ഡോ. ഏഴംകുളം സാംകുട്ടി
ലൂസിയാന: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും നോവലിസ്റ്റും സഭാ പ്രവർത്തകനുമായ ഡോ. ഏഴംകുളം സാംകുട്ടി (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലമായി രോഗാതുരനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. അമേരിക്കയിൽ ലൂസിയാനയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പ്രശസ്തനായ എഴുത്തുകാരനും കോളജ് പ്രൊഫസറുമായിരുന്നു.

പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത് 1949-ലാണ് ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അർക്കെൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1978-ൽ ലൂസിയാന സർവ്വകലാശാലയിൽ നിന്ന് ബ്രിട്ടീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. ശാസ്ത്രയുഗത്തിൽ ബൈബിൾ വിശ്വസനീയമോ? ഒടുവിലത്തെ ശത്രു, എ.ഡി 2000, പാളം തെറ്റിയ തീവണ്ടി തുടങ്ങിയ ഇടുറ്റ ഗ്രസ്ഥങ്ങൾ രചിച്ചു.
‘പാളം തെറ്റിയ തീവണ്ടി’ എന്ന ചരിത്ര നോവലിലൂടെ മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ അനുഗ്രഹീത സാഹിത്യകാരനും , പ്രഭാഷകനും ആയിരുന്നു. ലൂസിയാന സതേൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : പ്രഫ. പുഷ്പ സാംകുട്ടി. മക്കൾ: രഞ്ജിത്ത്, ബിന്ദു.


റവ.ജോർജ് മാത്യു പുതുപ്പള്ളി
(Writer, Journalist, Preacher)
‘പാളം തെറ്റിയ തീവണ്ടി’യിലൂടെ വിശ്വാസസമൂഹത്തിന്റെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ക്രൈസ്തവ സാഹിത്യപ്രതിഭ ഡോ. ഏഴംകുളം സാംകുട്ടിച്ചായൻ സ്വർഗഗേഹം പൂകി…
ചിക്കാഗോയിൽ നിന്നും എന്റെ പ്രിയസുഹൃത്ത് ബ്രദർ ജോൺസൺ ഉമ്മനാണ് (Son – in – law of Pr. Thomas P Mammen) എന്നെ ഫോണിൽ വിളിച്ച് ഡോ. ഏഴംകുളം സാകുട്ടിച്ചായന്റെ മരണവാർത്ത അറിയിച്ചത്. കേട്ടപ്പോൾ അത്യന്തം ദുഃഖകരമായി തോന്നി.
2018 ലാണ് ഞാനും സാലിയും പാസ്റ്റർ ഡോ. ജോൺസൺ ഡാനിയേലിനും ലിസി സിസ്റ്റർക്കുമൊപ്പം അമേരിക്കയിൽ ഡോ. ഏഴംകുളം സാംകുട്ടിച്ചായന്റെയും പുഷ്പമ്മാമ്മയുടെയും ഭവനം സന്ദർശിക്കുന്നത്. ദീർഘവർഷങ്ങളായി അദ്ദേഹം ലൂസിയാനയിലെ തന്റെ ഭവനത്തിലേക്കു ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു.
സാലിയുടെ ‘അമ്മവീട്ടുകാരുടെ’ ഏറ്റവും അടുത്ത കുടുംബസുഹൃത്തായിരുന്നു ഡോ. സാംകുട്ടിച്ചായനും കുടുംബവും. എന്റെ സഹധർമിണിക്ക് ‘സാലി’ എന്ന് പേരിട്ടതും ഡോ. ഏഴംകുളം സാംകുട്ടിച്ചായനാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരിയുടെ പേരും സാലി എന്നാണ്. അതിനെപ്പറ്റി ഒരു ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ അദ്ദേഹം എഴുതുകയുമുണ്ടായി.
ഞാൻ കോളജിൽ പഠിക്കുന്ന സമയത്തു തന്നെ ഡോ. ഏഴംകുളം സാകുട്ടിയുടെ സാഹിത്യരചനകൾ മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ വായിച്ചിരുന്നു. ആ സമയത്ത് ഞാനും മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ ലേഖനങ്ങൾ തുടർച്ചയായി എഴുതിയിരുന്നതിനാൽ അദ്ദേഹത്തിന് എന്നെയും അറിയാമായിരുന്നു. എന്നാൽ അന്ന് ഞങ്ങൾ തമ്മിൽ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും അന്ന് പ്രശസ്തമായിരുന്നു. യുക്തിവാദികളുടെ ആശയങ്ങളെ ഖണ്ഡിക്കുവാനും യേശുക്രിസ്തുവിന്റെ ദൈവത്വം സ്ഥിരീകരിക്കുവാനുമാണ് ആ നാളുകളിൽ കൂടുതലായും സാംകുട്ടിച്ചായൻ തന്റെ തൂലിക ചലിപ്പിച്ചു കൊണ്ടിരുന്നത്.
