വീടിനു നേരെ ആക്രമണം
പത്തനംതിട്ട/പന്തളം : പ്രാർത്ഥന നടക്കുന്ന പെന്തകോസ്ത് ഭവനത്തിനു നേരെ ആക്രമണം. പ്രാർത്ഥന നടക്കുമ്പോൾ സുവിശേഷ വിരോധികളായ ചിലർ രാത്രിയുടെ മറവിൽ വീടിന് നേരെ ശക്തമായി കല്ലെറിയുകയായിരുന്നു. പ്രാർത്ഥനക്ക് എത്തിയ ഒരു സഹോദരന്റെ കഴുത്തിനു താഴെയും കാലിലും പരിക്കേറ്റു. അടൂർ ഡി.വൈ.എസ്.പി വിനോദ് കെ. പി അടക്കമുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി അയൽവാസിയായ ഒരാളെ അറസ്റ്റ് ചെയ്തു.
നവംബർ 6 വ്യാഴാഴ്ച രാത്രി പന്തളം കടയ്ക്കാട് വടക്ക് തകഴിയിൽ ജംഗ്ഷന് സമീപം ഷൈനി ഭവനിൽ ഷൈനി തങ്കച്ചന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. പ്രാർത്ഥനയ്ക്കായി ഏകദേശം 16 പേർ വീട്ടിൽ എത്തിയിരുന്നു. ശക്തമായ കാറ്റിലും മഴയിലും ഈ പ്രദേശത്തെ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയത് മുതൽ കല്ലേറ് ശക്തമായിരുന്നു. അയൽവാസികളിൽ ചിലർ നിരന്തരം ശല്യക്കാരാണെന്ന് ഷൈനി തങ്കച്ചൻ പോലീസിനോട് പറഞ്ഞു. വീടിന് കാര്യമായി കേടുപാടുകൾ സംഭവിക്കുകയും കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

