കഷ്ടപ്പെടാതെ പെട്ടെന്ന് നേടിയെടുക്കാവുന്ന വിജയം! കോപ്പിയടിച്ചും അധികൃതരെ സ്വാധീനിച്ചും ഒക്കെ നേടുന്നതാണത്. യഥാർത്ഥത്തിൽ അത് വിജയമല്ല മറിച്ച് അമ്പേ പരാജയമാണ്. അത് സമ്മാനിക്കുന്നതാകട്ടെ കുറ്റബോധവും അപകർഷതാ ബോധവും.
വിജയത്തിനുള്ള പടികൾ എന്തെല്ലാമെന്നു നോക്കാം
1. അനുസരണവും വിധേയത്വവും
ജീവതമേ ഒരു പാഠശാലയാണല്ലോ. ആ പാഠശാലയിൽ ഒത്തിരി അദ്ധ്യാപകരുണ്ട്. ഇംഗ്ലീഷും കണക്കും സയൻസും ഒക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകർ, ദിനചര്യകൾ മുതൽ ജയാപജയങ്ങൾ ചൂണ്ടിക്കാണിക്കൽ, തെറ്റു തിരുത്തലുകൾ, മാതൃകയാക്കേണ്ട ഗുണവിശേഷതകൾ ഇവയൊക്കെ കാണിച്ചുതന്നും പറഞ്ഞു തന്നും നടത്തുന്ന മാതാപിതാക്കൾ, ശരീരത്തെക്കാളും ഈ ലോക ജീവിതത്തെക്കാളും വിലയേറിയ ആത്മാവിൻ്റെ വിജയത്തിലേക്കുള്ള പാത കാണിച്ചുതരുന്ന ആത്മീയ ഗുരുക്കന്മാർ… ഇവരോടെല്ലാം വിധേയത്വവും അനുസരണവും ഉള്ളവരായിരിക്കണം.
2. സത്യസന്ധതയും കൃത്യനിഷ്ഠയും
സത്യം ചെയ്യുന്നതും പറയുന്നതും മാത്രമല്ല തെറ്റ് സംഭവിക്കുന്നത് സമ്മതിക്കുകയും അത് തിരുത്തുകയും ചെയ്യുന്നതും സത്യസന്ധതയുടെ സവിശേഷതയാണ്. താൽപ്പര്യമേറിയ വിഷയങ്ങളിൽ മാത്രമല്ല താൽപ്പര്യം കുറഞ്ഞതോ ഇഷ്ടമില്ലാത്തതോ ആയ വിഷയങ്ങളിൽപ്പോലും കൃത്യനിഷ്ഠ ഉള്ളവരായിരിക്കണം.
3. പരിശ്രമവും കഠിനാദ്ധ്വാനവും
കഴിവുകൾ ഉണ്ടെന്നുള്ള തോന്നൽ അഹങ്കാരത്തിലേക്കും പരാജയത്തിലേക്കും നയിക്കും. അതുപോലെ തന്നെ കഴിവില്ലെന്ന തോന്നൽ നിരാശയിലേക്കും അലസതയിലേക്കും നയിക്കും. എന്നാൽ കഴിവുകളുടെയും കഴിവില്ലായ്മകളുടെയും സമ്മിശ്ര അനുഭവങ്ങൾ സ്വാഭാവികമാണ്. അത് പൊതുവെ എല്ലാവരിലും വിഷയാനുബന്ധിയായുള്ളവയാണ്. എന്നാൽ നിരന്തരമായ പരിശ്രമവും കഠിനാദ്ധ്വാനവും വിജയത്തിലെത്തിക്കും.
4. ലക്ഷ്യവും മാതൃകയും
പുറപ്പാട് (യാത്ര) ചെറുതോ വലുതോ എന്നതല്ല, ലക്ഷ്യമാണ് മുഖ്യം. ലക്ഷ്യമില്ലാത്ത പുറപ്പാട് ഒരിടത്തും എത്തപ്പെടുകയില്ല. ലക്ഷ്യം കൈവരിക്കുവാൻ അപരനെ പരാജയപ്പെടുത്തണം എന്നല്ല; എനിക്ക് വിജയത്തിൽ അഥവാ ലക്ഷ്യത്തിലെത്തണം എന്ന ചിന്തയും ഇച്ഛാശക്തിയുമാണ് വേണ്ടത്. വിജയം നേടുവാൻ അത് നേടിയെടുത്തവരെ മാതൃകയാക്കാവുന്നതുമാണ്-(1കൊരി.11:1).
5. പ്രാർത്ഥനയും വചന ധ്യാനവും
തിരുവചനം കാലിനു ദീപവും പാതയ്ക്ക് പ്രകാശവും നൽകുന്നതാണ് (സങ്കീ. 119:105). വിജയത്തിലെത്തുവാൻ പതിവായുള്ള വചന ധ്യാനവും മുഖ്യ ഘടകമാണ്. പ്രാർത്ഥന ദൈവത്തോടുള്ള അപേക്ഷയാണ്. വിജയത്തിലെത്തുന്നതിന് വളരെയേറെ കടമ്പകളുണ്ട്. അത് ശാരീരികമോ മാനസികമോ ഒക്കെ ആകാം. സ്വന്ത കഴിവിലും പരിശ്രമത്തിലും കഴിയാത്തവയും ഉണ്ടാകാം. അവയെ അതിജീവിക്കുവാൻ പ്രാർത്ഥനയിൽ കൂടി ദൈവത്തോടുള്ള അപേക്ഷയിൽ സാധിക്കും (യാക്കോ. 1:5).
6. ആരാധനയും ദൈവാശ്രയവും
ലക്ഷ്യത്തിലെത്തുവാനുള്ള തിരക്കിൽ മറന്നുപോകാതെ കരുതേണ്ടതാണ് ദൈവിക ആരാധന. ദൈവത്തിനു മഹത്വം കൊടുക്കുന്ന അവസരമാണത്. അത് വ്യക്തിപരവും കുടുംബപരവും സഭാപരവുമായുള്ളതും അവ ഓരോന്നിനും സമയവും ശ്രദ്ധയും വേർതിരിക്കേണ്ടതുമാണ്. അശ്രദ്ധമായി ചെയ്യാവുന്നതോ ചെയ്യേണ്ടതോ അല്ല ആരാധന. ദൈവാശ്രയത്തിനുള്ള നന്ദി പ്രകാശനമാണ് ആരാധന. (സങ്കീ. 1:1-3).
7. എല്ലാം ദൈവനാമ മഹത്വത്തിനായി
ജീവിതം തന്നെ നമ്മുടെ സ്വന്തമല്ലല്ലോ.! ജീവൻ നൽകിയതും ജീവിതം നൽകുന്നതും ദൈവമാണ്. അങ്ങനെയെങ്കിൽ ജീവിത ലക്ഷ്യവും ജീവൻ നൽകിയ ദൈവത്തിനായി മാത്രം ആയിരിക്കണം. ഏതു ലക്ഷ്യത്തിൻ്റെയും പിന്നിലെ ആത്യന്തിക ലക്ഷ്യം ദൈവനാമ മഹത്വമായിരിക്കട്ടെ. അങ്ങനെയെങ്കിൽ ജീവിതത്തിലും പഠനത്തിലും വിജയം സുനിശ്ചിതമാണ്.
വിജയകരമായ ഒരു പുതിയ അധ്യയന വർഷം ആശംസിക്കുന്നു… ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.