അനുസ്മരണം

അനുസ്മരണം

ഞാൻ ജ്യേഷ്ഠസഹോദരനു തുല്യമായി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത പ്രിയപ്പെട്ട ബാബുച്ചായൻ എനിക്ക് ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല; സ്നേഹവും കരുതലും പകർന്നുതന്ന ഒരു ജ്യേഷ്ഠസഹോദരനായിരുന്നു. ശുശ്രൂഷയുടെ വഴിയിൽ ഞങ്ങൾ ഒരേ ലക്ഷ്യത്തോടെ മുന്നോട്ടുപോയ സഹയാത്രികരായിരുന്നു. ആ യാത്രയിൽ ലഭിച്ച സ്നേഹവും പിന്തുണയും ധൈര്യവും എന്റെ ജീവിതത്തിലും ശുശ്രൂഷയിലും വിലപ്പെട്ട ഓർമ്മകളാണ്.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലംകൊണ്ട് നേതൃത്വനിരയിൽ എത്തുകയും മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് നിലമ്പൂർ സൗത്ത് സെൻ്റെർ മിനിസ്റ്റർ ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടർ മലബാർ മിഷ്യൻ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് അനേകം ദൈവദാസന്മാർക്കും ദൈവമക്കൾക്കും താങ്ങും തണലുമായി മാറിയ ശുശ്രൂഷ മലബാറുകാർക്ക് പെട്ടന്ന് മറക്കാൻ കഴിയുന്നതല്ല. മലബാർ മേഖലയിലും

മലബാർ കേരള സ്റ്റേറ്റിലും ഞങ്ങൾക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ദൈവം അവസരം നല്കി. ആ കാലഘട്ടത്തിലെ അനുഭവങ്ങളും ഓർമ്മകളും എന്റെ ഹൃദയത്തിൽ ഇന്നും മായാതെ നിൽക്കുന്നു.

കൊടുങ്കാറ്റുകളും പെരുമഴകളും ഒന്നിനുപുറകെ ഒന്നായി വന്നപ്പോൾ, തളർന്നുപോകാതെ പ്രതിസന്ധികളുടെയും വിമർശനങ്ങളു ടെയും എതിർപ്പുകളുടെയും വേദനകൾ പലപ്പോഴും ഉള്ളിലൊതുക്കി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഞങ്ങൾക്ക് ധൈര്യം പകർന്ന്, ചേർത്തു പിടിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല.

മലബാർ അദ്ദേഹത്തിൻ്റെ ഒരു പ്രവർത്തനമേഖല മാത്രമായിരുന്നില്ല; പിതാവ് പാസ്റ്റർ വിജെ ജോർജിൻ്റെയും മാതാവ് ഏലിയാമ്മ ജോർജിൻ്റെയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെ പിൻതുടർച്ചയായി അദ്ദേഹം ഹൃദയത്തിൽ ഏറ്റെടുത്ത ദൈവിക ദൗത്യമായിരുന്നു. സ്വന്തം കുടുംബത്തിന്റെ സൗകര്യങ്ങളും സന്തോഷങ്ങളും പലപ്പോഴും മാറ്റിവെച്ച് മലബാറിന്റെ ആത്മീയ വളർച്ചയ്ക്കും സഭയുടെ മുന്നേറ്റത്തിനുമായി അദ്ദേഹം അധ്വാനിച്ചു. അദ്ദേഹത്തിൻ്റെ ആത്മാർത്ഥതയും ത്യാഗവും സമർപ്പണവും നമുക്ക് മാതൃകയാണ്.

മലബാറിലെ ശുശ്രൂഷയിൽ ഭാര്യ സാറാമ്മ ജോർജ് വഹിച്ച പങ്ക് ചെറുതല്ല. അദ്ദേഹത്തിൻ്റെ ശുശ്രൂഷയ്ക്കു പിന്നിൽ ദിനമ്മാമ്മയുടെ (സാറാമ്മ ജോർജ്) പ്രാർത്ഥനയും സഹനവും പിന്തുണയും വലിയ ശക്തിയായിരുന്നു. സഹോദരൻ പാസ്റ്റർ ജേക്കബ് ജോർജ് കൂടുംബം സഹോദരിമാരുടെ കൂടുംബങ്ങളും അദ്ദേഹത്തിൻ്റെ മലബാറിലെ ശുശ്രൂഷക്ക് നല്കിയ പ്രോൽസാഹനം പറയാതിരിക്കാൻ കഴിയില്ല. മലബാറിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൻ്റെ കുടുംബം വഹിച്ച ഭാരങ്ങൾ പലർക്കും അറിയില്ലായിരിക്കാം; എന്നാൽ കർത്താവ് എല്ലാം അറിയുന്നു.

പ്രിയപ്പെട്ട ബാബുച്ചായൻ്റെ വേർപാട് എനിക്ക് ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല; സ്നേഹത്തോടെ ചേർത്തുപിടിച്ച ഒരു ജ്യേഷ്ഠസഹോദരന്റെ നഷ്ടമാണ് .

മലബാറിൽ പൂർത്തിയാക്കാൻ ആഗ്രഹിച്ച പല കാര്യങ്ങളും ബാക്കിവെച്ചാണ് യാത്രയായത്. എങ്കിലും അദ്ദേഹം പകർന്നുതന്ന വിശ്വാസവും സ്നേഹവും ത്യാഗവും ഞങ്ങൾക്ക് മുന്നോട്ടുപോകാനുള്ള പ്രചോദനമായി നിലനിൽക്കും.

അദ്ദേഹത്തിൻ്റെ വേർപാടിൽ ദുഃഖമുണ്ടെങ്കിലും, കർത്താവിൽ വീണ്ടും കണ്ടുമുട്ടുമെന്ന പ്രത്യാശയോടെ ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്, അദ്ദേഹം അത്രമേൽ സ്നേഹിച്ച മലബാറിന്റെ പ്രവർത്തനത്തിൽ ഞങ്ങൾ മുന്നോട്ടുപോകും……

കർത്താവിന്റെ സന്നിധിയിൽ വീണ്ടും കണ്ടുമുട്ടുന്ന ആ മഹത്തായ പ്രത്യാശയോടെ, പ്രിയപ്പെട്ട ബാബുച്ചായന് സ്നേഹാദരവുകളോടെ വിട ചൊല്ലുന്നു.

ക്രിസ്തുവിൽ ഇളയ സഹോദര തുല്യൻ, പാസ്റ്റർ ബിജോയ് കുര്യാക്കോസ്