പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ

പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ. യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകനായ പാസ്റ്റർ ചോയ്ക്കു 86 വയസ്സ് ആയിരുന്നു. സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 7:13 ന് ചോ അന്തരിച്ചതായി സഭ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്റ്റർ ചോയ്ക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഈ വർഷം തന്നെയാണ് ചോയുടെ ഭാര്യ ഡോ. സങ് ഹേ മരണമടഞ്ഞത്. 1936 ഫെബ്രുവരി 14 ന് ഉൽജു-ഗണിൽ (ഉൽസാൻ മെട്രോപൊളിറ്റൻ സിറ്റി) ജനിച്ച ചോ യൗവ്വനാരംഭത്തിൽ ക്ഷയ രോഗം ബാധിക്കപ്പെട്ട് മരണാസന്നനായി കിടക്കുമ്പോൾ ചോയോട് ഒരു പെൺകുട്ടി സുവിശേഷം പങ്കു വച്ചതും പ്രവർത്തിച്ചതും വഴിത്തിരിവായി. 1958 അമ്മായിയമ്മയുടെ സഹായത്തോടെ സിയോളിലെ യൂൻപിയോംഗ്-ഗുയിലെ ഡീജോ-ഡോംഗിൽ സൈനികർ ഉപേക്ഷിച്ച പഴയ ടെന്റിൽ ഒരു കൂട്ടായ്മ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ലോക്കൽ സഭയുടെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിൻ്റെ തുടക്കമായിരുന്നു ഇത്. കൊറിയൻ സഭയുടെ പുനരുജ്ജീവനത്തിനും ആഗോള സഭയുടെ വളർച്ചയ്ക്കും നേതൃത്വം നൽകി പ്രൊട്ടസ്റ്റന്റ് ദൗത്യങ്ങളുടെ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിട്ടാണ് പാസ്റ്റർ യോങ്ങീ ചോ അറിയപ്പെടുന്നത്. 1970 കളിലും 1980 കളിലും യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് വളർന്നുകൊണ്ടിരുന്നു. 700,000 ത്തിലധികം അംഗങ്ങളുള്ള ‘ലോകത്തിലെ ഏറ്റവും വലിയ പള്ളി’ ആയി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലും ഇത് ഇടംപിടിച്ചിട്ടുണ്ട്.18-ന് രാവിലെ 8 മണിക്ക് യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിന്റെ ഗ്രാൻഡ് സാങ്ച്വറിയിൽ സംസ്കാര ശുശ്രൂഷ നടക്കും. കൊറിയൻ ഫെഡറേഷൻ ഓഫ് ചർച്ചുകളുടെ പ്രസിഡന്റുമാരായ ജാങ് ജോംഗ്-ഹിയോൺ, ലീ ചിയോൾ, സോ കാങ്-സിയോക്ക് എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ജൻഗ്വാൻ കിം (ഫാർ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ചെയർമാൻ)അനുസ്മരണ പ്രഭാഷണം നടത്തും. സംസ്കാര ചടങ്ങ് രാവിലെ 10 മണിക്ക് ഒസാൻ-റിയിലെ ചോയ്ജാസിൽ ഇന്റർനാഷണൽ പ്രാർത്ഥനാ മലയിലെ സെമിത്തേരിയിൽ നടക്കും. പാസ്റ്റർ യോംഗീ ചോ 1999ൽ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കോട്ടയത്തുനടന്ന ദേശീയ പെന്തെക്കോസ്തു സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുത്തു.