മലയാള മനോരമയുടെ ഇപ്പോഴത്തെ എഡിറ്റോറിയൽ ഡയറക്ടറും എനിക്കു ഗുരുതുല്യനുമായ ശ്രീ ജോസ് പനച്ചിപ്പുറം സാർ (പനച്ചി) എന്നോട് സംസാരിക്കുന്ന സമയങ്ങളിൽ ഡോ. ഏഴംകുളം സാകുട്ടിയുടെ മികച്ച സാഹിത്യ പ്രതിഭയെക്കുറിച്ച് സൂചിപ്പിക്കുമായിരുന്നു. അന്ന് വൈദികനായിരുന്ന എനിക്കും പെന്തെക്കൊസ്ത് വിശ്വസിയായിരുന്ന അദ്ദേഹത്തോട് ഉള്ളിൽ ഏറെ ബഹുമാനം ഉണ്ടാകുവാൻ പനച്ചിപ്പുറം സാറിന്റെ പ്രശംസാവാക്കുകൾ കാരണമായി. പിന്നീട് ഞാനും കുടുംബമായി വിശ്വാസമാർഗത്തിൽ വന്നതോടെ പരിചയം കൂടുതൽ ദൃഢമായി. 1995 ൽ ‘പെന്തെക്കൊസ്തൽ പ്രസ് അസോസിയേഷൻ ഓഫ് ഇന്ത്യ’യുടെ (PPAI) അവാർഡ് അദ്ദേഹത്തിനും എനിക്കും കിട്ടിയപ്പോൾ ഞങ്ങളുടെ സൗഹൃദം പിന്നെയും വിശാലമാകുവാൻ അതു നിമിത്തമായി.
‘പാളം തെറ്റിയ തീവണ്ടി’ എന്ന അദ്ദേഹത്തിന്റെ നോവലാണ് ക്രൈസ്തവ സാഹിത്യരംഗത്ത് അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കിയത് എന്നു എനിക്കു തോന്നുന്നു. ഇന്നും അദ്ദേഹത്തെക്കുറിച്ച് ആരു സംസാരിക്കുമ്പോഴും മറക്കാതെ പറയുന്ന ഒരു കാര്യം ‘പാളം തെറ്റിയ തീവണ്ടി’യെക്കുറിച്ചു തന്നെയാണ്. ആ ക്രിസ്തീയ നോവൽ എല്ലാ കുടുംബങ്ങളിലുമെത്തിക്കുവാൻ അദ്ദേഹം കഠിനശ്രമം നടത്തിയതു കൊണ്ടു കൂടിയാവാം ‘പാളം തെറ്റിയ തീവണ്ടി’ എന്ന നോവൽ മിക്കവാറും എല്ലാ ക്രൈസ്തവർക്കും ചിരപരിചിതമായ ഒരു നോവലായി മാറിയത്. ആ നോവലിന്റെ സൂര്യപ്രഭയിൽ അദ്ദേഹത്തിന്റെ മറ്റു സാഹിത്യകൃതികളുടെ ശോഭ അൽപം മങ്ങിപ്പോയോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അത്ര വലിയ സ്വാധീനമാണ് ‘പാളം തെറ്റിയ തീവണ്ടി’ ക്രൈസ്തവമനസുകളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഒന്നിലേറെ തവണ വായിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നതും എന്നെ ഏറെ സ്വാധീനിച്ചതും ഇന്നും പ്രസക്തി നഷ്ടപ്പെടാത്തതുമായ പെന്തെക്കൊസ്ത് ക്രിസ്തീയ നോവലും അതു തന്നെയാണ് (ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്).
