ഭാഗ്യവാന്മാരായ ഭോഷന്മാർ

പാസ്റ്റർ മാത്യൂസ് ഇട്ടി
“യേശുക്രിസ്തുവിനുവേണ്ടി സ്വയം വിഡ്ഢികളാകുവാൻ സമർപ്പിത മനോഭാവമുള്ളവരാണ് യഥാർത്ഥ വിഡ്ഢികൾ അഥവാ ഭോഷന്മാർ. സ്വയം വിഡ്ഢികളാകുവാൻ മനസ്സ് വെച്ചവരാണവർ”
ഏപ്രിൽ ഫൂളും യഥാർത്ഥ ഫൂളും
ഏപ്രിൽ 1 വിഡ്ഡിദിനമായി ആഘോഷിക്കുന്നതിന്റെ പിന്നിൽ കൗതുകകരമായ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു ചരിത്രം പരിശോധിച്ചാൽ രസകരമായ ആ സത്യം ഗ്രഹിക്കാൻ കഴിയും. 1752-ലെ കലണ്ടർ ആണ് ആ സത്യം അനാവരണം ചെയ്യുന്നത്. ആ വർഷത്തെ കലണ്ടറിൽ സെപ്റ്റംബർ മാസത്തിന് ആകെ 19 ദിവസം മാത്രമേയുള്ളൂ! ഒന്നാം തീയതി ചൊവ്വാഴ്ച കഴിഞ്ഞാൽ രണ്ടാം തീയതി ബുധനാഴ്ചയും പിന്നെ വ്യാഴാഴ്ച 14-ാം തീയതിയുമാണ്. ഇടയ്ക്കുള്ള 11 ദിവസങ്ങൾ കലണ്ടറിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു?! അതെങ്ങനെ സംഭവിച്ചു?
വളരെ രസകരമായ ഒരു കഥയാണ് അതിന്റെ പിന്നിൽ. ഈ മാസമാണ് കൃത്യമായി പറഞ്ഞാൽ 1752 സെപ്റ്റംബർ മാസമാണ് ഇംഗ്ലണ്ടിലെ കലണ്ടർ സംവിധാനത്തിന് പരിഷ്ക്കാരം വരുത്തിയത്. അതുവരെ ഇംഗ്ലണ്ട് അനുവർത്തിച്ചിരുന്നത് ‘റോമൻ ജൂലിയൻ’ കലണ്ടറായിരുന്നു. എന്നാൽ അന്നുമുതൽ അവർ ആ സമ്പ്രദായം മാറ്റി ‘ഗ്രിഗോറിയൻ കലണ്ടർ’ സ്വീകരിക്കുകയുണ്ടായി. ജൂലിയൻ വർഷമാകട്ടെ ഗ്രിഗോറിയൻ വർഷത്തെക്കാൾ 11 ദിവസം കൂടുതൽ ഉള്ള കലണ്ടർ സംവിധാനമായിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ടിലെ രാജാവ് ഒരു പ്രത്യേക ഉത്തരവിട്ടു. സെപ്റ്റംബർ മാസത്തിൽ നിന്നും 11 ദിവസം നീക്കിക്കളയുക എന്നതായിരുന്നു ആ ഉത്തരവ്. ആ ഉത്തരവ് പ്രതിമാസ ശമ്പളം പറ്റുന്ന ജോലിക്കാർക്ക് വലിയ ആഹ്ലാദത്തിനിടയാക്കി. ആ മാസം 11 ദിവസം കുറച്ച് ജോലി ചെയ്താൽ മതിയല്ലോ, 30 ദിവസത്തെ വേതനം ലഭിക്കുകയും ചെയ്യും. അന്ന് അനുവദിച്ചു കിട്ടിയ ഈ ഇളവാണ് ഇന്ന് പൊതുവെ ശമ്പളം പറ്റുന്നവർക്ക് ലഭിക്കുന്ന ‘ശമ്പളത്തോടു കൂടിയ അവധി’ (Paid leave).
