കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ 28 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷ നിർവഹിക്കും. സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി അനുവദിനീയമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് ഇക്കൊല്ലത്തെ കൺവൻഷൻ. വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗങ്ങളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ദൈവജനത്തിന് കൂട്ടമായി വരാൻ കഴിയാത്തതിനാൽ കൺവൻഷൻ ദിവസങ്ങളിൽ അതാതു സഭാ ഹാളുകളിൽ ഒത്തുകൂടി വിവിധ മാധ്യമങ്ങളുടെ ലൈവ് സ്ട്രീമിംഗിലൂടെ യോഗങ്ങളിൽ പങ്കെടുക്കാൻ സഭകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു പുറത്തു നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്നതല്ല. സണ്ടേസ്കൂൾ, യൂത്ത്-ലേഡീസ് ഫെലോഷിപ്പുകൾ എന്നിവയുടെ വാർഷിക സമ്മേളനങ്ങളും നടക്കും. ഭക്ഷണം, സ്നാനം, തിരുവത്താഴ ശുശ്രൂഷ എന്നിവ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. സഭയുടെ ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം. രാജുക്കുട്ടി ചെയർമാനും പാസ്റ്റർ ജെയിംസ് വി. ഫിലിപ് ജനറൽ കൺവീനറുമായുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. പാസ്റ്റർമാരായ ജി. ഗബ്രിയേൽ, വി.ജെ. സാംകുട്ടി (പ്രെയർ), സി.പി.ഐസക് (ഹോസ്റ്റ്), സിസ്റ്റർ സൂസൻ രാജുക്കുട്ടി (ഫിനാൻസ്), ജെയിംസ് വി. ഫിലിപ്, എം.എസ്. വിത്സൻ (പ്രോഗ്രാം), എൻ.ജെ.ജോസഫ് (ലൈറ്റ് & സൗണ്ട്), സി.പി.ഐസക്ക് (പബ്ലിസിറ്റി), വി.കെ.ബിജു, കെ.ജി.പ്രസാദ് (ഇലക്ട്രിസിറ്റി), എൻ.ജെ.ജോസഫ്. കെ.ജെ.ജോസഫ്, പി.ഡി. മർക്കൊസ്, ജോസഫ് സൈമൺ (വോളന്റിയേഴ്സ് & സാനിട്ടേഷൻ), കുഞ്ഞുമോൾ തോമസ്, തങ്കമ്മ ജോസഫ് (വോളന്റിയേഴ്സ്-സ്ത്രീ വിഭാഗം) എന്നിവരാണ് മറ്റ് കൺവീനർമാർ. റവ. ഒ.എം.രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷനൽ പ്രസ്ബിറ്ററിയും ജനറൽ കൗൺസിലും ക്രമീകരണങ്ങൾ വിലയിരുത്തി. കൺവൻഷന്റെ അനുഗ്രഹത്തിനു വേണ്ടി പാസ്റ്റർമാരായ രാജിമോൻ സി.കെ., വി.ജെ. സാംകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജനുവരിയിലും ഫെബ്രുവരിയിലും സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥന നടക്കും.