ആദ്യ കാലങ്ങളിൽ പെന്തെക്കൊസ്ത് വിശ്വാസത്തിന്റെ സംരക്ഷകനായും കാവലാളായും പ്രവർത്തിച്ചിരുന്ന ഒരു പ്രഗത്ഭനായ ഇംഗ്ളീഷ് പ്രഫസറെയാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണത്തിലും പ്രവർത്തനങ്ങളിലും എനിക്കു ദർശിക്കുവാൻ സാധിച്ചത്. എത്രയോ അർത്ഥസമ്പുഷ്ടമായ ക്രിസ്തീയഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു ക്രിസ്തീയ ഗാനമേഖലയ്ക്കു ലഭിച്ചിരിക്കുന്നത്. തന്റെ സമ്പത്തിലും ശമ്പളത്തിലും നല്ല പങ്കും ക്രിസ്തീയ സാഹിത്യ ഗ്രന്ഥങ്ങൾ അച്ചടിച്ച് സൗജന്യമായി ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുവാനും ഇടക്കിടെ നാട്ടിലെത്തി ക്രിസ്തീയ പ്രഭാഷണങ്ങൾ നടത്തുവാനുമാണ് അദ്ദേഹം ഏറെ ശ്രമിച്ചത്. തന്റെ ഭവനത്തിൽ ക്രമീകരിച്ചിരിക്കുന്ന വിശാലമായ ലൈബ്രറിയും ആയിരക്കണക്കിനു സാഹിത്യരചനകളും അതിന്റെ ഉത്തമോദാഹരണമാണ്. അക്കാലങ്ങളിൽ യുവാക്കളെ പെന്തെക്കൊസ്ത് വിശ്വാസത്തിലേക്ക് ആകർഷിക്കുവാനും നിലനിർത്തുവാനും അദ്ദേഹം ഏറെ അദ്ധ്വാനിച്ചിരുന്നു. ചരിത്രം സുവർണ്ണലിപികളിൽ അടയാളപ്പെടുത്തേണ്ടിയിരുന്ന ആ പ്രയത്നം വിജയകരമായി പൂർത്തീകരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചോ എന്ന കാര്യത്തെക്കുറിച്ചു എനിക്കു നിശ്ചയമില്ല. പിന്നീട് അക്കാര്യത്തിൽ അദ്ദേഹത്തിന്റെ കാര്യമായ സംഭാവനകൾ ഉണ്ടായിക്കണ്ടില്ല. കാരണം എനിക്കറിയില്ല. വളരെ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. എന്നാൽ അക്കാര്യത്തിൽ അദ്ദേഹം വിജയം കണ്ടെത്തിയോ എന്ന് എനിക്ക് അറിയില്ല. വിധിക്കാനോ വിലയിരുത്തുവാനോ ഞാൻ ആളല്ല.
ഞാൻ പാസ്റ്റർ (ഡോ) ജോൺസൺ ഡാനിയേലിനൊപ്പം ഒടുവിൽ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹം ശരീരത്തിൽ അല്പം ക്ഷീണിതനായിരുന്നു. എങ്കിലും വളരെ സ്നേഹത്തോടും ആദരവോടും കൂടിയാണ് ഞങ്ങളോട് പെരുമാറിയത്. അക്കാദമിക് രംഗത്തും ഡോ. ഏഴംകുളം സംകുട്ടിയുടെ സംഭാവനകൾ വളരെയേറെയായിരുന്നുവെന്ന് അമേരിക്കയിൽനിന്നു തന്നെ എനിക്കു നേരിട്ടറിയുവാൻ കഴിഞ്ഞിരുന്നു.
അദ്ദേഹം മികച്ച അദ്ധ്യാപകനും ഇംഗ്ളീഷിലും മലയാളത്തിലും എഴുതുവാനും പ്രസംഗിക്കുവാനും പ്രാവീണ്യം നേടിയ വ്യക്തിയുമായിരുന്നു. പെന്തെക്കൊസ്ത് വിശ്വാസത്തിനും സാഹിത്യത്തിനും അദ്ദേഹം ചെയ്ത സംഭാവനകൾ കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും ഭൂഷണമല്ല. അദ്ദേഹത്തിൽ നിന്നും മലയാള പെന്തെക്കൊസ്ത് ലോകത്തിനു ഇതിലും കൂടുതൽ സംഭാവനകൾ ലഭിക്കേണ്ടതായിരുന്നു. അതു ലഭിക്കാതെ പോയോ എന്നൊരു ചെറിയ സന്ദേഹം എനിക്കുമുണ്ട്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ട പുഷ്പമ്മാമ്മയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാധാനപ്രഭുവായ യേശുകർത്താവ് ആശ്വസിപ്പിക്കട്ടെ. (വാട്സ്ആപ്പ് : 98474 81080)

