പാസ്റ്റർ അറസ്റ്റിൽ

പാസ്റ്റർ അറസ്റ്റിൽ

സിക്കന്ദർപൂർ/യു.പി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിൽ മലയാളി പാസ്റ്റര്‍ അറസ്റ്റിലായി. ബല്ലിയ ജില്ലയിലെ സിക്കന്തര്‍പൂരിൽ പാസ്റ്റര്‍ ജോസ് തോമസ് ആണ് ഇന്നലെ അറസ്റ്റിലായത്. ഇരുപതില്‍പ്പരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗിക്കുന്നതിനിടെയാണ് ജോസിനെ അറസ്റ്റ് ചെയ്തത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്.

മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്‍റെ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. പാസ്റ്റർ താമസിച്ചിരുന്ന മുറിയിൽ നിന്ന് മൈക്രോഫോണുകൾ, 124 പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

കുറച്ചുദിവസം മുമ്പാണ് പാസ്റ്റര്‍ സിക്കന്തര്‍പൂരിലെത്തിയതെന്നാണ് പറയുന്നത്. ബീഹാറിലെ പട്നയില്‍ താമസിക്കുന്ന ജോസ് തോമസ് മതപരിവര്‍ത്തനത്തിനായാണ് ബല്ലിയയിലെത്തിയതെന്നാണ് ആരോപണം. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.