റോമൻ ജൂലിയൻ കലണ്ടറിൽ ഏപ്രിൽ മാസമാണ് വർഷാരംഭ മാസം. എന്നാൽ ഗ്രിഗോറിയൻ കലണ്ടറിൽ ജനുവരി മാസമാണ് വർഷാരംഭം. ജൂലിയൻ കലണ്ടറിൽ നിന്നും ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായത്തിലേക്ക് ഇംഗ്ലണ്ട് മാറ്റം വരുത്തിയെങ്കിലും സാധാരണ ജനം അവരുടെ പഴയ സമ്പ്രദായമായ ഏപ്രിൽ ഒന്ന് വർഷാരംഭ ദിനമായി ആഘോഷിക്കുന്നത് മാറ്റുവാൻ തയ്യാറായില്ല. രാജാവിന്റെ ഉത്തര വൊക്കെ ഉണ്ടായിട്ടും അവർ അവരുടെ പഴയ സമ്പ്രദായം തുടർന്നുകൊണ്ടേയിരുന്നു. ഇതിൽ ക്ഷുഭിതനായ രാജാവ് മറ്റൊരു ഉത്തരവു കൂടി പുറപ്പെടുവിക്കുകയുണ്ടായി. ഏപ്രിൽ 1 പുതുവർഷ ദിനമായി ആഘോഷിക്കുന്നവരെ വിഡ്ഢികളായി (Fools) കണക്കാക്കും എന്നായിരുന്നു ആ ഉത്തരവ്. അന്നു തുടങ്ങിയതാണ് ഏപ്രിൽ 1 ‘ഏപ്രിൽ ഫൂൾ’ അഥവാ വിഡ്ഡികളുടെ ദിനം. അത് ഇംഗ്ലണ്ട് മാത്രമല്ല സാർവ്വലൗകികമായി ആഘോഷിക്കുന്ന ഒരു ദിനമായി മാറി. പ്രതിവർഷം ബഹുശതം കോടികൾ വിഡ്ഢികളാക്കപ്പെടുന്നു. പക്ഷേ, യഥാർത്ഥ വിഡ്ഢികൾ ആരാണെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു! രാജാവോ പ്രജകളോ!? മറ്റൊരു വിഭാഗം വിഡ്ഢികൾ അഥവാ യഥാർത്ഥ വിഡ്ഢികളെക്കുറിച്ച് വിശുദ്ധ ബൈബിളിൽ പരമാർശമുണ്ട്.
യഥാർത്ഥ ഫൂൾ : ക്രിസ്തുവിനുവേണ്ടി വിഡ്ഢികളാകുന്ന ആത്മ സമർപ്പണ മനോഭാവം
യഥാർത്ഥ വിഡ്ഡികൾ ഏപ്രിൽ 1-ന് മറ്റുള്ളവരെ വിഡ്ഡികളാക്കുന്നവരൊന്നുമല്ല. സ്വയം വിഡ്ഢികളാകുവാൻ മനസ്സ് വെച്ചവരാണ്. യേശുക്രിസ്തുവിനുവേണ്ടി സ്വയം വിഡ്ഢികളാകുവാൻ സമർപ്പിത മനോഭാവമുള്ളവരാണ് യഥാർത്ഥ വിഡ്ഢികൾ. അപ്പൊസ്തലനായ പൗലോസ് പറയുന്നു: ‘ഞങ്ങൾ ക്രിസ്തു നിമിത്തം ഭോഷന്മാർ’ (We are fools for Christ’s sake)-1കൊരി.4:10. അതിനുള്ള കാരണം എന്താണന്നല്ലേ? പൗലോസ് വിശദമാക്കുന്നു; ‘ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയുമാകുന്നു’ (1കൊരി.1:18). നശിച്ചു പോകുന്നവർക്ക് ഭോഷത്വമെന്ന് തോന്നുന്ന ദൈവ വചനത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞ രക്ഷിക്കപ്പെട്ടവർ ആ ശക്തിയുടെ സ്രോതസ്സായ ക്രിസ്തു നിമിത്തം ഭോഷന്മാരാകുന്നതിൽ അപമാനം അല്ല അഭിമാനം കണ്ടെത്തുന്നവരാണ്.
‘യെഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്ക് ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ, യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നെ. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു’ (1 കൊരി.1: 23-25). ലോകം ജ്ഞാനത്തിന്റെ അത്യുച്ചകോടിയിലെത്തിയാലും ആ ജ്ഞാനമെല്ലാം ദൈവം ഭോഷത്വമാക്കുക മാത്രമല്ല ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട് പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന് പ്രസാദം തോന്നി. അതുകൊണ്ട് ‘ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു’ (1കൊരി.1:23).
എത്ര ശ്രേഷ്ഠകരമായ, പ്രശംസാ വിഷയമായ അനുഭവമാണ് യേശുക്രിസ്തുവിന്റെ ക്രൂശ് സൗജന്യമായി നൽകിയത്. ‘ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായത് തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായത് തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ’. ‘നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’ (1കൊരി.1:27-30). ക്രിസ്തു നിമിത്തം വിഡ്ഢികളായി (ഭോഷന്മാരായി) തീർന്നവർ എത്ര ഭാഗ്യവാന്മാരാണ്!? ക്രിസ്തുവിനു വേണ്ടി ഭോഷന്മാരാകുവാനുള്ള സമർപ്പണവും മനോഭാവവും നമ്മിലും ഉണ്ടാകട്ടെ.