എഫ്സിആർഎ ഭേദഗതി
വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണ്. ഈ രീതിയിൽ മുന്നോട്ട് പോയാൽ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ആശങ്കയുണ്ടാക്കും : റൈലി മൂർ
വാഷിങ്ടൺ : ഇന്ത്യയുടെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണെന്ന് യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റൈലി മൂർ. വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള അംഗമാണ് റൈലി മൂർ.
നിയമ നിർമ്മാണവുമായി മുന്നോട്ട് പോകരുതെന്നും സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ക്രിസ്തു മതത്തിന്റെ ദീർഘകാല ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ് റൈലിയുടെ കുറിപ്പ്. സെന്റ് തോമസ് അപ്പോസ്തലന്റെ വരവ് മുതൽ ഇന്ത്യയിൽ ക്രിസ്തുമതത്തിന് ഒരു നീണ്ട ചരിത്രമുണ്ടെന്നും ഇത്രയും നീണ്ട ചരിത്രം ഉണ്ടായിരുന്നിട്ടും, ക്രിസ്തീയ ആരാധനാലയങ്ങളുടെയും മതപരമായ സംഘടനകളുടെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും മേലുള്ള നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനുള്ള നീക്കമാണ് വിദേശ സംഭാവന നിയന്ത്രണ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിൻ്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത് ക്രിസ്ത്യാനികൾക്കെതിരായ വ്യക്തമായ ആക്രമണമാണ്. ഈ രീതിയിൽ മുന്നോട്ട് പോയാൽ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ആശങ്കയുണ്ടാക്കും-അദ്ദേഹം കൂട്ടിച്ചേർത്തു.

