അമേരിക്കയുടെ പുതിയ ഭരണാധികാരികൾക്കായി പ്രാർത്ഥിക്കുക: റവ. ഫ്രാങ്ക്ലിൻ ഗ്രഹാം

വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഇരു പാർട്ടികളിലെയും നേതൃത്വത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലൂടെ ജനഹൃദയങ്ങളെ ഒന്നിപ്പിക്കാൻ ക്രൈസ്തവ സമൂഹത്തെ ആഹ്വാനം ചെയ്ത് പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സി.ഇ.ഒ.യുമായ ഫ്രാങ്ക്ലിൻ ഗ്രഹാം. ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടത് ഉൾക്കൊള്ളാൻ കഴിയാതെ ജനുവരി 6 ന് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാ വലയം ഭേദിച്ച് അകത്തു കടന്ന് അക്രമാസക്തരായ സംഭവം ആ രാജ്യത്തെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുന്നതായിപ്പോയി എന്ന നിലയിൽ പൊതു ചർച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാങ്ക്ലിൻ ഗ്രഹാം നിയുക്ത ഭരണാധികാരികൾക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ബൈഡന്റെ ഇലക്ടറൽ കോളേജ് വിജയം അംഗീകരിക്കുന്നതിന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കോൺഗ്രസ് അംഗങ്ങളും സമ്മേളിക്കുന്നതിനിടെ ജനുവരി 6-ന് ബുധനാഴ്ച ഉച്ചയ്ക്ക് യുഎസ് കാപ്പിറ്റോളിൽ നൂറുകണക്കിന് ഡോണൾഡ് ട്രംപ് അനുകൂലികൾ കലാപകാരികളാകുകയായിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനുമായി ക്രൈസ്തവർ പ്രാർത്ഥനയിൽ ഒന്നിക്കേണ്ട സമയമാണിതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പിന്തുണക്കാരനായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ട്വിറ്റർ സന്ദേശം. ആഭ്യന്തരയുദ്ധത്തിനുശേഷം രാജ്യത്ത് ഭിന്നത വളരെ വലുതാണ്.
എല്ലാവരും വിരൽ ചൂണ്ടുന്നത് അവസാനിപ്പിച്ച് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഇരു പാർട്ടികളും വഹിക്കുമെന്ന് മനസ്സിലാക്കാൻ പ്രാർത്ഥിക്കുക, അദ്ദേഹം തുടർന്നു. “അവർ ഒത്തുചേർന്ന് അമേരിക്കൻ ജനതയുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കുക.”
നമ്മുടെ രാജ്യം കുഴപ്പത്തിലാണ്, നമുക്ക് ദൈവത്തിന്റെ രോഗശാന്തി ആവശ്യമാണ്, നമുക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണ്. സമാധാനത്തിനും നമ്മുടെ രാജ്യത്തിന്റെ സംരക്ഷണത്തിനുമായി നമുക്ക് ഒത്തുചേർന്ന് മുട്ടിന്മേലിരുന്ന് പ്രാർത്ഥിക്കാം.